തുമ്പപ്പൂ
text_fieldsദശപുഷ്പങ്ങളിൽ പെട്ടതാണ് തുമ്പപ്പൂവ് അധവാ Botanical name-Leucas aspera. പണ്ടുകാലം മുതലേ ഇതൊരു ഔഷധ ചെടിയായി ഉപയോഗിച്ചുവരുന്നു. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതാണ് തുമ്പച്ചെടി. ഇതിന്‍റെ ഇലകളും പൂക്കളും പല അസുഖങ്ങൾക്കുമുള്ള മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്.
ഓണവുമായിട്ട് വളരെ അടുത്ത ബന്ധമാണ് തുമ്പപ്പൂവിനുള്ളത്. അത്തപ്പൂക്കളം ഒരുക്കുന്നതിൽ സവിശേഷമായ പങ്ക് ഇതിനുണ്ട്. അത്തം പത്തിന് പൊന്നോണം എന്നാണല്ലോ പറയുന്നത്. പത്താമത്തെ ദിവസം മധ്യത്തിൽ ആയിട്ട് പൂക്കളം ഒരുക്കുന്നത് തുമ്പപ്പൂക്കൾ ആണ്. തിരുവോണദിവസം മഹാബലിയെ വരവേൽക്കാനാണ് പൂക്കളത്തിന്‍റെ മധ്യത്തിൽ വെളുത്ത തുമ്പപ്പൂക്കൾ ഇടുന്നത്.
ഇപ്പോൾ തുമ്പപ്പൂവ് കാണാനേ കിട്ടുന്നില്ലെന്ന സ്ഥിതിയായിരിക്കുന്നു. പണ്ട് പാടത്തും പറമ്പിലും എല്ലാം തനിയെ കിളിർത്തുവരുന്ന ചെടിയായിരുന്നു. എന്നാൽ, അന്യം നിന്നു പോകുന്ന തുമ്പയെ നമുക്ക് നല്ല രീതിയിൽ പരിപാലിച്ച് എടുക്കാം.
തുമ്പച്ചെടി ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിക്കാവുന്നതാണ്. നല്ല ഡ്രെയിനേജ് സൗകര്യം ഉള്ള ചെടിച്ചട്ടി നോക്കി എടുക്കുക. വെള്ളം കെട്ടിനിൽക്കാൻ പാടില്ല. നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കണം.
കാട്ടുചെടി ആയതുകൊണ്ടുതന്നെ അധികം വളം ഇതിന് ആവശ്യമില്ല. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടുകൊടുത്താൽ മതി. ഇതിൽ പൂക്കൾ ഉണ്ടാകുന്നത് ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ആണ്. നന്നായി പൂക്കൾ ഉണ്ടാകാൻ ഒരു പിടി ചാരം ഇതിന്‍റെ ചുവട്ടിൽ ഇട്ടു കൊടുക്കുക.പ്രൂൺ ചെയ്തു കൊടുത്താൽ അധിക ശിഖരങ്ങൾ ഉണ്ടാവുകയും കൂടുതൽ പൂക്കൾ ഉണ്ടാവുകയും ചെയ്യും.


