ചെലവില്ലാതെ വീടിനെ അടിമുടി മാറ്റാം; ഇതാ ആറു ട്രിക്കുകൾ
text_fieldsവീടിന്റെ വലിപ്പത്തിലല്ല കാര്യം. അതു കൊണ്ടു നടക്കുന്നതിലാണ്. കൊട്ടാരംപോലുള്ള വീടുകൾ തന്നെ വേണമെന്നില്ല, ഉള്ളത് ചെറുതാണെങ്കിലും അടുക്കും ചിട്ടയിലുമാണെങ്കിൽ വിശാലവും മനോഹരവുമാകും. അൽപം സൗന്ദര്യബോധത്തോടെയാണ് അത് ചെയ്യുന്നതെങ്കിൽ അത്യാകർഷകവുമാക്കാം. കാര്യമായ ചെലവൊന്നുമില്ലാതെ എങ്ങനെ നമുക്ക് വീടിനെ റീ ഡിസൈൻ ചെയ്യാമെന്ന് നോക്കൂ. എവിടെ തുടങ്ങണം?
1. പ്രവേശന കവാടങ്ങളിൽ തടസ്സങ്ങളില്ലാതിരിക്കട്ടെ
മുൻവശം വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇത് പലപ്പോഴും വീടിനെക്കുറിച്ചുള്ള ആളുകളുടെ ആദ്യ മതിപ്പാണ്. സന്ദർശകർക്ക് മാത്രമല്ല, നിങ്ങൾക്കു തന്നെയും. വെളിച്ചവും ശുദ്ധവായുവും ഒഴുകുന്നതിനാൽ വാതിലുകൾ ജീവശക്തിയുടെ ഒരു കവാടമാണെന്നാണ് പൊതുവിൽ പറയുക. അതുകൊണ്ട് മുൻ വാതിൽ നിൽക്കുന്നിടത്ത് കഴിയുന്നത്ര തടസ്സങ്ങളില്ലാതിരിക്കട്ടെ.
നിങ്ങൾ അകത്തേക്ക് കടക്കുന്നിടത്ത് ചെരിപ്പുകൾ, ബാഗുകൾ, റെയിൻ കോട്ടുകൾ, അല്ലെങ്കിൽ കുടകൾ എന്നിങ്ങനെയുള്ള അലങ്കോലങ്ങൾ ഉണ്ടോ? എങ്കിൽ അവ വൃത്തിയായും ഒതുക്കിയും സൂക്ഷിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക. ഷൂവും അധികം ഉപയോഗിക്കാത്ത പാദ രക്ഷകളും സൂക്ഷിക്കാൻ ഒരു വശത്ത് റാക്കോ മറ്റുള്ളവക്ക് ചെറിയ മേശയോ സ്ഥാപിക്കാം. സാധനങ്ങൾ മനോഹരമായ ഒരു ബിന്നിലോ വെക്കാം. ബിന്നിനെ ഇഷ്ട നിറത്താലോ ചിത്രപ്പണികളാലോ ആകർഷണീയമാക്കാം.
2. വൃത്തിഹീനമായ സാധനങ്ങൾ ആദ്യം കൈകാര്യം ചെയ്യുക
ഇനി നിങ്ങൾ വീടിനകത്തും ചുറ്റിനും ഒന്നു കണ്ണു പായിക്കൂ. ഇരിപ്പിടത്തിലും ടേബിളിലും ഒക്കെയായി വലിച്ചുവാരിയിട്ട സാധനങ്ങൾ എല്ലാം ഒന്നൊതുക്കി നോക്കൂ. ആ പ്രവൃത്തിക്കൊടുവിൽ നിങ്ങളിൽ പോസിറ്റീവ് ഊർജ്ജം നിറയുമെന്നുറപ്പ്.
ഇനി പുറത്തേക്ക് ഇറങ്ങൂ. അവിടെ ആയിരിക്കാം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ. അത് നിങ്ങളുടെ മാനസികാസ്വാസ്ഥ്യം നശിപ്പിക്കാൻ പോന്നതാണെങ്കിൽ ആദ്യം അവ പരിഹരിക്കുക. പ്രശ്നം മാലിന്യമാണെങ്കിൽ ഈടുനിൽക്കുന്ന പരിഹാരം കാണുക. ചുറ്റുപാടും ഒതുക്കുമ്പോൾ കിട്ടുന്ന സ്ഥലത്ത് നല്ല ചട്ടികളിൽ ചെടികൾ നട്ടു നോക്കൂ. വീട്ടാവശ്യത്തിന് നുള്ളിയെടുക്കാവുന്ന പച്ചക്കറികളും നട്ടു നനയ്ക്കാം.
