ഇള വെയിലിൽ തിളങ്ങും മൈക്കൻ ഓറിയ വേറിഗേറ്റഡ്
text_fieldsഫിലോഡെൻഡ്രോൺ വിഭാഗത്തിൽ പെട്ട വളരെ മനോഹരമായ ഒരു ചെടിയാണ് മൈക്കൻ ഓറിയ വേറിഗേറ്റഡ്. ഇതിന്റെ ഇലകൾ തന്നെ ആണ് ആകർഷണീയമായത്. പച്ചയും മഞ്ഞയും വെള്ളയും നിറങ്ങളിൽ വെൽവെറ്റ് പോലെ ഹൃദയാകൃതിയിലാണ് ഇലകൾ.
ഇൻഡോറായി വളർത്തുന്ന എല്ലാ ചെടികൾക്കും ചെറിയ രീതിയിലെങ്കിലും സൂര്യപ്രകാശം ആവശ്യമാണ്. നേരിട്ട് സൂര്യപ്രകാശത്തിന് രാവിലെയുള്ള ഇളം വെയിൽ മതി. അല്ലെങ്കിൽ നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലത്ത് വെക്കണം. കടുത്ത വെയിലടിച്ചാൽ ഇലകൾ പൊള്ളിപ്പോകും. ഇളം വെയിൽ കിട്ടിയില്ലെങ്കിൽ ഇലകൾക്ക് സ്വാഭാവിക നിറം കിട്ടുകയുമില്ല. ഈ നിറങ്ങളാണ് ഈ ഇലയുടെ ഭംഗി.
തെക്കേ അമേരിക്കയിലുള്ള ട്രോപ്പിക്കൽ മഴക്കാടുകൾ ആണ് മൈക്കൻ ഓറിയ വേറിഗേറ്റഡിന്റെ ജന്മനാട്. ഈ ചെടിയെ തൂക്കിയിട്ട് വളർത്തിയെടുക്കാം. ൈക്ലംബർ ആയും വളർത്താം. അധിക രാസവളം വേണ്ട. സാധാരണ ഫിലോഡെൻഡ്രോണിന് കൊടുക്കുന്ന വളങ്ങൾ മതി. വസന്തകാലവും വേനൽകാലവും ആണ് നടാൻ ഏറ്റവും നല്ലത്.
പൂക്കൾ ഉണ്ടാവുമെങ്കിലും അതിനേക്കാൾ ഭംഗി ഇലകൾക്കാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പൂക്കളിലേക്ക് അധികം ശ്രദ്ധ പതിയാറില്ല. അധികം വലുതാക്കി നിർത്താൻ ഇഷ്ടമില്ലാത്തവർക്ക് ഇതിനെ പ്രൂൺ ചെയ്യാം. പ്രൂൺ ചെയ്തു കിട്ടിയ തണ്ടുകൾ പ്രോപ്പഗേറ്റ് ചെയ്യാനും എടുക്കാം. വെള്ളത്തിലിട്ടും പ്രോപ്പഗേറ്റ് ചെയ്യാവുന്നതാണ്.
വാർച്ചയുള്ള ചെടിച്ചട്ടി നോക്കി വേണം എടുക്കാൻ. മണ്ണിന് എപ്പോഴും നനവ് ആവശ്യമാണ്. മണ്ണ് വലിയ രീതിയിൽ ഉണങ്ങാൻ പാടില്ല. ആവശ്യത്തിന് വെള്ളം കൊടുക്കണം. വെള്ളം ദിവസവും സ്പ്രേ ചെയ്തു നൽകുന്നത് നല്ലതാണ്.
വെള്ളം കുറഞ്ഞാൽ അതിന്റെ ഇലകൾ ചുരുണ്ട് വരും. ഫിലോഡെൻഡ്രോൺ കലക്ഷൻ ഉള്ളവർക്ക് കൂടെ കൂട്ടാൻ പറ്റിയ ഒരു ചെടിയിനമാണിത്.