പച്ച പുൽത്തകിടി ഒരുക്കാം
text_fieldsമുറ്റത്ത് ടൈൽ പാകാതെ കുറഞ്ഞ ചെലവിൽ വൃത്തിയായി സൂക്ഷിക്കാനും പച്ചപ്പ് നിറക്കാനും വെച്ചുപിടിപ്പിക്കുന്നവയാണ് പുൽത്തകിടികൾ. അധികം ചെലവില്ലാതെ മുറ്റം ഭംഗിയായി ഒരുക്കാൻ ഈ പുല്ലുകൾക്ക് സാധിക്കും. കറുക, ബഫലോ ഗ്രാസ്, കാര്‍പറ്റ് ഗ്രാസ്, ഗുസ് ഗ്രാസ്, സെന്റ് അഗസ്റ്റിന് ഗ്രാസ് തുടങ്ങിയവയാണ് വീട്ടുമുറ്റത്ത് വളർത്താൻ സാധിക്കുന്നവ.
നല്ല സൂര്യപ്രകാശവും നീർവാഴ്ചയുമുള്ള സ്ഥലത്ത് പുല്ലുവളർത്താം. പുല്ല് നടുന്നതിനു മുമ്പ് നന്നായി നിലം കിളച്ച് ഒരുക്കണം. കിളച്ച് ഒരുക്കിയ മണ്ണ് നന്നായി സൂര്യപ്രകാശം ലഭിക്കാനായി കുറച്ചുദിവസം വെറുതെയിടണം. നടുന്നതിനു മുമ്പ് മേൽവളമായി ചാണകപ്പൊടിയും എല്ലുപൊടിയും ചേർത്തുകൊടുക്കുന്നത് പുല്ലിന്റെ വളർച്ച വേഗത്തിലാക്കും. കളകളും പുല്ലും പറിച്ചു മാറ്റിയശേഷം വേണം പുല്ല് നടാൻ. കല്ലുകളും കട്ടകളും ഒഴിവാക്കുകയും വേണം.
എട്ട് സെന്റിമീറ്റർ അകലത്തിൽ പുല്ലിന്റെ തണ്ട് നട്ട് നന്നായി നനച്ചുനൽകണം. വിത്ത് വിതച്ചാണ് പുൽത്തകിടി ഒരുക്കുന്നതെങ്കിൽ വിത്ത് വിതറിയ ശേഷം മണല്‍ പാകി നൽകുന്നത് നല്ലതാണ്. വിത്ത് വിതറിയ സ്ഥലം നന്നായി നനച്ചുകൊടുക്കുകയും വേണം. വിത്ത് മുളച്ച് പുല്ല് ആകാന്‍ ഏകദേശം മൂന്ന് മുതല്‍ അഞ്ചു വരെ ആഴ്ച വേണ്ടിവരും. അഞ്ച് സെ.മീ കൂടുതല്‍ വളര്‍ന്നാല്‍ പുല്ലുകൾ വെട്ടി നിരപ്പാക്കി നിർത്താം.
മൂന്നു മാസമാകുമ്പോഴേക്കും മനോഹരമായ പുൽത്തകിടി തയാറാകും. പുൽത്തകിടി ഒരുങ്ങിക്കഴിഞ്ഞാൽ കളകൾ ഇടക്കിടെ പിഴുതുമാറ്റണം. മഴയില്ലെങ്കിൽ നനക്കാൻ ശ്രദ്ധിക്കണം. വേനൽക്കാലത്ത് ഇലകൾ കരിഞ്ഞാലും പുതുമഴയിൽ പുല്ലുകൾ കിളിർത്തുവരും.