‘മൈക്രോഗ്രീൻസ് ചമ്മന്തി, കാരറ്റ് പായസം, റാഗി ബോൾസ്’; സ്കൂൾ ഉച്ചഭക്ഷണത്തിലെ മാറ്റങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണം ഏകീകരിച്ച് കേരള സർക്കാർ. ഇലക്കറിയിൽ പയർ, പരിപ്പ് വർഗങ്ങൾ ചേർത്ത് പാകം ചെയ്യണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ട് വെജിറ്റബിൾ ഫ്രൈഡ് റൈസ്, വെജിറ്റബിൾ ബിരിയാണി എന്നിവ ഒരുക്കണം.
ഇതിനൊപ്പം കൂട്ടുകറി, കുറുമ പോലുള്ള വെജിറ്റബിൾ കറികൾ നൽകണം. പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോഗ്രീൻസ് ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തണം.
പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണിച്ചിട്ടുണ്ട്. ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാം.
ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് കുട്ടികൾക്ക് റാഗി ഉപയോഗിച്ച് റാഗി ബാൾസ്, ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ വിളയിച്ചത്, പാൽ ഉപയോഗിച്ച് കാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരാണ് മെനു പരിഷ്കരണം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്കൂളുകളിൽ കുട്ടികൾ ഇനി ഒരു പോലത്തെ ഭക്ഷണം കഴിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.