ഇത്തിരിക്കുഞ്ഞൻ ബോൺസായ് നട്ടുവളർത്താം
text_fieldsഎത്ര വലിയ മരങ്ങളെപോലും ഇത്തിരിക്കുഞ്ഞൻമാരാക്കുന്ന രീതിയാണ് ബോൺസായ്. നിറയെ ശിഖരങ്ങളോടെ പടർന്നുപന്തലിച്ചു നിൽക്കുന്ന വൻവൃക്ഷങ്ങളെ ഒരു ചെറിയ ചട്ടിയിൽ ഒതുക്കി നിർത്തും. ചെടികളെ വളരാൻ അനുവദിക്കാതെ മുരടിപ്പിച്ച് നിർത്തുന്നതല്ല ബോൺസായ്. കൃത്യമായ വളവും പരിചരണവും നൽകി ശ്രദ്ധാപൂർവം വളർത്തിയെടുക്കുന്നതാണ് ഈ രീതി. കൗതുകവും ആകാംക്ഷയും നിറക്കുന്ന ഈ ബോൺസായ് ചെടികൾ കൂടുതൽ പേരും നഴ്സറികളിൽനിന്ന് വാങ്ങി വീട്ടിൽ വളർത്തുകയാണ് ചെയ്യുക. നല്ല ശ്രദ്ധയും ക്ഷമയും ഉണ്ടെങ്കിൽ വീട്ടിൽതന്നെ ബോൺസായ് ചെടികൾ ഒരുക്കിയെടുക്കാം. അതൊരു വരുമാന മാർഗമാക്കുകയുംചെയ്യാം.
നിറയെ ശിഖരങ്ങളുണ്ടാകുന്ന ചെടികളാണ് ബോൺസായ് രീതിയിൽ നട്ടുവളർത്തുക. ആൽ വർഗത്തിൽപ്പെട്ട മരങ്ങളാണ് ബോൺസായ് നിർമിക്കാൻ ഏറ്റവും അനുയോജ്യം. കൂടാതെ വാളൻപുളി, നെല്ലി, കുടംപുളി, കണിക്കൊന്ന, ഗുൽമോഹർ, പേര, ബോഗയ്ൻവില്ല തുടങ്ങിയവയും ബോൺസായ് ചെടികളായി പരിപാലിക്കാം. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെടികൾ വേണം തെരഞ്ഞെടുക്കാൻ. കൂടാതെ, വേരുകൾ വേഗത്തിൽ വളരുന്ന ചെടികളും മരങ്ങളും വേണം. വിത്ത് മുളപ്പിച്ചും കമ്പുകൾ വേരുപിടിപ്പിച്ചും തൈകൾ വളർത്തിയെടുക്കാം.
ചട്ടിയും നടീൽ മിശ്രിതവും
ബോൺസായ് വളർത്താൻ മരങ്ങൾ മാത്രമല്ല, നടീൽ മിശ്രിതം, ചട്ടി എന്നിവ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. മരത്തിന് അനുയോജ്യമായ ചട്ടികളാകണം തെരഞ്ഞെടുക്കേണ്ടത്. നല്ല വിസ്താരവും ആഴം കുറഞ്ഞതുമായ ചട്ടികളാണ് ഉത്തമം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചട്ടിയുടെ അടിഭാഗത്ത് ദ്വാരങ്ങളുണ്ടാകണം. വേരുകൾക്ക് വെള്ളവും വളവും എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കുന്ന നടീൽ മിശ്രിതം വേണം ചട്ടികളിൽ നിറക്കാൻ.
ചെടിയിലെ വേരുകളിലെ മണ്ണ് മുഴുവൻ നീക്കം ചെയ്ത ശേഷം വേണം ബോൺസായ് ചട്ടിയിൽ ചെടി വെക്കാൻ. ചെടി നേരെ നിൽക്കുന്നതിനായി നേർത്ത കമ്പി ഉപയോഗിച്ച് കെട്ടി ഉറപ്പിക്കാം. ശേഷം ചട്ടിയിൽ ബേബി മെറ്റൽ നിരത്തി അതിൽ ചാണകപ്പൊടിയോ മണ്ണിരവളമോ നിറക്കാം. ശേഷം ചുവന്നമണ്ണ് അൽപ്പം നിറക്കാം. ചട്ടിയിൽ കൂടുതൽ ഭാഗവും ആറ്റുമണലാണ് നിറക്കേണ്ടത്.
മണ്ണിന്റെ അമ്ലസ്വഭാവം കുറക്കാൻ ഒന്നോ രണ്ടോ ടേബിൾസ്പൂൺ കുമ്മായം കലർത്തുന്നതും രോഗങ്ങളെ തടയാൻ ഏതെങ്കിലും കുമിൾ നാശിനി ഒരു ടീസ്പൂൺ ചേർക്കുന്നതും നല്ലതാണ്. വേനൽക്കാലങ്ങളിൽ ചെടികൾ നനച്ചുനൽകണം. ചെടി വാടാൻ അനുവദിക്കാത്ത തരത്തിലാകണം നന. കൂടാതെ, ചാണകം വെള്ളത്തിൽ കലക്കിവെച്ച് അതിന്റെ തെളി മാസത്തിൽ ഒരിക്കൽ വളമായി നൽകാം. ദ്രവരൂപത്തിലുള്ള വളമാണ് ബോൺസായ് ചെടികൾക്ക് നല്ലത്.
