രൺബീർ-ആലിയ ദമ്പതികളുടെ 250 കോടിയുടെ ബംഗ്ലാവിൽ പ്രത്യേക മുറികൾ ആർക്കൊക്കെ?
text_fieldsരൺബീർ കപൂറും ആലിയ ഭട്ടും മകൾ റാഹയോടൊപ്പം
ബോളിവുഡിന്‍റെ താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവർക്കും ഇന്ത്യൻ സിനിമയിൽ വലിയ ആരാധക പിന്തുണയാണ് ഉള്ളത്. ഇവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചറിയാൻ ആളുകൾ പൊതുവെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ദമ്പതികളുടെ പുതുതായ് നിർമിക്കുന്ന ബംഗ്ലാവാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീടിന്‍റെ നിർമാണം നടക്കുന്നതിനിടെ തന്നെ വിവരം ജനശ്രദ്ധ നേടിയിരുന്നു.
ആറ് നിലയില്‍ ആഢംഭരവും ആധുനികതയും ചേർന്ന വസതിയാണിത്. 250 കോടി രൂപ ചെലവിലാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തച്ഛന്‍ രാജ് കപൂറില്‍ നിന്നും കൈമാറി ലഭിച്ച ഭൂമിയിലാണ് രണ്‍ബീര്‍ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. രാജ് കപൂര്‍ മകന്‍ ഋഷി കപൂറിനും ഭാര്യ നീതുവിനും നല്‍കിയ സ്ഥലം അദ്ദേഹത്തിന്റെ മരണ ശേഷം രണ്‍ബീറിലേക്കും ആലിയയിലേക്കും വന്നുചേരുകയായിരുന്നു.
ഒരേ സമയം സിംപിള്‍, അതിനൊപ്പം സ്റ്റൈലിഷ് എന്ന് വീടിനെ വിശേഷിപ്പിക്കാം. ആറ് നിലകളുള്ള ബംഗ്ലാവിന്‍റെ രണ്ട് ഭാഗവും കണ്ണാടിയാണ്. ഓരോ നിലയിലും ചെടികള്‍ വെച്ച് മനോഹരമാക്കിയിട്ടുമുണ്ട്. ആറ് നിലകളില്‍ ഓരോ നിലയും പ്രത്യേകം ആവശ്യങ്ങള്‍ക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ വീട്ടിലേക്ക് ഉടൻ തന്നെ ആലിയയും രണ്‍ബീറും മകള്‍ റാഹയും താമസം മാറിയേക്കും. കൃഷ്ണരാജ് ബംഗ്ലാവ് എന്നാണ് പുതിയ വീടിന്റെ പേരെന്നും മകള്‍ റാഹയുടെ പേരിലാണ് പുതിയ വീട് രജിസ്റ്റര്‍ ചെയ്യുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാര സമാനമായ വീട് അതിന്‍റെ പ്രൗഢി കൊണ്ടും ആകർഷണീയതകൊണ്ടും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫറാഖാന്‍റെ പുതിയ വ്ലോഗിലൂടെ ബംഗ്ലാവിലെ തന്‍റെ മുറിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രൺബീറിന്‍റെ സഹോദരി റിധിമ കപൂർ. തനിക്കായ് മുറികൾ മാത്രമല്ല അമ്മയായ നീതു കപൂറിന് സ്വന്തമായൊരു നിലതന്നെ ബംഗ്ലാവിലുണ്ടെന്ന് ഇവർ വെളിപ്പെടുത്തി.
ആഡംബര പൂർണമായ പുതിയ വീടിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഇത് ആലിയക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി അവർ രംഗത്തെത്തിയിരുന്നു. വീഡിയോ പങ്കുവെക്കരുതെന്ന് താരം ആളുകളോട് അഭ്യർഥിച്ചു.
തന്റെ പുതിയ വീടിന്റെ വീഡിയോകൾ വൈറലാകുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കി ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കുറിപ്പ് പങ്കുവെച്ചു. “മുംബൈ പോലുള്ള ഒരു നഗരത്തിൽ സ്ഥലപരിമിതി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ചിലപ്പോൾ നിങ്ങളുടെ ജനാലയിൽ നിന്നുള്ള കാഴ്ച മറ്റൊരാളുടെ വീടായിരിക്കും. എന്നാൽ, അത് ആർക്കും സ്വകാര്യ വസതികൾ ചിത്രീകരിക്കാനും വീഡിയോകൾ ഓൺലൈനിൽ പ്രചരിപ്പിക്കാനും അവകാശം നൽകുന്നില്ല.”
തങ്ങളുടെ വീടിന്റെ വീഡിയോ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണെന്നും അവർ കുറിച്ചു. ഒരാളുടെ സ്വകാര്യ ഇടം അനുവാദമില്ലാതെ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് നിസാരമായി കണക്കാക്കില്ല. അത് സ്വകാര്യത ലംഘനമാണെന്നും ഒരിക്കലും സാധാരണവൽക്കരിക്കരുതെന്നും ആലിയ വ്യക്തമാക്കി.