പ്രമേഹവും ഹൃദയാരോഗ്യവും; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
text_fieldsഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ വേണ്ടത്ര ഉത്പാദിപ്പിക്കാതിരിക്കുകയോ, അല്ലെങ്കിൽ ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണിത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. പ്രമേഹം പ്രധാനമായും രണ്ട് തരത്തിലുണ്ട്.
ടൈപ്പ് 1 പ്രമേഹം: പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇത് കണ്ടുവരുന്നത്. ഈ അവസ്ഥയിൽ ഇൻസുലിൻ കുത്തിവെപ്പുകൾ ജീവിതാവസാനം വരെ ആവശ്യമായി വരും.
ടൈപ്പ് 2 പ്രമേഹം: ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. പതുക്കെ പതുക്കെ ഇൻസുലിൻ ഉത്പാദനം കുറയുകയും ചെയ്യും. ഇത് സാധാരണയായി മുതിർന്നവരിലാണ് കാണുന്നത്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതവണ്ണം, ജനിതകപരമായ കാരണങ്ങൾ എന്നിവ ഈ രോഗത്തിന് കാരണമാകാറുണ്ട്. ഭക്ഷണക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും ഇത് നിയന്ത്രിക്കാൻ സാധിക്കും.
പ്രമേഹം തടയാനും നിയന്ത്രിക്കാനുമുള്ള മാർഗങ്ങൾ
1. ഹൃദയാരോഗ്യത്തിനുള്ള ഭക്ഷണക്രമം
പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണക്രമം അത്യാവശ്യമാണ്. ഒരു ഡയറ്റീഷ്യന്‍റെയോ ഡോക്ടറുടെയോ നിർദേശ പ്രകാരം അനുയോജ്യമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. അന്നജം ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നതിനാൽ ഇതിന്റെ അളവ് ശ്രദ്ധിക്കുക. മൈദ, പഞ്ചസാര എന്നിവ പരമാവധി കുറക്കണം. ഭക്ഷണത്തിൽ നാരുകൾ വർധിപ്പിക്കുക. ദഹനം മെച്ചപ്പെടുത്താനും പഞ്ചസാരയുടെ ആഗിരണം കുറക്കാനും നാരുകൾ സഹായിക്കും. തവിട് നീക്കാത്ത ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാത്ത ഓട്സ്, റാഗി, കടല, മിക്ക പച്ചക്കറികൾ (ചീര, പാവക്ക, ബ്രോക്കോളി) പോലുള്ളവ തിരഞ്ഞെടുക്കുക. ഒലിവ് ഓയിൽ, നട്‌സ്, വിത്തുകൾ, ഫാറ്റി ഫിഷ് (ചൂര, മത്തി) എന്നിവ പോലുള്ള അപൂരിത കൊഴുപ്പുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മധുരപലഹാരങ്ങൾ, മധുര പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായി സംസ്കരിച്ച എണ്ണകൾ എന്നിവ ഒഴിവാക്കുക.
2. ജീവിതശൈലി മാറ്റങ്ങൾ
ദിവസവും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെ വേഗത്തിൽ നടക്കുകയോ സൈക്ലിങ്, നീന്തൽ തുടങ്ങിയ മിതമായ വ്യായാമങ്ങളോ ശീലമാക്കുക. ഇത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. അമിതവണ്ണം പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കും. ആരോഗ്യകരമായ BMI നിലനിർത്താൻ ശ്രമിക്കുക. സ്ഥിരമായ മാനസിക സമ്മർദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും. യോഗ, ധ്യാനം, മതിയായ ഉറക്കം (7-8 മണിക്കൂർ) എന്നിവയിലൂടെ സമ്മർദം കുറക്കുക. മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്ക് കാരണമാവുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യാം.
3. പതിവായ പരിശോധനയും ശ്രദ്ധയും
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നത് ഹൃദയസംബന്ധമായ സങ്കീർണതകൾ തടയാൻ അത്യാവശ്യമാണ്. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് മനസിലാക്കുന്ന HbA1c ടെസ്റ്റ് കൃത്യമായ ഇടവേളകളിൽ ചെയ്യുക. രക്തസമ്മർദ്ദവും കൊളസ്ട്രോളും സാധാരണ നിലയിൽ നിലനിർത്താൻ ഭക്ഷണക്രമം, വ്യായാമം, ആവശ്യമെങ്കിൽ മരുന്നുകൾ എന്നിവയിലൂടെ ശ്രമിക്കുക. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ (ഇൻസുലിൻ ഉൾപ്പെടെ) കൃത്യമായ അളവിൽ, കൃത്യ സമയത്ത് കഴിക്കുക. മരുന്നുകൾ മുടക്കുകയോ അളവിൽ മാറ്റം വരുത്തുകയോ ചെയ്യരുത്. പ്രമേഹം കാരണം കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപതി തടയാൻ പതിവായുള്ള നേത്രപരിശോധന അനിവാര്യമാണ്.
മരുന്നില്ലാതെ നിയന്ത്രിക്കാം
ടൈപ്പ് 2 പ്രമേഹത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ, ജീവിതശൈലി മാറ്റങ്ങളിലൂടെ അതായത് ഭക്ഷണം, ക്രമീകരിക്കുന്നതിലൂടെയും, കൃത്യമായ വ്യായാമത്തിലൂടെയും, അമിതവണ്ണമുള്ളവർ ഭാരം കുറക്കുന്നതിലൂടെയും മരുന്നുകളുടെ സഹായമില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കും. പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയിലുള്ളവർ (Prediabetes) ഉടൻ തന്നെ ജീവിതശൈലി മാറ്റങ്ങൾ ആരംഭിച്ചാൽ ഒരു പരിധി വരെ പ്രമേഹം വരുന്നത് തടയാൻ സാധിക്കും. എന്നിരുന്നാലും മരുന്നുകൾ ആവശ്യമാണോ എന്നത് തീരുമാനിക്കേണ്ടത് ഡോക്ടർ ആണ്. ചുരുക്കത്തിൽ ശരിയായ ഭക്ഷണക്രമവും ചിട്ടയായ ജീവിതശൈലിയും പതിവായ പരിശോധനകളും ഒരുമിച്ച് കൊണ്ടുപോവുകയാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ഏതൊരു ചികിത്സാ രീതിയും ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം മാത്രം സ്വീകരിക്കുക.
തയാറാക്കിയത്-ഡോ. ജ്യോതിഷ് ആർ നായർ ( സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ & ഡയബറ്റോളജി, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി)


