പുറത്ത് നല്ലൊരു വെർട്ടിക്കൽ ഗാർഡൻ എങ്ങനെ തയാറാക്കാം
text_fieldsവെർട്ടിക്കൽ ഗാർഡൻ തയാറാക്കുമ്പോൾ ആദ്യം അറിയേണ്ടത് ചെടികൾ വെക്കേണ്ട സ്ഥലത്തെ കുറിച്ചാണ്. നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെന്ന് ഉറപ്പാക്കണം. അതനുസരിച്ച് വേണം ചെടികൾ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശം നല്ലത് പോലെ ലഭിക്കുന്ന സ്ഥലമാണെങ്കിൽ പോട്ടിങ് മിക്സ് തയ്യാറാക്കുന്നതും ശ്രദ്ധിക്കണം. റിയോ, പെഡലാന്തസ്, റെപ്സാലിസിസ് തുടങ്ങിയ വെയിൽ കൊണ്ടാലും നന്നായി വളരുന്ന ചെടികളെ തിരഞ്ഞെടുക്കാം. വെള്ളം എന്നും കൊടുക്കണം. പോട്ടിങ് മിക്സിൽ ചകിരിച്ചോർ കൂടുതൽ ചേർക്കുക, പിന്നെ മണ്ണും വളങ്ങളും.
സൂര്യപ്രകാശം അധികം ലഭിക്കാത്ത സ്ഥലത്ത് നമുക്ക് ഇതുപോലെ സ്പൈഡർ പ്ലാന്റ്, സിഗോണിയം, മണി പ്ലാന്റ്സ്, കലാഡിയം, അഗലോനീമ എന്നിവ തിരഞ്ഞെടുക്കാം. പോട്ടിങ് മിക്സ് അധികം ചകിരിച്ചോർ ചേർക്കണ്ടതില്ല. ചെടികൾ വളരുന്നതനുസരിച്ച് വെട്ടിച്ചെറുതാക്കി കൊടുക്കണം. പൂക്കൾ തരുന്ന ചെടികളും വളർത്താം. സൂര്യപ്രകാശം ഉള്ളിടത്ത് പത്തുമണി ചെടി നടാം. ഇതിന് നല്ല ഭംഗിയുണ്ടാകും. പത്ത് മണി പല തരത്തിലുണ്ട്. ചെടികൾ വളർത്തുന്നത് ചെടികളുടെ സ്വഭാവവും, സ്ഥലത്തിന്റെ സ്വഭാവവും നോക്കിയായിരിക്കണം.


