മുറ്റമൊരുക്കാം മനോഹരമായി...
text_fieldsവിശാലമായ മണൽ വിരിച്ച മുറ്റം. മുറ്റത്തിന്റെ ചുറ്റോടു ചുറ്റും പൂക്കൾ വിരിയുന്നതും അല്ലാത്തതുമായ പലതരം ചെടികൾ...പറമ്പിൽ ഫലവൃക്ഷ തൈകൾ...10 വർഷം മുമ്പുവരെ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള വീടായിരുന്നു ട്രെൻഡ്.
ഇപ്പോൾ രണ്ടു സെന്‍റിലും മൂന്നു സെന്‍റിലും വീടു വെക്കുമ്പോൾ വിശാലമായ മുറ്റം എന്നത് സങ്കൽപം മാത്രമായി. എന്നാലും ഭംഗിയുള്ള വീടുണ്ടാകുമ്പോൾ ചുറ്റിലുമുള്ള ഭാഗങ്ങൾ, അതെത്ര ചെറുതായാലും സുന്ദരമാക്കൽ പ്രധാനമാണ്. നമ്മുടെ മാറുന്ന കാലാവസ്ഥക്ക് അനുയോജ്യമായി മുറ്റമൊരുക്കാൻ ശ്രദ്ധിക്കണം. പ്രകൃതിയോട് ഇണങ്ങി വേണം അത്. എളുപ്പം പരിചരിക്കാൻ കഴിയുന്ന വിധത്തിലുമായിരിക്കണം.
ഇന്‍റർലോക്ക് ചെയ്യാം ഭൂമിയെ നോവിക്കാതെ
പണ്ട് കാലങ്ങളിൽ ഇന്‍റർലോക്കിട്ട മുറ്റങ്ങൾ അപൂർവമായിരുന്നു. മണ്ണിലേക്ക് വെള്ളമിറങ്ങണം അതായിരുന്നു. ഇന്ന് ഇൻറർലോക്കിടാത്ത മുറ്റങ്ങൾ അപൂർവമാണ്. മഴപെയ്യുമ്പോൾ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്ന രീതിയിലുള്ള ഇൻർലോക്ക് രീതികൾ സജീവമാണിപ്പോൾ.
ടൈൽ വിരിക്കുമ്പോൾ കോൺക്രീറ്റ് ചെയ്യാതെ എംസാന്‍റോ ബേബി മെറ്റലോ വിരിക്കണം. ടൈലുകളുടെ ഇടയിൽ പുല്ല് വിരിച്ച് ഭംഗിയാക്കുകയും ചെയ്യാം. മുറ്റം മുഴുവൻ ഇന്‍റർലോക്ക് വിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണെങ്കിലും വീടിനകത്ത് ചൂട് കൂടാൻ കാരണമാകും. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കടപ്പ കല്ല് ഉപയോഗിച്ചാൽ ചൂട് കുറക്കാൻ സാധിക്കും. കോൺക്രീറ്റ് ടൈലിന് പകരം ടെറാക്കോട്ട ടൈലുകളാണ് അഭികാമ്യം. മെറ്റീരിയൽ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. എളുപ്പം പൂപ്പൽ പിടിക്കാത്ത ടൈലുകളാണ് നല്ലത്. മുറ്റം ഒരുക്കുന്നതിനു താരതമയേന ചെലവ് കുറഞ്ഞ ഒന്നാണ് ഇന്റർലോക്ക് ബ്രിക്ക് വിരിക്കൽ.
ഇന്റർലോക്ക് വിരിക്കുന്നതിന് മുൻപായി വീടിന്റെ ഏതൊക്കെ ഭാഗങ്ങളിൽ ആണ് ഇന്റർലോക്ക് വിരിക്കേണ്ടത് എന്ന് ആദ്യമേ പ്ലാൻ തയ്യാറാക്കണം. വീടിന്റെ മുറ്റത്ത് വാഹനങ്ങൾ കയറി വരുന്ന ഭാഗത്തു മരങ്ങളോ മറ്റു തടസ്സങ്ങളോ ഉണ്ടെങ്കിൽ ഒഴിവാക്കണം.
