തഴച്ചുവളരും ഫിറ്റോണിയ
text_fieldsപൂക്കളില്ലാതെയും നമ്മുടെ പൂന്തോട്ടം ഇലകൾ ഉപയോഗിച്ച് മനോഹരമാക്കാൻ കഴിയും. ഇതിന് ഏറ്റവും മികച്ച വഴികളിൽ ഒന്നാണ് ഫിറ്റോണിയ. ആകർഷണിയമായ ഒരുപാട് നിറങ്ങൾ ഉള്ള മനോഹരമായ ചെടിയാണിത്. ഒരുപാട് ഉയരത്തിൽ വളരാതെ തറയിൽ തന്നെ പടർന്നു വളരുന്ന ചെടിയാണ്. നർവ് പ്ലാന്‍റ്, മൊസൈക്ക് പ്ലാന്‍റ്, നെറ്റ് പ്ലാന്‍റ് എന്നൊക്കെ ഈ ചെടി അറിയപ്പെടും.
ഇതിന്‍റെ ഇലകളിലൂടെയുള്ള നേർത്ത വരകളാണ് ഇതിന് നർവ് പ്ലാന്‍റ് എന്ന പേര് കിട്ടാൻ കാരണം. ഈ ചെടിയുടെ ഒരുപാട് വെറൈറ്റി ഉണ്ട്. ചുവപ്പ്, പച്ച, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണ കാണുന്നത്. ഇൻഡോറായി വളർത്താൻ നല്ലൊരു ചെടിയാണിത്. ടെറാറിയത്തിന് പറ്റിയ ഇനമാണ്. ചെറിയ ചില്ല് ജാറുകളും മണ്ണും ഉപയോഗിച്ച് വീടകങ്ങളിൽ പൂന്തോട്ടമുണ്ടാക്കുന്നതിനെയാണ് ടെറാറിയം എന്ന് പറയുന്നത്. ചെറിയ ശ്രദ്ധ കൊടുത്താൽ നന്നായി വളർത്തിയെടുക്കാം. ചൂട് വലിയ പ്രശ്നമില്ലെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്താണ് വെക്കേണ്ടത്. ബ്രൈറ്റ് ലൈറ്റ് ഇഷ്ട്ടപ്പെടുന്നത് കൊണ്ട് ഇൻഡോർ ആയും ബാൽക്കണിയിലും വളർത്താം. തൂക്കിയിടുന്ന ഹാങിങ് പ്ലാന്‍റായും വളർത്താം. ഇലകളാണ് ഇതിന്‍റെ മനോഹാരിതയെങ്കിലും ചെറിയ പൂക്കൾ ഉണ്ടാകാറുണ്ട്. ഇത് കട്ട് ചെയ്തുകൊടുക്കുന്നത് നന്നാവും. ചെടി വളരാൻ ഇത് ഉപകരിക്കും. ചെട്ടിയിൽ വളർത്തുന്നതാണ് നല്ലത്. വെള്ളം കെട്ടി നിന്നാൽ ചെടി ചീത്തയായി പോകാൻ സാധ്യതയുള്ളതിനാൽ ഡ്രെയ്നേജ് സംവിധാനം ഒരുക്കണം. അതേസമയം, ചെറിയ ഇർപ്പം നിൽക്കുന്നതും നല്ലതാണ്. പോട്ടിങ് മിക്സ്, ഗാർഡൻ സോയിൽ, ചകിരിച്ചോറ്, ചാണകപ്പൊടി, വെർമി കംപോസ്റ്റ് എന്നിവയെല്ലാം ചേർക്കണം. എന്നും വെള്ളം സ്പ്രേ ചെയ്യുന്നത് നന്നാവും. ഇലകൾ വാടാതെ നോക്കി വെള്ളം ഒഴിക്കുക.
തണ്ടുപയോഗിച്ചും ഇല ഉപയോഗിച്ചും ഈ ചെടി നട്ടുവളർത്താം. വെള്ളത്തിലും വളർത്തിയെടുക്കാം.