ചെടികൾ ഒരുക്കേണ്ടതെങ്ങനെ?
ബോൺസായ് ആയി പരിപാലിക്കാൻ ഉദ്ദേശിക്കുന്ന ചെടി നേരിട്ട് ബോൺസായ് ചട്ടിയിലേക്ക് നടരുത്. പകരം മറ്റൊരു ചട്ടിയിൽ വളർത്തണം. ആ സമയത്ത് ഏത് ആകൃതിയിലാണോ വളർത്താൻ ഉദ്ദേശിക്കുന്നത് ആ രീതിയിൽ കമ്പുകൾ മുറിച്ചു നീക്കണം. തായ് വേരിന്റെ മുകൾഭാഗം നിർത്തി ബാക്കി വേരുകളും മുറിച്ചു നീക്കണം. നല്ല ശ്രദ്ധ നൽകി ആറുമാസത്തോളം ഇങ്ങനെ പരിപാലിക്കുന്നത് ആരോഗ്യമുള്ള ചെടികൾ വളരാൻ സഹായിക്കും. ശേഷമാണ് ബോൺസായ് ചട്ടിയിലേക്ക് മാറ്റി നടേണ്ടത്.
കൊമ്പുകോതലും സ്റ്റൈലിങ്ങും
ബോൺസായ് ചെടിയുടെ ആകൃതി നിലനിർത്തുന്നതിൽ പ്രധാനം കൊമ്പുകോതലാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും അനാവശ്യമായി വളരുന്ന ശിഖരങ്ങളും തണ്ടുകളും നീക്കം ചെയ്യണം. അലുമിനിയം, ചെമ്പ് കമ്പികൾ ഉപയോഗിച്ച് വളച്ചുകെട്ടി ബോൺസായിയുടെ രൂപം ഒരുക്കാം. അതിനായി വിവിധതരം സ്റ്റൈലുകളും പരീക്ഷിച്ചുപോരുന്നുണ്ട്.
ഫോർമൽ റൈറ്റ്, ഇൻഫോർമൽ അപ് റൈറ്റ്, ഫോർമൽ കാസ്കേഡ്, സെമി ഫോർമൽ കാസ്കേഡ്, റൂട്ട് ഓവർ റോക്സ് സ്റ്റൈൽ, വിൻഡ് സ്വെപ്റ്റ്, ഫോറസ്റ്റ് സ്റ്റൈൽ, ട്രയാങ്കിൾ സ്റ്റെൽ തുടങ്ങിയവയാണ് അവ. ചെടിയുടെ വളർച്ചക്ക് ആവശ്യമായ ചില തണ്ടുകൾ മുറിച്ചു നീക്കാൻ സാധിക്കാതെ വരും. എന്നാൽ, ബോൺസായിയുടെ ആകൃതിയിൽ ആയിരിക്കില്ല ഇവയുടെ വളർച്ച. ഈ ഘട്ടത്തിൽ നേർത്ത അലുമിനിയം കമ്പി ഉപയോഗിച്ച് ചുറ്റി കൃത്യമായ ആകൃതിയിലേക്ക് വളർത്താം. മൂന്നോ നാലോ മാസം കഴിയുമ്പോൾ ഈ കമ്പി അഴിച്ചുമാറ്റുകയും ചെയ്യാം.
ചട്ടി മാറ്റണം
ചെടിയിൽ വേരുകൾ തിങ്ങി നിറഞ്ഞാലും ചെടി വളരാതെ മുരടിച്ചു നിന്നാലും ചട്ടി മാറ്റണം. വെള്ളം ഒഴിച്ചാലും ചെടിയുടെ ഇലകൾ വാടുന്നതാണ് വേരുകൾ തിങ്ങിനിറഞ്ഞു എന്നതിന്റെ ലക്ഷണം. ചെടികൾ ചട്ടിയിൽനിന്ന് ശ്രദ്ധാപൂർവം വേണം ഇളക്കിമാറ്റിയെടുക്കാൻ. ശേഷം ചെടിയുടെ മൂന്നിലൊരു ഭാഗം വേരുകളും മുറിച്ചുനീക്കണം. അധികമായി വളരുന്ന ഇളംതണ്ടുകളും ശാഖകളുമെല്ലാം വെട്ടിയൊതുക്കി ഭംഗിയാക്കുകയും ചെയ്യാം. പ്രൂൺ ചെയ്ത ചെടി ചട്ടിയിൽ നിറച്ച പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടണം. വർഷത്തിൽ ഒരിക്കൽ വേരും മിശ്രിതവും മാറ്റുന്നത് നല്ലതാണ്.