ലിവിങ് റൂം എങ്ങനെ ആകർഷകമായി ഒരുക്കാം; ഇതാ ഒരു ഗൈഡ്
text_fieldsഉറപ്പായും വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറികളിലൊന്നാണ് ലിവിങ് റൂം. വിശ്രമിക്കാനോ വായിക്കാനോ ജോലി ചെയ്യാനോ ഭക്ഷണം കഴിക്കാനോ ഗൃഹപാഠം ചെയ്യാനോ ഉള്ള ഇടമാക്കിയും ഇതിനെ ഉപയോഗിക്കാം.
നിങ്ങൾക്കിത് ഏതു തരത്തിലുള്ള സ്ഥലമാണെന്നും നിങ്ങൾ ഏതു തരം വ്യക്തിയാണ് എന്നതിനെയും ആശ്രയിച്ചാവണം ലിവിങ് റൂം സജ്ജീകരിക്കേണ്ടത്. വൈകുന്നേരങ്ങളിൽ ചായയും പുസ്തകവുമായി വിശ്രമിക്കാൻ ആ സ്ഥലം ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? അതെയെങ്കിൽ, സോഫക്കടുത്ത് ഗ്ലാസ് വെക്കാൻ ഒരു സൈഡ് ടേബിളും വായിക്കാൻ ഒതുക്കമുള്ള ഒരു ലൈറ്റും നിങ്ങൾ ആഗ്രഹിച്ചേക്കാം. അതല്ലയെങ്കിൽ, ഇവയെ ഒഴിവാക്കാം. പകരം വലിയ സോഫകൾ തിരഞ്ഞെടുക്കാം.
ലിവിങ് റൂം ഫർണിച്ചറിൽ പരിഗണിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മിക്കയാളുകളും എപ്പോഴും സോഫയിൽ നിന്നാണ് തുടങ്ങുക. സുരക്ഷിതവും സുഖപ്രദവുമായ സോഫകൾക്ക് പ്രാധന്യം നൽകുന്നവരും അതോടൊപ്പം കാഴ്ചയിലെ പ്രൗഢിക്ക് മുൻഗണന നൽകുന്നവരും നിങ്ങളിലുണ്ടാവാം.
പണം ഒരു ഘടകമാവില്ലെങ്കിൽ വലിയ ബജറ്റുകൾക്ക് അതിമനോഹരമായവ ലഭിക്കും. സോഫകൾ വലിയ തോതിലുള്ള സ്ഥലം കവരും. അതിനാൽ നിങ്ങൾ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നതെങ്കിൽ ഒതുക്കമില്ലാത്ത സോഫകൾക്കായി അമിത തുക നീക്കിവെക്കുന്നത് ഒഴിവാക്കുക. പകരം ലളിതമായവ തിരഞ്ഞെടുക്കാം.
ഏറ്റവും കൂടുതൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലത്ത് സോഫ സ്ഥാപിക്കുക. ജനലിലൂടെ പുറത്തേക്ക് കാണാവുന്ന വിധത്തിലാവാം. നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് ആകർഷിക്കപ്പെടുക എന്നതാണ് സ്ഥലം തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം.
ലിവിങ് റൂമിലെ മറ്റ് ഭാഗങ്ങളെ തടസപ്പെടുത്താത്തവിധം ശരിയായ രീതിയിൽ ഫർണിച്ചർ സ്ഥാപിക്കാം. കോഫി ടേബിളിന്റെ വീതിയും നീളവും വാതിൽ തുറക്കുന്നതിനെയോ കാലുകൾ നീട്ടി വെക്കുന്നതിനെയോ തടസ്സപ്പെടുത്താത്ത വിധത്തിൽ ആവാം.
ഫർണിച്ചർ ഇടുന്നതിനു മുമ്പ് മുറിയുടെ മുക്കും മൂലയും അളക്കുക. എത്ര വരെ ഉയരമാവാം എന്നതും ശ്രദ്ധിക്കുക. ഉദാഹരണത്തിന്: ഒരു ടേബിളിന് 75cm, ഒരു കോഫി ടേബിളിന് 40cm എന്നിങ്ങനെ. തിരഞ്ഞെടുപ്പിൽ തെറ്റുകൾ ഒഴിവാക്കാൻ A3 പേപ്പറിന്റെ ഒരു കഷ്ണത്തിൽ സ്കെയിൽ ഡ്രോയിംഗുകൾ ഉപയോഗിച്ച് മുറിയുടെ കോൺഫിഗറേഷൻ നോക്കാം. മുറിയുടെ ലേഔട്ട് പരീക്ഷിക്കുന്നതിന് തറയിൽ മാസ്കിംഗ് ടേപ്പ്, പേപ്പർ അല്ലെങ്കിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ഫർണിച്ചറുകളുടെ യഥാർത്ഥ അളവുകൾ നിങ്ങൾക്ക് പരിശോധിക്കാം.
സോഫ സ്ഥാപിച്ചു കഴിഞ്ഞാൽ, ഇനി അനുയോജ്യമായ മറ്റ് ഇരിപ്പിടങ്ങളെക്കുറിച്ച് ചിന്തിക്കാം. ഡേബെഡുകളോ സുഖപ്രദമായ ചാരുകസേരയോ ഇട്ടാൽ മനോഹരമാവും. ഒപ്പം നിങ്ങൾക്ക് ഒരു ബേ വിൻഡോ ഉണ്ടെങ്കിൽ, വിൻഡോ സീറ്റുകളോ ബെഞ്ചുകളോ പരിഗണിക്കാം.
വിശ്രമിക്കുന്ന കപ്പുകൾക്കും മറ്റുമായി ഡ്രോയറുകളുള്ള കോഫി ടേബിളുകൾ അല്ലെങ്കിൽ താഴ്ന്ന ഷെൽഫുകൾ ആവാം.
ജാലകവിരികൾ കൊണ്ടും ലിവിങ് റൂമിൽ മായാജാലം തീർക്കാം. രണ്ട് പ്ലെയിൻ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക. എന്നിട്ട് ഒരു ചെറിയ സ്കെയിൽ പാറ്റേൺ, ഒരു വലിയ പാറ്റേൺ എന്നിങ്ങനെ മിക്സ് ചെയ്തു വിരിയിട്ടു നോക്കൂ.
നല്ല വെളിച്ചം ലിവിങ് റൂമിലെ അന്തരീക്ഷത്തിന് അത്യന്താപേക്ഷിതമാണ്. സായാഹ്ന മോഡിന് വാൾ ലൈറ്റുകൾ മികച്ചതാവും. ആഹ്ലാദകരമായ സായാഹ്നങ്ങൾക്കായി സ്വർണ്ണ നിറമുള്ള ഉള്ള ലാമ്പ്ഷെയ്ഡുകളും ആവാം.
അലങ്കരിക്കാൻ പൂപ്പാത്രങ്ങൾ തിരഞ്ഞെടുക്കുക. ചിത്രപ്പണികളുള്ള വർണ ജാറുകൾ ഒതുക്കത്തിൽ വെച്ചുനോക്കൂ. കലാപരമായി ഒരുക്കിയ മുറി വ്യത്യസ്തവും ആകർഷണീയവുമായിരിക്കും. ഭിത്തിയിലെ ഫോട്ടോഗ്രാഫുകളും ഇതിനുള്ള നല്ലൊരു ചേരുവയാണ്.