ഇന്റർലോക്ക് കട്ട വിരിക്കുന്നതിന് മുമ്പായി മണ്ണ് ലെവൽ ചെയ്യുമ്പോൾ വീടിനു മാക്സിമം ഹൈറ്റ് കിട്ടുന്ന രീതിയിൽ വേണം ചെയ്യാൻ
അതുപോലെ മുറ്റത്തു വീഴുന്ന വെള്ളം ഏത് ഭാഗത്തേക്ക് ആണ് ഒഴുകേണ്ടത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചു വെക്കണം.
വെള്ളം ഒഴുകി പോവേണ്ട ഭാഗം നോക്കി മൂന്ന് ഇഞ്ച് കനത്തിലെങ്കിലും സ്ലോപ്പ് നിര്ബന്ധമാണ്(ചില ഇടങ്ങളിൽ മണ്ണ് ലെവൽ ചെയ്യാതെ ബേബി മെറ്റൽ ഇട്ടു ലെവൽ ചെയ്യുന്ന രീതി കാണാറുണ്ട്. ഇങ്ങനെ ചെയ്താൽ വെള്ളം മണ്ണിൽ തളം കെട്ടി നിന്ന് കട്ട താഴ്ന്നു പോവാൻ സാധ്യത കൂടുതൽ ആണ്. മണ്ണ് തന്നെ ലെവൽ ചെയ്ത് ഇന്റർലോക്ക് വിരിക്കുന്നത് ആണ് ഉത്തമം. മണ്ണ് ലെവൽ ചെയ്തതിനു ശേഷം അതിനു മുകളിലൂടെ ഏർത് ഹാമ്മർ കൊണ്ട് ഒന്ന് ഓടിക്കുന്നത് നല്ലതാണ്.
അതിനു ശേഷം 6mm ബേബി മെറ്റൽ കട്ട വിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ കനത്തിൽ ഇടാറുണ്ട്. എന്നാൽ കൂടുതൽ കനത്തിൽ ബേബി മെറ്റൽ ഇടുന്നത് ആണ് ഏറ്റവും ഉചിതം. പരമാവധി വെള്ളം ഭൂമിയിൽ ഇറങ്ങാൻ ഇത് കാരണമാവും. കട്ട വിരിച്ചു കഴിഞ്ഞതിനു ശേഷം കവർ ചെയ്യുന്നതിന് വേണ്ടി കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് താഴ്ത്തി മണ്ണെടുത്ത് നല്ല സ്ട്രോങ്ങ് ആയി കോൺക്രീറ്റ് ചെയ്യണം. എല്ലാം കഴിഞ്ഞ ശേഷം അധികം വൈകാതെ തന്നെ ബ്രിക്ക് പൊളീഷ് ചെയ്യണം
വീട്ടുമുറ്റത്ത് പുൽത്തകിടി ഒരുക്കാം ശ്രദ്ധയോടെ
ഓരോ പ്രദേശത്തെയും കാലാവസ്ഥയനുസരിച്ചായിരിക്കണം പുല്ല് തിരഞ്ഞെടുക്കേണ്ടത്. ചിലതിന് ഫംഗസ് എളുപ്പത്തിൽ വരും. അങ്ങനെയുള്ളവ പെട്ടെന്ന് ഉണങ്ങിപ്പോകും. ചിലതിൽ പുഴുക്കളും. ചില പുല്ലിൽ പെട്ടെന്ന് ചിതൽ വരാൻ സാധ്യതയുണ്ട്. ചില പുല്ലിന്റെ ഇലകൾ ചൂട് കൂടുന്നതിനനുസരിച്ച് ഉണങ്ങിപ്പോകും. അക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുവേണം ഗ്രാസ് തിരഞ്ഞെടുക്കാൻ.
