ക്രിസ്മസ് ഇനി പൊളിക്കും; ഇതാ പത്ത് സ്റ്റൈലൻ ഭവന അലങ്കാര മാർഗങ്ങൾ
text_fieldsവർഷാവർഷം മങ്ങിയ കളിപ്പാട്ടങ്ങൾ പുറത്തെടുത്ത് ഒരു മരത്തിൽ കുറച്ച് വിളക്കുകൾക്കൊപ്പം പിടിപ്പിക്കുന്നതോടെ ക്രിസ്മസ് അലങ്കാരങ്ങൾ പൂർത്തിയായെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ലെങ്കിൽ കുറച്ചുകൂടി സർഗാത്മകമായി ക്രിസ്മസ് ആഘോഷിക്കാനുള്ള സമയമായെന്ന് കരുതിക്കോളൂ.
‘വിന്‍റേജ്’ ഡെക്കറേഷനുകൾ മുതൽ നിങ്ങളുടെ സ്വന്തം കൈകൊണ്ട് പുഷ്പചക്രം ഒരുക്കുന്നതുവരെ ഈ ക്രിസ്‌മസിന് ഒരു സ്റ്റൈലിഷ് ഹോം ഒരുക്കാനുള്ള മികച്ച പത്ത് മാർഗങ്ങൾ പറയാം.
വ്യത്യസ്‌ത കാലഘട്ടങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള വിന്‍റേജ് പാവകൾ കൊണ്ട് ട്രീയെ അലങ്കരിക്കാം. കുട്ടിക്കാലത്ത് ആരെങ്കിലും സമ്മാനമായി നൽകിയ സാന്താക്ലോസിനെ അതിന്റെ പ്രിയപ്പെട്ട ഭാഗമാക്കാം. കൂടെ റെട്രോ ബബ്ൾസും തൂക്കാം. ആഭരണങ്ങൾ, വൃക്ഷ അലങ്കാരങ്ങൾ എന്നിവയുടെ ഒരു നിര വിന്‍റീരിയറിനുണ്ട്. കൈകൊണ്ട് നിർമ്മിച്ചതും തടികൊണ്ടുള്ളതുമായ ക്രിസ്മസ് രൂപങ്ങളും വെക്കാം.
ഒരു കളർ തിരഞ്ഞെടുക്കാം
ഉത്സവകാലം എല്ലായ്‌പ്പോഴും നിറങ്ങളുടേതാണ്. അലങ്കാരങ്ങളെ ആകർഷകമാക്കുന്നതും നിറങ്ങളാണ്. ഒരു ക്രിസ്മസ് ശേഖരം രൂപകൽപ്പന ചെയ്യുന്നതുപോലെ പ്രധാമാണ് വീടിന്റെ ഇന്റീരിയറിന്റെ നിറവും. ഉൽസവ കാലങ്ങളിലെ സ്ഥല പരിമിതിയിൽ ഇളം നിറം കൂടുതൽ വിശാലത തോന്നിക്കും. വിശാലമായ അകങ്ങളിൽ നിറങ്ങളുടെ പൊലിമയുമാവാം.
സ്വീകരണമുറിയിലെ ക്രിസ്മസ് ട്രീ
സ്വീകരണമുറിയിലെ സമ്മാനങ്ങളുള്ള ക്രിസ്മസ് ട്രീക്കും അനുയോജ്യ അലങ്കാരങ്ങൾ ചാർത്താം. മഞ്ഞിൽ കളിക്കുന്ന കുട്ടികൾ, സ്ലീകൾ, ഔട്ട്ഡോർ ക്രിസ്മസ് ട്രീകൾ, അലങ്കരിച്ച വീടുകൾ എന്നിവയിലൂടെയും ഒരു പരമ്പരാഗത ദൃശ്യം ചിത്രീകരിക്കാം.
വിന്‍റേജ് ബബ്ൾസ്
ഓർമകളെ പ്രതിനിധീകരിക്കുന്ന ഒരു മരം നിറയെ ബബിൾസ് ഉള്ളത് എത്ര മനോഹരമാണ്. ഓപ്ഷനുകളുടെ ഒരു നിധിയാണ് ബബ്ൾസ്. ഇത് അലങ്കാരത്തിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം മാത്രമല്ല, പാരമ്പര്യത്തെ പുന:ർ നിർമിക്കുകയും ആകർഷണീയതയും ആധികാരികതയും ഉൾചേർക്കുകയും ചെയ്യുന്നു.
കോണിപ്പടികൾ മനോഹരമായി അലങ്കരിക്കാം
ഗോവണിയുടെ കൈവരികൾ അലങ്കരിക്കുമ്പോൾ കിട്ടുന്ന ഒരു ലുക്ക് വേറെത്തന്നെയാണ്. ആർഭാടമായോ ലളിതമായോ ഇത് ചെയ്യാം. ജനലുകളുടെ ഫ്രെയിമുകളും അലങ്കാരത്തിൽ നിന്ന് മാറ്റി നിർത്തേണ്ട.
