Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightവൈദ്യുതി ബില്ല്...

വൈദ്യുതി ബില്ല് കുറക്കണോ ? വഴിയുണ്ട്, ഇങ്ങോട്ട് വായോ

text_fields
bookmark_border
വൈദ്യുതി ബില്ല് കുറക്കണോ ? വഴിയുണ്ട്, ഇങ്ങോട്ട് വായോ
cancel

പണ്ട് വൈദ്യുതി ബിൽ വന്നാൽ സാധാരണ കടലാസുപോലെ മാറ്റിവെക്കും. എന്നാൽ, ഇന്ന് ആ കടലാസ് തുറക്കാൻ പലർക്കും മടിയാണ്. കാരണം അതിലെ അക്കങ്ങൾ കാലത്തിനൊപ്പം കുതിച്ചുയരുകയാണ്. ഫാനും ലൈറ്റും ഫ്രിഡ്ജും മാത്രമല്ല, ഇന്ന് മിക്സിയും വാട്ടർ ഹീറ്ററും വാഷിങ് മെഷീനുമെല്ലാം ചേർന്ന് വൈദ്യുതി മീറ്ററിന്റെ സൂചി അതിവേഗം ഉയരുകയാണ്. എങ്കിലും, അൽപം ശ്രദ്ധയും ദീർഘ വീക്ഷണവും ഉണ്ടെങ്കിൽ ബാധ്യത ഗണ്യമായി കുറക്കാനാക്കും.


ചെറിയ മാറ്റം, വലിയ ലാഭം

വീട്ടിലെ പഴയ ബൾബുകളോട് വിടപറയാം. മഞ്ഞവെളിച്ചം പരത്തുന്ന പരമ്പരാഗത ബൾബുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ചാൽ വൈദ്യുതി ഉപഭോഗം 70 ശതമാനത്തോളം കുറക്കാനാക്കും. അതും വെളിച്ചത്തിന്റെ തിളക്കം കുറയാതെ തന്നെ. ഫാനും എ.സിയും ആവശ്യമില്ലാത്തപ്പോൾ ഓഫ് ചെയ്യുക എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്ന ശീലമാണ്. ഫ്രിഡ്ജും വാഷിങ് മെഷീനും കൃത്യമായി പരിപാലിച്ചാൽ അവയുടെ കാര്യക്ഷമത നിലനിൽക്കും, വൈദ്യുതി നഷ്ടവും കുറക്കാൻ സാധിക്കും.

വീടിന്റെ ജനലുകളും വാതിലുകളും പകൽ വെളിച്ചവും കാറ്റും അകത്തേക്ക് കടക്കുന്ന തരത്തിൽ ക്രമീകരിച്ചാൽ, പകൽസമയം ലൈറ്റും ഫാനും ഇടേണ്ട ആവശ്യം ഇല്ലാതാകും. പുതിയ ഉപകരണങ്ങൾ വാങ്ങുമ്പോൾ സ്റ്റാർ റേറ്റിങ് കൂടുതലുള്ളവ തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കാത്ത ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടുന്നതും 'ഫാന്റം ലോഡ്' എന്ന നിശബ്ദ വൈദ്യുതി ചോർച്ച തടയാൻ സഹായിക്കും.


സൂര്യനെ കൂട്ടുപിടിക്കുമ്പോൾ

ഇത്രയും ശീലങ്ങൾ ദൈനംദിന ബില്ലിൽ ആശ്വാസം നൽകുമെങ്കിലും ദീർഘകാല പരിഹാരത്തിന് സൂര്യപ്രകാശത്തെക്കാൾ മികച്ച മറ്റൊരു ഉറവിടമില്ല. വീടിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾ, ദിവസവും വെറുതെ പതിച്ചുപോകുന്ന സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്നു. തുടക്കത്തിൽ നിക്ഷേപം അൽപം കൂടുതലാണെന്ന് തോന്നാമെങ്കിലും കേരളത്തിൽ സർക്കാർ നൽകുന്ന സബ്സിഡികൾ ഈ ഭാരത്തെ ലഘൂകരിക്കുന്നു.

ഏറ്റവും ആകർഷകമായ വശം നെറ്റ് മീറ്ററിങ് സംവിധാനമാണ്. വീട്ടിൽ ഉപയോഗിക്കാത്ത അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി ക്രെഡിറ്റ് നേടാം. ഇത് മാസാന്ത്യ ബില്ലിനെ വലിയ തോതിൽ കുറക്കും. ശരാശരി കണക്കനുസരിച്ച്, അനുയോജ്യമായ സോളാർ സംവിധാനം അഞ്ചു മുതൽ ഏഴു വർഷത്തിനുള്ളിൽ നിക്ഷേപം തിരിച്ചുപിടിക്കും. ശേഷം വരുന്ന വർഷങ്ങളിൽ സൂര്യൻ ഉള്ളിടത്തോളം കാലം ഏതാണ്ട് സൗജന്യമായ വൈദ്യുതി ലഭിക്കുമെന്നതാണ് വലിയ സമ്മാനം.

ചുരുക്കത്തിൽ, ദൈനംദിന ജീവിതത്തിലെ ചെറിയ ശീലമാറ്റങ്ങളും സോളാർ പാനൽ പോലുള്ള ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളും ചേർന്നാൽ, വൈദ്യുതി ബിൽ കുറക്കാൻ സാധിക്കും. അതേസമയം, പ്രകൃതിയോട് നീതി പുലർത്തുന്ന ജീവിതശൈലിയിലേക്കുള്ള ഒരു ചുവടുവെപ്പുമാകും.

Show Full Article
TAGS:electricity bill solar panel KSEB Lights griham 
News Summary - Want to reduce your electricity bill? There is a way, come here
Next Story