കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കുന്ന 5 മനോഹര മൺവീടുകൾ
text_fieldsപരമ്പരാഗത നിർമാണ രീതികളിലേക്ക് മടങ്ങാൻ മടി കാണിക്കുന്നവരാണോ നിങ്ങൾ? എന്നാൽ, ആധുനിക രൂപകൽപനയും പരിസ്ഥിതി സൗഹൃദവും ഫലപ്രദമായി സമന്വയിപ്പിച്ച് നിർമിച്ച ഈ 5 അവിശ്വസനീയമായ മൺവീടുകൾ നിങ്ങളുടെ പല ധാരണകളെയും പിഴുതെറിയും.
കൻഹ കുടിൽ ശൈലിയിൽ നിർമിച്ച റായ്പൂരിലെ ബംഗ്ലാവ്
പുറംലോകത്തെ അനുസ്മരിപ്പിക്കുന്ന ഒരു വീടിനായി ആഗ്രഹിച്ച ദമ്പതികൾക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. വീട് ഒരു സങ്കേതമായിക്കണം, പക്ഷെ തുറസ്സുകൾ വേണം. കൻഹയിലെ പരമ്പരാഗത കുടിലുകൾ പോലെ പച്ചപ്പിനാൽ ചുറ്റപ്പെട്ടതായിരിക്കണം. ധാരാളം സൂര്യപ്രകാശവും മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാനും പ്രകൃതിയുമായി ഇടകലരാനും കഴിയുന്നവിധം മികച്ചതായിരിക്കണം. ഒത്തുചേരലിനും വിനോദത്തിനും ഒരു ഇടം വേണം. ഒപ്പം ആധുനിക സൗകര്യങ്ങളും - ഋഷഭ് ജെയിൻ എന്ന ആർകിടെക്റ്റ് റായ്പൂരിലെ ബംഗ്ലാവിനെക്കുറിച്ചുള്ള വീട്ടുകാരുടെ നിർദേശങ്ങൾ പങ്കുവെച്ചു.
പ്രാദേശിക വസ്തുക്കൾ അവയുടെ ഏറ്റവും സ്വാഭാവിക രൂപത്തിൽ ഉപയോഗിക്കുന്നതിനേക്കാൾ മികച്ച മാർഗം മറ്റെന്താണെന്ന് ജെയ്ൻ ചോദിക്കുന്നു. ചെളി, മണൽ, വൈക്കോൽ, ചാണകം എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് ഇഷ്ടിക ചുവരുകൾ നിർമിച്ചു. മേൽക്കൂരകൾക്ക് പ്രാദേശിക മുള ഉപയോഗിച്ചു. ‘മണ്ണിൽ ജോലി ചെയ്യുന്നത് വളരെ ആസ്വാദ്യകരമായ ഒരു അനുഭവമായിരുന്നു. ഞങ്ങൾ ഈ പ്രക്രിയയിൽ ഇഴുകിച്ചേർന്ന് പണിയെടുത്തു. തദ്ദേശീയരിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കുകയും ചെയ്തു- അദ്ദേഹം അനുഭവം പങ്കുവെച്ചു.
കോയമ്പത്തൂരിലെ ‘ഇൻടു ദി വൈൽഡ്’
മേട്ടുപ്പാളയത്ത് ഊട്ടിയുടെ താഴ്‌വരയിലാണ് എർത്ത്‌സ്‌കേപ്പ് സ്റ്റുഡിയോയിലെ ആർക്കിടെക്റ്റ് പേച്ചിമുത്തു കെന്നഡിയും ടീമും ബലവത്തായതും ശിൽപചാരുതയുള്ളതുമായ വിശ്രമ ഗേഹം നിർമിച്ചത്. ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർക്കുവേണ്ടിയുള്ളതായിരുന്നു ഈ ഗുഹാസമാനമായ ഭവനം. 1,450 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ശിൽപ സങ്കേതം താമസക്കാരന്റെ സുസ്ഥിരതയെയും പ്രകൃതിദത്ത തണുപ്പിക്കൽ സംവിധാനങ്ങളെയും കുറിച്ചുള്ള ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒപ്പം തദ്ദേശീയ വാസ്തുവിദ്യാ രീതികൾക്ക് അംഗീകാരവും നൽകുന്നു.
‘ഇൻടു ദി വൈൽഡ്’ എന്ന് വിളിക്കപ്പെടുന്ന ഈ ഫാംഹൗസ്, തെക്കേ അമേരിക്കൻ എൻജിനീയറും ആർക്കിടെക്റ്റുമായ എലാഡിയോ ഡീസ്റ്റെയുടെ നിർമിതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ‘ഇഷ്ടികകളുടെ മാസ്റ്റർ’ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. ബീമുകളും മതിലുകളും ഇല്ലാതെ ഇഷ്ടികകളുടെ ഉപയോഗം അദ്ദേഹത്തിന്റെ നൂതന സാങ്കേതിക വിദ്യകളിൽ ഉൾപ്പെടുന്നു. വളരെയധികം വസ്തുക്കളുടെ പുനഃരുപയോഗവും നിർമാണത്തിൽ കടന്നുവന്നു.
