പുരപ്പുറ സോളാർ: ഫീസുകൾ ഒഴിവാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: പുരപ്പുറ സോളാർ പ്ലാന്‍റുകൾ സ്ഥാപിക്കുന്നവർ നൽകേണ്ട അപേക്ഷ, രജിസ്ട്രേഷൻ ഫീസുകൾ ഒഴിവാക്കാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. നിലവിൽ അപേക്ഷാ ഫീസിനത്തിൽ 1000 രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ കിലോവാട്ടിന് 1000 രൂപയുമാണ് ഈടാക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ എല്ലാ വൈദ്യുത വിതരണ കമ്പനികൾക്കുമായി പി.എം സൂര്യഘർ പദ്ധതിയുടെ ഭാഗമായി 4950 കോടി നീക്കിവച്ചുവെന്നും ഇതിൽ നിന്നും കെ.എസ്.ഇ.ബിക്ക് 172 കോടി അനുവദിച്ചതായും കത്തിലുണ്ട്. ഈ തുക രജിസ്ട്രേഷൻ, അപേക്ഷ ഫീസുകൾ ഒഴിവാക്കാനാണെന്ന് കേന്ദ്രം വിശദീകരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കായി കോമേഴ്സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജീനീയറെ ഡയറക്ടർ ബോർഡ് ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കി.