ഗ്രാസ് പലതരമുണ്ട്: മെക്സിക്കൻ ഗ്രാസ്, ബഫല്ലോ ഗ്രാസ്, കെനിയൻ ഗ്രാസ്,കൊറിയൻ ഗ്രാസ്,സിംഗപ്പൂർ പേൾ എന്നിങ്ങനെ. സ്ക്വയർ ഫീറ്റ് അനുസരിച്ചാണ് ഓരോന്നിന്റെയും വില. പല വലിപ്പത്തിലുള്ള പുല്ലിന്റെ ഷീറ്റ് ലഭ്യമാണ്.
പുല്ല് പിടിപ്പിക്കുമ്പോൾ മറക്കാൻ പാടില്ലാത്തത്
*പുല്ലു പിടിപ്പിക്കുന്നതിന് മുമ്പ് മണ്ണ് പ്രത്യേകമായി ഒരുക്കണം
*മണ്ണിലെ കല്ലിന്റെ അംശം, വേരുകൾ പോലുള്ള സാധനങ്ങൾ മാറ്റണം
*പുല്ല് പിടിപ്പിക്കുന്നതിന് മുമ്പ് മണ്ണിൽ വളപ്രയോഗം നടത്തണം
*വളപ്രയോഗം നടത്തിയ മണ്ണിലേക്ക് ഷീറ്റ് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്
*പുല്ല് പിടിപ്പിക്കുമ്പോൾ ഇടയിൽ ഫലവൃക്ഷത്തൈകൾ, ചെടികൾ എന്നിവ നട്ടുപിടിപ്പിക്കാറുണ്ട്. ഇതിന് പേൾ ഗ്രാസ് ആണ് നല്ലത്
*നട്ടുകഴിഞ്ഞാൽ പച്ചപ്പ് നിലനിർത്താൻ നനക്കൽ നിർബന്ധമാണ്. സ്പ്രിങ്ളർ ഉപയോഗിച്ചുള്ള നനയാണ് മികച്ചത്
*തണലുള്ള ഇടങ്ങളിൽ മെക്സിക്കൻ ഗ്രാസ് വളരില്ല
*നട്ടതിനു ശേഷവും വളപ്രയോഗം നിർബന്ധം
*വളരുന്നതിനനുസരിച്ച് പുല്ല് കട്ട് ചെയ്യണം
ലാൻഡ്സ്കേപ്പിങ്
മുഗളൻമാരാണ് ഈ രീതി ആദ്യമായി നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്നത്. ഡൽഹിയിലെ കൊടുംചൂടിനെ പ്രതിരോധിക്കാൻ അവർ മനോഹരമായ പൂന്തോട്ടങ്ങളും ജലാശയങ്ങളും നിർമിച്ചു. ഓരോ കെട്ടിടങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് പൂന്താട്ടങ്ങൾ ഒരുക്കിയിരുന്നത്. വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുന്ന ഒന്നാണ് ലാൻഡ്സ്കേപ്പിങ്. ഔട്ട്ഡോർ ലിവിങ് സ്പേസ് ആണിത്. അതിനാൽ നല്ല പ്ലാനിങ്ങോടെ ഒരുക്കണം. ആദ്യം എങ്ങനെ വേണമെന്ന് ഡിസൈൻ ചെയ്യണം.
ഭൂമിയുടെ ചെരിവ്,താഴ്ച, നമ്മുടെ കാലാവസ്ഥ എന്നിവ പരിശോധിക്കണം. മണ്ണൊലിപ്പ് തടയാനും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാനും സഹായിക്കുന്നതാണ് ലാൻഡ്സ്കേപ്പിങ്.
ലാൻഡ്സ്കേപ്പിന് നിലം ഒരുക്കുമ്പോൾ ശ്രദ്ധിക്കാം:
ആദ്യം മണ്ണ് പരിശോധിക്കണം. ഉപ്പ് രസമുള്ള മണ്ണും ചെളിയുള്ളതും വെള്ളാരങ്കല്ലുള്ളതും ലാൻഡ്സ്കേപ്പിന് പറ്റിയതല്ല.