ഉയർന്ന ചൂടുള്ള കാലാവസ്ഥയിലാണെങ്കിൽപോലും ഇതിന്റെ അകം എല്ലായ്പ്പോഴും 5-6 ഡിഗ്രി തണുപ്പായിരിക്കും. കൂളിങ് ഇഫക്റ്റിനായി ചെളിയുടെയും കുമ്മായത്തിന്റെയും പാളികൾ തേച്ചു പിടിപ്പിച്ചതായി കെന്നഡി പറയുന്നു. ബീമുകളോ നിരകളോ ഇല്ലാത്തതിനാൽ കാർബൺ ബഹിർഗമനവും കുറക്കാനായി.
ഷൂലഗിരിയിലെ ഏകാന്ത ഭവനം
‘വാൾ മേക്കേഴ്‌സി’ലെ വിനു ഡാനിയേൽ രൂപകൽപന ചെയ്ത ‘ചുഴി’ വീടിന്റെ ഘടന അതിന്റെ പേരിനോട് സാമ്യമുള്ളതാണ്. തമിഴ്‌നാട്ടിലെ മനോഹരമായ ശൂലഗിരിയിലെ സാങ്ക്റ്റിറ്റി ഫെറം എന്ന ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന 2,122 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒന്നാണിത്. നിർമാണത്തിന് ‘അനുയോജ്യമല്ലാത്തത്’ എന്ന് തള്ളിക്കളയുന്ന വിചിത്രമായ സ്ഥലങ്ങളിൽ എന്തും നിർമിക്കാൻ കഴിയും എന്നതിന്റെ ഒരു കേസ് സ്റ്റഡി കൂടിയായി ‘ചുഴി’ മാറുന്നു.
അന്തരിച്ച പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ വാസ്തുശില്പി ലോറി ബേക്കറുടെ കൃതികളിലെ ആഴത്തിലുള്ള സ്വാധീനം ഡാനിയേലിന്റെ ഈ നിർമിതിയിൽ കാണാം. ഗാന്ധിയൻ മൂല്യങ്ങളാണ് ബേക്കറിനെ പ്രചോദിപ്പിച്ചത്. അഞ്ച് മൈൽ ചുറ്റളവിൽ ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഒരു ആദർശ ഗ്രാമത്തിലെ ആദർശ ഭവനം എന്ന് വീടിനെ കുറിച്ച് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
ചുഴിയിലൂടെ, ഡാനിയേൽ തന്റെ സുസ്ഥിര വാസ്തുവിദ്യയുടെ തത്വങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സമീപ പ്രദേശത്തെ ഒരു വിവാഹ ഹാളിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമിച്ച പ്രീകാസ്റ്റ് കോമ്പോസിറ്റ് ബീമുകളിലാണ് ഇവ നിർമിച്ചിരിക്കുന്നത്. ‘ആധുനിക വാസ്തുവിദ്യ മണ്ണിനെ ഡിസൈൻ മേഖലയിൽ ഒരു പുറംതള്ളലിലേക്ക് തരംതാഴ്ത്തി. ഇന്ത്യയിലെ പഴയ തലമുറകളിൽപ്പെട്ട മിക്ക ആളുകളും മണ്ണുകൊണ്ട് നിർമിച്ച വീടുകളിലാണ് വളർന്നത്. ഈ ഘടനകളുടെ സഹിഷ്ണുതയെയും ശക്തിയെയും കുറിച്ച് അവർക്ക് നന്നായി അറിയാം. പക്ഷേ അതിനടുത്ത തലമുറ മണ്ണിനെ വിലകുറഞ്ഞതും വൃത്തികെട്ടതും ആയി കണക്കാക്കിയത് തന്നെ അമ്പരപ്പിക്കുന്നുവെന്നും’ ഡാനിയേൽ പറയുന്നു.
പുരാതന ലേയിലെ ഒരു ആധുനിക ലോഡ്ജ്
സിന്ധു നദീതീരത്ത് പുൽമേടുകളാലും പുരാതന പർവതങ്ങളാലും ചുറ്റപ്പെട്ട്, ചരിത്രപ്രസിദ്ധമായ തിക്‌സി മൊണാസ്ട്രിയുടെ വിദൂര കാഴ്ചയുള്ള ലേയിലെ ചുചോട്ട് ഗ്രാമത്തിലെ ഈ മനോഹരമായ നിർമിതി നോക്കൂ.
