രാത്രി മുഴുവൻ എ.സി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ, അറിയാതെ പോവരുത് ഈ 5 കാര്യങ്ങൾ
text_fieldsഅസഹനീയമായ ചൂട് അനുഭവപ്പെടുന്ന വേനൽക്കാല രാത്രികളിൽ എ.സിയുടെ കുളിരിൽ ഉറങ്ങുന്നത് എത്ര ആശ്വാസകരമാണ്! എന്നാൽ, രാത്രിയുടനീളം എയർ കണ്ടീഷണർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുക എന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നത് അറിയുമോ? രാത്രി മുഴുവൻ എയർ കണ്ടീഷണർ ഉപയോഗിക്കുകയാണെങ്കിൽ ഉയർന്ന വൈദ്യുതി ബില്ലുകൾ മാത്രമല്ല ചർമ വരൾച്ച, തൊണ്ടവേദന തുടങ്ങിയ നിരവധി പ്രശ്‌നങ്ങളിലേക്ക് അത് നയിക്കും.
മികച്ച ഉറക്കം ഉറപ്പാക്കാൻ രാത്രിയിൽ നിങ്ങൾ എ.സി ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ ഇതാ.
1. താപനില മിതമായി നിയന്ത്രിക്കുക
ആളുകൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് അവരുടെ മുറിയിലെ എയർ കണ്ടീഷണർ 16-18 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുന്നു എന്നതാണ്. ആദ്യം ഇത് മികച്ചതായി തോന്നുമെങ്കിലും നിങ്ങൾ ഉറങ്ങുമ്പോൾ അത് തീർച്ചയായും ശരീരത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങാൻ നിർദേശിക്കുന്ന അനുയോജ്യമായ താപനില ഏകദേശം 24-26 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് നിങ്ങളെ സുഖകരമായി നിലനിർത്തുകയും ഊർജ ഉപഭോഗം കുറക്കുകയും ചെയ്യും.
2. ടൈമർ അല്ലെങ്കിൽ സ്ലീപ്പ് മോഡ് ഉപയോഗിക്കുക
പല ആധുനിക എ.സികളിലും സ്ലീപ്പ് മോഡ് അല്ലെങ്കിൽ ടൈമർ ക്രമീകരണങ്ങൾ ഉണ്ട്. പക്ഷേ ആളുകൾ അത് ഉപയോഗിക്കാറില്ല. നിങ്ങൾ എ.സിക്ക് വലിയ വില നൽകുകയാണെങ്കിൽ വൈദ്യുതി ലാഭിക്കുന്നതിനും വീടിന് അനുയോജ്യമായ താപനില ക്രമീകരിക്കുന്നതിനും സഹായിക്കുന്ന ആ സവിശേഷതകൾ ഉപയോഗിക്കുക.
8 മണിക്കൂറിലധികം തുടർച്ചയായി എ.സി ഓണാക്കി വെക്കുന്നത് നിങ്ങളുടെ കറന്റ് ബിൽ വർധിപ്പിക്കുക മാത്രമല്ല. വായു വളരെയധികം വരണ്ടതാക്കുകയും ചെയ്യും. മുറിയിൽ ഒരു ‘ഹ്യുമിഡിഫയർ’ ഉണ്ടായിരിക്കണം. അത് മുറിയിലെ ഈർപ്പത്തെ സന്തുലിതമാക്കി നിർത്തും.
3. കിടക്ക വളരെ അടുത്ത് വെക്കാതിരിക്കുക
കിടക്ക തണുത്ത വായുപ്രവാഹത്തിന്റെ രേഖയിൽ നേരിട്ട് വരുന്നില്ലെന്ന് ഉറപ്പാക്കുക. ശരീരത്തിൽ നിരന്തരം തണുത്ത വായു അടിക്കുന്നത് രാവിലെയോടെ കഴുത്ത് വേദന, തലവേദന, തൊണ്ടവേദന എന്നിവക്ക് കാരണമാകും. കിടക്കയും എ.സി യൂനിറ്റും തമ്മിൽ കുറഞ്ഞത് 3–4 അടി അകലം പാലിക്കുക.
4. എ.സി ഫിൽറ്റർ വൃത്തിയാക്കുക
വൃത്തികെട്ട ഫിൽട്ടറുകൾ പൊടി, ബാക്ടീരിയ, അലർജി എന്നിവയിലേക്ക് വ്യാപിക്കും. ഇത് ആസ്ത്മ അല്ലെങ്കിൽ അലർജി ഉള്ളവർക്ക് പ്രത്യേകിച്ച് അപകടകരമാണ്. മെഷീൻ പതിവായി ഉപയോഗിക്കാൻ തുടങ്ങുമ്പോൾ എല്ലാ മാസവും ഫിൽട്ടറുകൾ വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം. ഇത് നിങ്ങളുടെ എ.സി കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
5. ജനലുകളും വാതിലുകളും അടച്ചിടുക
തുറസ്സുകളുള്ള മുറിയിൽ എ.സി ഉപയോഗിക്കുന്നത് ഊർജം പാഴാക്കുന്നു. നിങ്ങളുടെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ സൂര്യപ്രകാശം തടയാൻ കർട്ടനുകൾ ഉപയോഗിക്കുക. ഇത് ഉള്ളിലെ തണുത്ത വായുവിനെ നിലനിർത്താൻ സഹായിക്കുകയും എ.സിയിലെ മർദ്ദം കുറക്കുകയും ചെയ്യും.