സംഗീത പൂവ്
text_fieldsറോത്തക മൈക്രോഫില്ല എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. അധിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണ്. പല പേരുകളിൽ അറിയപ്പെടുന്നു. മ്യൂസിക്കൽ നോട്ട്, വിച്ചസ് ടങ്, മോർണിങ് കിസ് അങ്ങനെ അങ്ങനെ. ഇതൊരു കുറ്റിച്ചെടിയാണ്. ചെറിയ ഇലകളാണ്. പൂക്കളേക്കാൾ ഭംഗി മൊട്ടുകൾക്കാണ്. മൊട്ടുകൾ കണ്ടാൽ സംഗീത കുറുപ്പ് പോലെ തോന്നും (മ്യൂസിക്കൽ നോട്ട്). ഒരു കൂട്ടം കുലകളായാണ് മൊട്ടുകൾ ഉണ്ടാകാറ്. വെള്ള നിറമാണ് പൂക്കൾക്ക്. രാത്രി സമയത്താണ് വിരിയാറ്. ഇതിന്‍റെ മൊട്ടുകൾ 3,4 ഇഞ്ച് നീളത്തിലുള്ള വെള്ള ട്യൂബ് കൂടിയുള്ളതാണ്.
രാത്രി സമയങ്ങളിൽ വിരിയുന്ന എല്ലാ പുഷ്പങ്ങൾക്കും നല്ല സുഗന്ധവും വെള്ള നിറവുമാണ്. രാത്രിയിൽ വരുന്ന വവ്വാലുകൾ, നിഷ ശലഭങ്ങൾ തുടങ്ങിയ ജീവികൾക്ക് ചന്ദ്രന്‍റെ പ്രകാശത്തിൽ ഈ പൂക്കളെ പെട്ടന്ന് കാണാൻ സാധിക്കും. അത് വഴി പരാഗണം നടക്കും. ഇതിന്‍റെ പൂക്കൾ രണ്ടാഴ്ച വരെ നിൽക്കുന്നതാണ്. ചെട്ടിയിലും മണ്ണിലും വളർത്താൻ പറ്റിയ ചെടിയാണ്. ചെറിയ വരൾച്ച അതിജീവിക്കാൻ സാധിക്കും. നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കരുത്. ഇളം വെയിൽ അല്ലെങ്കിൽ, നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലം നോക്കി വളർത്തിയെടുക്കാം.
നല്ല ഡ്രൈനേജ് ഉള്ള ചട്ടിയിൽ പോട്ടിങ് മിക്സ് തയ്യാറാക്കാം. ഗാർഡൻ സോയിൽ, ചകിരി ചോറ്, ചാണകപ്പൊടി, എല്ലുപൊടി, എന്നിവ യോജിപ്പിക്കാം. ഇത് എളുപ്പമുള്ള ഒരു പോട്ടി മിക്സ് ആണ്. ചാണകപ്പൊടിയുടെ കൂടെ കമ്പോസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാം. ദ്രാവക രൂപത്തിലുള്ള രാസവളം വേണമെങ്കിൽ ഉപയോഗിക്കാം. കൈവശമുള്ളത് ഏത് ഫെർട്ടിലൈസർ ആണോ അത് ഉപയോഗിക്കാം. പൂക്കളെല്ലാം പിടിച്ചതിനു ശേഷം പ്രൂൺ ചെയ്യുന്നത് നല്ലതാണ്. നല്ല ആകൃതിയിൽ വളരാൻ ഇത് സഹായിക്കും. ഇതിന്‍റെ കട്ടിയുള്ള തണ്ട് മുറിച്ച് വെച്ച് മണ്ണിലും വെള്ളത്തിലും വളർത്തിയെടുക്കാം. വെള്ളത്തിൽ ഇതിന്‍റെ വേര് പിടിപ്പിച്ചെടുക്കാൻ എളുപ്പമാണ്. കട്ടിയുള്ള ഒരു തണ്ട് എടുത്ത ശേഷം ഏറ്റവും താഴെയുള്ള ഇലകൾ മാറ്റി വെള്ളത്തിൽ ഇടുക. ഇതിന്‍റെ അരികൾ വെച്ചും തൈകൾ കിളിപ്പിച്ച് വളർത്തിയെടുക്കാം.


