Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightബീഫ് വില കുറക്കാൻ...

ബീഫ് വില കുറക്കാൻ ട്രംപിന്റെ ഇടപെടൽ; ഇറക്കുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യു.എസ്

text_fields
bookmark_border
ബീഫ് വില കുറക്കാൻ ട്രംപിന്റെ ഇടപെടൽ; ഇറക്കുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യു.എസ്
cancel

വാഷിങ്ടൺ: അമേരിക്കയിൽ കുതിച്ചുയരുന്ന ബീഫ് വില നിയന്ത്രിക്കുന്നതിനായി ഇറക്കുമതി തീരുവയിൽ താൽക്കാലിക ഇളവ് നൽകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

പുതിയ പദ്ധതിയുടെ ഭാഗമായി 3 ലക്ഷം മെട്രിക് ടൺ ബീഫ് കുറഞ്ഞ ഇറക്കുമതി തീരുവയിൽ അമേരിക്കൻ വിപണിയിലെത്തിക്കാൻ അനുമതി നൽകും. 90 ദിവസത്തേക്കായിരിക്കും ഇളവ്. നിലവിലെ വിപണി വിലയേക്കാൾ 25 ശതമാനം കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്ന ബീഫ് വിൽക്കുന്നതിനും ധാരണയായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

എന്നാൽ ഇറക്കുമതി ചെയ്യുന്ന ബീഫ് ഏത് രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും കുറഞ്ഞ വിലയിൽ കയറ്റുമതി ചെയ്യാൻ തയാറാകുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. അതേമസയം ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കൻ കന്നുകാലി കർഷകരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇറക്കുമതി വർധിപ്പിക്കുന്നത് രാജ്യത്തെ കന്നുകാലി വളർത്തൽ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് നാഷണൽ കാറ്റിൽമെൻസ് ബീഫ് അസോസിയേഷൻ വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനം ബീഫ് വിലയിൽ കാര്യമായ കുറവുണ്ടാക്കുമോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധരും വ്യാപാരികളും സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. 90 ദിവസത്തിനിടെ 3 ലക്ഷം ടൺ ബീഫ് ഇറക്കുമതി ചെയ്യുന്നത് അമേരിക്കയിലെ മൊത്തം ബീഫ് ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ അളവാണെന്നാണ് വിലയിരുത്തൽ.

അമേരിക്കയിലെ കന്നുകാലികളുടെ എണ്ണം 75 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വർഷങ്ങളായി തുടരുന്ന വരൾച്ച, തീറ്റച്ചെലവിലെ വർധന, മേച്ചിൽപ്പുറങ്ങളുടെ കുറവ് എന്നിവയെ തുടർന്ന് കർഷകർ കന്നുകാലികളുടെ എണ്ണം കുറച്ചതാണ് പ്രധാന കാരണം. മെക്സിക്കോയിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചതും വിതരണത്തെ കൂടുതൽ ബാധിച്ചിട്ടുണ്ട്.

Show Full Article
TAGS:Donald Trump beef importing foods US Foods 
News Summary - Trumps intervention to reduce beef prices
Next Story