ചൈനീസ് ‘ഉറങ്ങുന്ന സുന്ദരി’
text_fieldsബോഗൈൻവില്ല സ്ലീപ്പിങ് ബ്യൂട്ടി സാധാരണയായി ചൈനീസ് സ്ലീപ്പിങ് ബ്യൂട്ടി എന്നാണ് അറിയപ്പെടുന്നത്. ഇതിന്‍റെ പൂക്കൾ പോലെ തോന്നുന്ന ഇലകൾ വിടർന്നു തുറന്നിരിക്കാതെ അടഞ്ഞു തന്നെ ഇരിക്കും. അതിനാലാണ് സ്ലീപ്പിങ് ബ്യൂട്ടി എന്നുവിളിക്കുന്നത്. ഇലകളുടെ അകത്ത് കാണുന്ന ചെറിയ വെള്ള നിറത്തിലുള്ളതാണ് പൂക്കൾ. പിങ്ക് ചുവപ്പ് നിറങ്ങളിൽ സാധാരണ കാണാം. ഈ ചെടിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. അധിക പരിചരണവും വേണ്ട. ചട്ടിയിലും തറയിലും നടാവുന്നതാണ്. ഇതിനെ ഭിത്തിയിലും പരഗോളയിലും ടെറസിലും ബാൽക്കണിയിലും വളർത്താം. അവിടെയെല്ലാം ഈ ചെടി വെക്കുന്നത് കൊണ്ട് കൂടുതൽ ഭംഗിയുണ്ടാകും. ഇതിന്‍റെ പൂവ് പോലെ തോന്നുന്ന ഇലകൾ നല്ല വെൽവെറ്റ് പോലെ മൃദുലമാണ്. പിങ്ക് ചുവപ്പ് നിറങ്ങൾ കുറെ ദിവസങ്ങൾ കഴിയുമ്പോൾ ക്രീം കളർ ആകും. പെട്ടന്ന് വളരുന്ന ചെടിയായത് കൊണ്ട് തന്നെ പ്രൂൺ ചെയ്തു നിർത്താവുന്നതാണ്.
നല്ല ഇളക്കമുള്ള മണ്ണ് നോക്കി തയ്യാറാകണം. മണലും, ഗാർഡൻ സോയിൽ, കമ്പോസ്റ്റ് ചാണക പൊടി എന്നിവ യോജിപ്പിച്ച് തയ്യാറാക്കാം. ഫോസ്ഫറസ് കൂടുതലും നൈട്രജൻ കുറഞ്ഞതുമായ ഫെർടിലൈസർ ചേർക്കണം. എങ്കിലേ നന്നായി പൂക്കൾ പിടിക്കൂ. വേനൽ കാലത്തും ഈ ചെടി നന്നായി പിടിക്കും. നടുന്ന സമയത്ത് എന്നും വെള്ളം കൊടുക്കുക. പിന്നീട് ഒന്നിടവിട്ടു കൊടുക്കുക. ഗാർഡനിൽ എന്നും പൂക്കൾ ഇഷ്ട്ട പെടുന്നവർക്ക് വളർത്താവുന്നതാണ് ബോഗൈൻവില്ല.


