അടുക്കളയിൽ സ്‌പോഞ്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ നിറങ്ങൾ ശ്രദ്ധിക്കണം
text_fieldsസ്പോഞ്ചില്ലാത്ത അടുക്കളകളില്ല. പാത്രങ്ങൾ വൃത്തിയാക്കാൻ അത്രയേറെ ഉപകാരിയാണ് ഈ ചെറിയ വസ്തു. നമ്മുടെ അടുക്കളകളിൽ പൊതുവായി ഉപയോഗിക്കുന്നതും നാം വാങ്ങുന്നതും പച്ചയും മഞ്ഞയും വശങ്ങളോടുള്ള സ്പോഞ്ചാണ്. എന്നാൽ, വിവിധ നിറത്തിലുള്ള സ്പോഞ്ചുകൾ വിപണിയിലുണ്ട്.
മഞ്ഞക്ക് പുറമെ നീല, പിങ്ക്, ചുവപ്പ് നിറങ്ങളിൽ ഇവ ലഭ്യമാണ്. കേവലം ഭംഗിയല്ല ഇവയുടെ യഥാർഥ ലക്ഷ്യം. വിവിധ പാത്രങ്ങൾക്കും കറകൾക്കും ഉപയോഗിക്കേണ്ടവ തിരിച്ചറിയാനുള്ള കളർ കോഡുകളാണിവ. പച്ചമാംസവും മറ്റും ഉപയോഗിച്ച പാത്രം കഴുകിയ അതേ സ്‌പോഞ്ച് മറ്റു പാത്രങ്ങളിൽ ഉപയോഗിക്കുന്നത് അണുക്കളുടെ വ്യാപനത്തിനിടയാക്കിയേക്കാം. നോൺ-സ്റ്റിക്ക് പാത്രങ്ങൾ പോലുള്ളവ വൃത്തിയാക്കാൻ ഇളം നിറമുള്ളവയാണ് നല്ലത്.
അതിലോലമായ പ്രതലങ്ങളിൽ ഇവയാണ് സുരക്ഷിതം. പച്ചയും മഞ്ഞയും വശങ്ങളുള്ളവയാണ് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. പരുപരുത്ത പച്ചഭാഗം കടുത്ത കറകൾ ഉരച്ചുകഴുകാൻ ഉപയോഗിക്കാം. മൃദുവായ മഞ്ഞഭാഗം കൂടുതൽ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട പാത്രങ്ങളിൽ ഉപയോഗിക്കാം. നിറവ്യത്യാസങ്ങളെ കുറിച്ച് സെലിബ്രിറ്റി ഷെഫ് അനന്യ ബാനർജി പറയുന്നത് ഇങ്ങനെ:
മഞ്ഞ: അടുക്കളയിലെ പൊതുവായ ശുചീകരണത്തിനുള്ളവയാണ് മഞ്ഞ നിറത്തിലുള്ള സ്‌പോഞ്ച്.
പിങ്ക്/ ചുവപ്പ്: മത്സ്യം, മാംസം തുടങ്ങിയവ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകളിൽ ബാക്ടീരിയയുടെ സാന്നിധ്യത്തിന് സാധ്യത കൂടുതലാണ്. ഇവ വൃത്തിയാക്കാൻ പിങ്ക്/ ചുവപ്പ് സ്പോഞ്ചുകളാണ് നല്ലത്.
നീല: എളുപ്പത്തിൽ പാടുകൾ വീഴാനിടയുള്ള ചില്ലുപാത്രങ്ങളുടെ പ്രതലങ്ങൾ വൃത്തിയാക്കാൻ നീല നിറത്തിലുള്ളവ ഉപയോഗിക്കാം.
പച്ച: കടുത്ത കറകൾ നീക്കാൻ ഇവയാണ് നല്ലത്


