ചാണകത്തിൽനിന്നുള്ള പെയിന്റടിച്ച് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫിസ് മുറി
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഡൽഹിയിലെ വസതിയുടെ വേറിട്ട കാഴ്ചകൾ പകർത്തി ബോളിവുഡ് സംവിധായിക ഫറാ ഖാൻ. പൊതുജീവിതവും സ്വകാര്യജീവിതവും തമ്മിൽ കർശന വേർതിരിവ് പുലർത്തുന്ന ബി.ജെ.പി നേതാവായാണ് ഗഡ്കരി അറിയപ്പെടുന്നത്. തന്റെ യൂട്യൂബ് ചാനലിലാണ് ഗഡ്കരിയുടെ പരിസ്ഥിതി സൗഹൃദ വീടിന്റെ ‘ഹോം ടൂർ’ ഫറാ ഖാൻ അപ് ലോഡ് ചെയ്തത്. ഏറെപ്പേർ കണ്ട വിഡിയോയിൽ വീടിന്റെ സവിശേഷതകളിലൊന്നായി ചൂണ്ടിക്കാട്ടുന്നത് ഓഫിസ് മുറിയുടെ ചുവരുകളിൽ തളിച്ച പ്രത്യേക പെയിന്റ് ആണ്.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ വ്യക്തികളിൽ ഒരാളാണെങ്കിലും, തന്റെ വീട്ടിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം ഫാറാ ഖാനോട് വിശദീകരിച്ചു. ഗഡ്കരി തന്റെ കോൺഫറൻസ് റൂം കാണിച്ചുകൊടുത്തപ്പോൾ അവർ അമ്പരന്നു. കാരണം അതിന്റെ ചുവരുകളുടെ പെയ്ന്റ് ചാണകത്തിൽ നിന്നും നിർമിച്ചതായിരുന്നു. താൻ ചാണകത്തിൽ നിന്ന് പ്രത്യേക തരം പെയിന്റ് ഉണ്ടാക്കിയെന്ന് അദ്ദേഹം ചുവരുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. പൂർണമായും ചാണകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പരിസ്ഥിതി സൗഹൃദ പെയിന്റാണെന്നും ഇത് സുസ്ഥിരമായ നവീകരണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും ഫറാ ഖാൻ പറയുന്നു.
മന്ത്രിയുടെ യൂട്യൂബ് സാന്നിധ്യവും ഫറാ ഖാനെ അത്ഭുതപ്പെടുത്തി. തന്റെ ചാനലിന്റെ ഉള്ളടക്കത്തെക്കുറിച്ച് അമേരിക്കയിൽ നിന്നടക്കം കോളുകൾ വരാറുണ്ടെന്നും ആ ഉള്ളടക്കത്തിന് 4.5 കോടി കാഴ്ചക്കാരെ ലഭിച്ചതായും ഗഡ്കരി അവകാശപ്പെട്ടു.


