ആഫ്രിക്കൻ വയലറ്റ്
text_fieldsസെൻറ്പോളിയ ഇനത്തിൽ ഉൾപ്പെട്ട കിഴക്കൻ ആഫ്രിക്കയിലെ ഉയർന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജന്മംകൊണ്ട ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. വർഷം മുഴുവനും പൂക്കൾ തരുന്ന ചെടിയാണിത്. സൂര്യപ്രകാശം കൂടുതൽ ആവശ്യമില്ല. നേരിട്ടുള്ള സൂര്യപ്രകാശം തീരെ പാടില്ല. ഇതിന്റെ ഇലകൾക്കും പൂക്കൾക്കും ഒരു പ്രത്യേക ഭംഗിയാണ്. വെൽവെറ്റ് പോലെയുള്ള പൂക്കളാണ്. നല്ല പച്ച നിറമാണ് ഇലകൾക്ക്. നൂറു കണക്കിന് ഹോർട്ടികൾച്ചർ വൈവിധ്യങ്ങൾ ഈ ഗണത്തിനുണ്ട്. പല വലുപ്പത്തിലെ പൂക്കൾ, നിറങ്ങൾ, മിനിയേച്ചർ ചെടികൾ എന്നിവ ഇതിലുണ്ട്. ബാസൽ ക്ലസ്റ്റർ പോലെ അടുക്കി വെച്ചിരിക്കുന്ന ഇതിന്റെ ഇലകൾക്ക് നല്ല ഭംഗിയാണ്. ഇതിന്റെ അറ്റം വേരിനോട് ചേർന്ന് നിൽക്കും. വയലറ്റ്, വെള്ള, പിങ്ക്, ചുവപ്പ് അങ്ങനെ പല നിറങ്ങളിലുണ്ട് പൂക്കൾ.
ഇതിന്റെ ഇലകൾ മുറിച്ചു എടുത്താണിത് വളർത്തിയെടുക്കുന്നത്. ചെടിക്ക് വെള്ളം അത്യാവശ്യമാണ്. എന്നാൽ വെള്ളം കൂടുതലായാൽ ചെടി ചീഞ്ഞുപോകും. മണ്ണ് നന്നായി പരിശോധിച്ച ശേഷം വെള്ളം കൊടുക്കാം.ഇത് നടാൻ ആഴമില്ലാത്ത ചട്ടി തിരഞ്ഞെടുക്കുക. ഈ ചെടിയുടെ വേരുകൾ അധികം താഴേക്ക് പോകില്ല. മണ്ണ്, മണൽ, ചകിരിച്ചണ്ടി, പെരിലൈറ്റ് എന്നിവ മിക്സ് ചെയ്യാം. ചകിരിച്ചണ്ടി, പെരിലൈറ്റ് എന്നിവ മത്രമായലും കുഴപ്പമില്ല. വളമായിട്ട് ലിക്വിഡ് ഫെർടിലൈസറാണ് നല്ലത്. ഒരു ലിറ്റർ വെള്ളത്തിൽ അര ടീസ്പൂൺ 19:19:19 പതിനഞ്ചു ദിവസം കൂടുമ്പോൾ കൊടുക്കാം. ചെടിയുടെ ചുവട്ടിലാണ്(മണ്ണിൽ) ഒഴിക്കേണ്ടത്.
പൂക്കൾ ഉണ്ടയില്ലങ്കിൽ എൻ.പി.കെ 15:30:15 ഒരു ലിറ്റർ വെള്ളത്തിൽ അര ടീസ്പൂൺ അലിയിച്ച് കൊടുക്കാം. ഇത് മണ്ണിലായിരിക്കണം സ്പ്രേ ചെയ്യേണ്ടത്. കുറച്ച് ശ്രദ്ധിച്ചാൽ ആഫ്രിക്കൻ വയലറ്റ് വളർത്തിയെടുക്കാം, ഗാർഡൻ മനോഹരമാക്കുകയും ചെയ്യാം.