പരിമളം വിതറി വീട്ടുമുറ്റത്ത് മണിമുല്ലപ്പന്തൽ
text_fieldsവീട്ടുമുറ്റത്തെ പൂത്തുലഞ്ഞ മണിമുല്ലപ്പൂക്കൾക്കൊപ്പം ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന രാജനും ഭാര്യ ഉഷാകുമാരിയും
ചെങ്ങമനാട്: വീട്ടുമുറ്റത്തെ മണിമുല്ല പൂക്കളുടെ സുഗന്ധം നാട്ടിൽ പരിമളം പരത്തുന്നു. ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച രാജന്‍റെ (തീർത്ഥം) വീട്ടുമുറ്റം മണിമുല്ല പൂക്കളാൽ നിറഞ്ഞു.
മണിമുല്ലപ്പൂക്കൾ വലയം ചെയ്ത വീടും പരിസരവും അയൽവാസികൾക്കും സുഹൃത്തുക്കൾക്കും സായാഹ്നത്തിലെ ആനന്ദത്തിന്‍റെ സന്ദർശന ഇടമാണ്. ഇ.എസ്.ഐ നഴ്സായി വിരമിച്ച ഭാര്യ ഉഷാകുമാരി രണ്ടര വർഷം മുമ്പ് അത്താണി കേരള കിസ്സാൻ കേന്ദ്രയിൽ നിന്നാണ് മണിമുല്ലയുടെ ചെറിയ തൈ വാങ്ങിയത്. പിറ്റേവർഷം തന്നെ പൂവിട്ടു.
ഈ വർഷം പൂക്കൾ മൂന്നിരട്ടിയായി. രാജന്‍റെ വീട്ടിലെ പൂത്തുലഞ്ഞ മണി മുല്ല വിരിഞ്ഞാൽ ആരും പറഞ്ഞറിയിക്കണ്ട. പരിസര വീടുകളിൽ ആ പരിമളമെത്തും. അതോടെ പതിവ് പോലെ പൂക്കൾ കാണാനും, ആസ്വദിക്കാനും അവരെത്തും.
വർഷത്തിൽ ഒരു പ്രാവശ്യം മാത്രമാണ് മണിമുല്ല പൂവിടുന്നത്. നല്ല ഭംഗിയും സുഗന്ധവുമുള്ളതാണ് പൂക്കൾ. വാണികളേബരം വായനശാല പ്രവർത്തകൻ കൂടിയായ രാജന്‍റെ സഹപാഠികളിലും മണി മുല്ല പൂക്കൾ ആകർഷിച്ചതോടെ അവരും മണി മുല്ലകൃഷിയെക്കുറിച്ച് ആലോചിക്കുകയാണ്.