പ്രകൃതിശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഗുൽസാർ ഹുസൈൻ ഇത് വാങ്ങിയപ്പോൾ തന്റെ വീടിന് ഒരു മികച്ച സ്ഥലം കണ്ടെത്തിയെന്ന് അദ്ദേഹം സന്തോഷിച്ചു. കൂടാതെ ലഡാക്കി വാസ്തുവിദ്യയെക്കുറിച്ചുള്ള അവരുടെ ജ്ഞാനം ആധുനിക കാഴ്ചപ്പാടോടെ പകർന്നു നൽകാൻ ഫീൽഡ് ആർക്കിടെക്റ്റുകളായ ഫൈസ ഖാനെയും സുറിൽ പട്ടേലിനെയും നിയോഗിച്ചു. പരമ്പരാഗത കെട്ടിട ചട്ടക്കൂടുള്ള ഒരു ആധുനിക വീട് ഇരുവരും ദൃശ്യവൽക്കരിച്ചു. അത് യാഥാർഥ്യമാക്കാനുള്ള സാമഗ്രികൾക്കായി അവർക്ക് അധികം നോക്കേണ്ടി വന്നില്ല.
‘ലഡാക്കിൽ പരിശീലിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗം എളുപ്പത്തിൽ ലഭ്യമായ ധാരാളം പ്രകൃതി വിഭവങ്ങളാണ്. പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു വീട് നിർമിക്കാൻ നിങ്ങൾക്ക് മറ്റൊന്നും ആവശ്യമില്ല’- ഖാൻ പറയുന്നു. തടി, കുമ്മായം അല്ലെങ്കിൽ മണ്ണ്, പ്ലാസ്റ്റർ, മരം അല്ലെങ്കിൽ ലഡാക്കി ഗ്രാനൈറ്റ് എന്നിവയായിരുന്നു ഈ വീട് നിർമിക്കാൻ തിരഞ്ഞെടുത്തത്. കല്ലു കൊണ്ടുള്ള അടിത്തറ, ഭാരം താങ്ങുന്ന ഘടന, അഡോബ് കൊണ്ടുള്ള അറയുള്ള ഭിത്തികൾ, തടി ഫ്രെയിമുകൾ എന്നിവ ഈ വീടിനെ മനോഹരാമക്കി. സൗരോർജംകൊണ്ടുള്ള ചൂട് സമന്വയിപ്പിച്ചുള്ള അനുഭവവും കൂടിച്ചേർത്ത് ആർക്കിട്ടെറ്റുമാർ അങ്ങനെ ഒരു ആധുനിക ഭവനം തീർത്തു.
ഋഷികേശിലെ യക്ഷിക്കഥ ഹോംസ്റ്റേ
മലനിരകളിൽ ഒരു വീട് പണിയണമെന്ന് പലരും സ്വപ്നം കാണുന്നു. പക്ഷേ ചുരുക്കം ചിലർ മാത്രമേ അത് ചെയ്യുന്നുള്ളൂ. എന്നാൽ, ഋഷികേശിലെ ഈ ഹോംസ്റ്റേയിലൂടെ സഹോദരങ്ങളായ അൻഷും രാഘവ് കുമാറും അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഒരു വാസ്തുശില്പിയായ രാഘവും കലാകാരനായ അൻഷും അവരുടെ കഴിവുകൾ സമന്വയിപ്പിച്ച് സ്വന്തമായി ഒരു ടൈനി ഫാം ഫോർട്ട് നിർമിക്കാൻ തീരുമാനിച്ചു. ഇത് ഒരു വിദൂര ഇന്ത്യൻ ഗ്രാമത്തിൽ ഒരു ബദൽ ജീവിതരീതിയുടെ പ്രതീകമായി.
‘ഞങ്ങൾ ഋഷികേശിലേക്ക് താമസം മാറിയപ്പോൾ തദ്ദേശീയ ഗ്രാമീണരോടൊപ്പം ധാരാളം സമയം ചെലവഴിച്ചു. ഓരോ ദിവസവും കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നതിനു പകരമായി യാത്രക്കാരെ ഹോംസ്റ്റേ അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ വർക്ക് അവേയിൽ ഉൾപ്പെടുത്തി.18 രാജ്യങ്ങളിൽ നിന്നുള്ള 90ലധികം ആളുകൾ 547 ദിവസങ്ങളിലായി വീട് നിർമിക്കുന്നതിന് അധവാനത്തിലൂടെ ‘സംഭാവന’ നൽകി. സൈറ്റിന്റെ 150 മീറ്ററിൽ നിന്ന് ലഭിച്ച മണ്ണിൽ നിന്ന് നിർമിച്ച 600 ചതുരശ്ര അടി വിസ്തീർണമുള്ള വീട്! ഒരു വീട് നിർമിക്കാൻ മണ്ണ് വളരെ സുരക്ഷിതമായ വസ്തുവാണ്. ഞങ്ങൾ ദിവസേന മണ്ണിൽ ചവിട്ടി നൃത്തം ചെയ്യുന്ന ആചാരങ്ങളിൽ ഏർപ്പെട്ടു. ശക്തി നൽകുന്നതിനായി സംഗീതം വെക്കുകയും മണ്ണും വൈക്കോലും വെള്ളവും കലർത്തി ചവിട്ടിക്കുഴച്ചുവെന്നും’ രാഘവ് കൂട്ടിച്ചേർക്കുന്നു.