ആകർഷമായ മേശ വിരികൾ
ഇന്‍റീരിയർ ഡിസൈനിൽ ടേബിൾ ക്ലോത്തുകൾക്കും പ്രാധാന്യമേറെയുണ്ട്. ചുവപ്പും വെള്ളയും ഒലിവ് ഗ്രീനും നിറം ചാർത്തിയ ഈ മേശവിരി നോക്കൂ.. മങ്ങിയ കിച്ചൺ ടേബിളിനെ ആകർഷകമാക്കാനും ഇത്തരം പ്രിന്‍റഡ് കോട്ടൺ മേശവിരികൾക്കാവും. എന്നിട്ട് പ്രിയപ്പെട്ട ഉത്സവ പാരമ്പര്യത്തെ കാക്കാൻ അടുത്ത ക്രസ്മസിലേക്ക് ഭദ്രമായി സൂക്ഷിച്ചുവെച്ചോളൂ..
പേപ്പർ പൂക്കുലകൾ തൂക്കാം
വലിയ വെള്ളക്കടലാസുകൾ കൊണ്ട് തീർത്ത പൂക്കളും നക്ഷത്രങ്ങളും സ്നോഫ്ലേക്കുകളും കൊണ്ടെുള്ള അലങ്കാരവും പരീക്ഷിച്ചുനോക്കൂ. ലളിതവും ചെലവു കുറഞ്ഞതുമായ വഴിയാണിത്. തരംപോലെ കളർ പേപ്പറും ഉപയോഗിക്കാം. മുറിയുടെ കോണുകളിൾ തൂക്കിയിട്ടാൽ വേറിട്ടൊരു കാഴ്ചയാവും.
സുഗന്ധ മെഴുകുതിരികൾ കത്തിക്കാം
സുഗന്ധമുള്ള മെഴുകുതിരി വീടിന് ഒരു സൗരഭ്യം നൽകുന്നു. ഒരു ചില്ലു ഗ്ലാസിനകത്തെ മെഴുകുതിരിയുടെ നിറവും നാളവും മാന്ത്രിക നിധി ഒളിപ്പിച്ച പെട്ടി പോലെ മിന്നിമറയുന്നതായി സങ്കൽപ്പിക്കൂ. നല്ല മണമുള്ള ധൂമങ്ങളും പുകയ്ക്കാം.
എല്ലാത്തിലും റിബൺ കെട്ടി നോക്കൂ
മടക്കിയ ടവലുകളെയും പ്ലേറ്റുകളെയും വലയം ചെയ്യുന്ന റിബണുകൾ ആകർഷകമായിരിക്കും. നിങ്ങൾക്ക് താങ്ങാനാവുന്നതും സ്റ്റൈലിഷുമായ റിബണുകൾ ഉൾപ്പെടുത്തുക. വൈൻ ഗ്ലാസുകളുടെ തണ്ടുകൾ, സ്പൂണുകൾ, മെഴുകുതിരികളുടെ അടിഭാഗം എന്നിവയിലും കെട്ടാം. വയേർഡ് റിബണുകൾ ഇതിന് അനുയോജ്യമാണ്. കെട്ടുമ്പോഴുള്ള അവയുടെ ആകൃതി മനോഹരമായിരിക്കും. ഒരു സ്ട്രിപ്പ് മുറിച്ച് ക്രിസ്മസ് ട്രീയുടെ മുകളിലും താഴെയും മധ്യഭാഗത്തും കെട്ടാം. ഇത് ക്രിസ്മസിനെ കൂടുതൽ റൊമാന്‍റിക് ആക്കും.
മെനുകൾ കൈകൊണ്ട് എഴുതുക
ഭക്ഷണ മെനുകൾ വാട്ടർ കളർ ഉപയോഗിച്ച് വരച്ചു നോക്കാം. അതിഥികൾക്ക് കാപ്പിയോ ക്രിസ്മസ് പാനീയമോ കഴിക്കാൻ അലമാരയിൽ വർണ്ണാഭമായ പാത്രങ്ങളും കരുതിവെക്കൂ.
വാതിലിൻമേലൊരു പുഷ്പ ചക്രം
ഇലകളുടെ ക്ലിപ്പിംഗുകൾ അറ്റാച്ചു ചെയ്തോ ക്രിസ്മസ് ട്രീയുടെ ഓഫ്‌കട്ടുകൾ എടുത്തോ ഒരു വളയം ഉണ്ടാക്കി കതകിൽ തൂക്കിയിടാം..