3. വീടിന്റെ ഏറ്റവും നല്ല ഭാഗത്ത് സമയം ചെലവഴിക്കുക
നിങ്ങളുടെ വീട്ടിലൂടെ നടന്ന് സ്വയം ചോദിക്കുക, ഏതാണ് ഏറ്റവും നല്ല ഭാഗമെന്ന്. സാധാരണയായി ഒരു ജാലകത്തിന് സമീപമായിട്ടായിരിക്കും ഏറ്റവും മനോഹരമായ സ്ഥലം. കൃത്രിമമല്ലാത്ത പ്രകാശത്തിന്റെയും പ്രകൃതിദത്ത വായുസഞ്ചാരത്തിന്റെയും ഉറവിടം എന്ന നിലയിൽ. പ്രകാശവും വായുവുമാണ് ചെലവില്ലാതെ ഊർജ്ജം ഇങ്ങോട്ട് കൊണ്ടുത്തരുന്ന വഴികൾ. അങ്ങനെയുള്ള സ്ഥലങ്ങളിൽ ചെലവഴിക്കുന്നത് നിങ്ങളുടെ ഏതു മനഃസ്സമ്മർദ്ദത്തെയും ലഘൂകരിക്കും.
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ അതിനാൽ നിങ്ങളുടെ മേശ ഒരു ജനലരികിലേക്ക് നീക്കിയിടുക. അത് മുറി കൂടുതൽ തെളിച്ചമുള്ളതാണെന്ന ധാരണയുണ്ടാക്കും.നിങ്ങളുടെ മുഖത്തും വെളിച്ചം പ്രകാശിക്കട്ടെ!
4. വീടിനകത്ത് സുരക്ഷിതത്വവും സുഖവും സൃഷ്ടിക്കുക
വീട്ടിലായിരിക്കുമ്പോൾ സന്തോഷത്തോടൊപ്പം സുരക്ഷിതത്വവും അനുഭവപ്പെടണം. ആരെങ്കിലും നിങ്ങളെ വീക്ഷിക്കുന്നു എന്ന തോന്നൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എങ്കിൽ ‘കമാൻഡ് പൊസിഷൻ’ എന്ന് വിളിക്കപ്പെടുന്നവയെ സ്വയം സ്ഥാപിക്കുന്നതിലൂടെ നിങ്ങൾക്കതിനെ മറികടക്കാനാവും. കാരണം അത് ഒരു സ്ഥലത്തെ ഊർജ്ജ പ്രവാഹത്തെ സ്വാധീനിക്കുന്നു. ലളിതമായി പറഞ്ഞാൽ നിങ്ങൾ ഒരു മുറിയിൽ ഫർണിച്ചർ ഇടുന്നതിന്റെ രീതിപോലും നിങ്ങളുടെ സുരക്ഷിതത്വബോധത്തെ ബാധിക്കും.
ഉദാഹരണത്തിന്, കിടപ്പുമുറിയിൽ എല്ലായ്പ്പോഴും കിടക്ക ഒരു ദൃഢമായ ഭിത്തിയോട് ചേർത്തിടുക. വാതിലിലൂടെ വളരെയധികം ഊർജം വരുന്നത് ഉറക്കത്തെ ദുർബലമാക്കും. നിങ്ങളുടെ തലഭാഗം ഒരു വാതിലിനു സമീപം ആവരുതെന്നർത്ഥം. പകരം അതിനെതിരെ മതിലിനോട് തലഭാഗം ചേർത്ത് കിടക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വവും നിയന്ത്രണവും ലഭിക്കും. ഇത് വാതിലിലേക്ക് മറവില്ലാതെ നോട്ടമെത്താനും ആരെങ്കിലും മുറിയിൽ പ്രവേശിക്കുന്നത് കാണാനും സഹായിക്കും. പിന്നിലുള്ള ഉറച്ച ഭിത്തിയിൽ നിന്നുള്ള സുരക്ഷിതതത്വവും കിട്ടും. അതുപോലെ ഏതെങ്കിലും തുറസ്സുകളിലേക്ക് നിങ്ങളുടെ കാൽഭാഗങ്ങൾ ചൂണ്ടാതിരിക്കുക.
5. ഒന്നിലധികം വിളക്കുകളിലൂടെ ഊഷ്മള അന്തരീക്ഷം
രാത്രിയിൽ വലിയ ലൈറ്റുകൾ മാത്രമല്ല, വീടിന്റെ അകങ്ങളെ ആകർഷകമാക്കാൻ ചെറിയ ലൈറ്റുകളും ഉപയോഗിക്കാം. നിങ്ങളുടെ വീട്ടിൽ ഊഷ്മളതയും സ്ഥിരതയും സൃഷ്ടിക്കാൻ അത്തരം ബൾബുകൾക്കും കഴിയും. വെളിച്ചം കണ്ണിൽ തുളച്ചു കയറുന്നവയേക്കാൾ വിശ്രമ ദായകമായ ‘വാം’ ബൾബുകൾക്ക് മുൻതൂക്കം നൽകാം.
6. ഫർണിച്ചർ തെരഞ്ഞെടുക്കുമ്പോൾ മുറിയുടെ അളവുകൾ പരിഗണിക്കുക
ഇന്റീരിയർ ഡിസൈൻ ആശയങ്ങൾ കണ്ടെത്തുന്നതിനുള്ള ആവേശകരമായ സ്ഥലമാണ് സോഷ്യൽ മീഡിയ. എന്നാൽ ഒരു മുറിയിൽ ചേരുന്നവ മറ്റൊന്നിൽ പ്രവർത്തിക്കണമെന്നില്ല. മുറി രൂപകൽപ്പന ചെയ്യുമ്പോൾ ചിലപ്പോൾ പാളിപ്പോയേക്കാം. എന്നാലും ഏതു മുറിക്കും ഇണങ്ങുന്ന ഒതുക്കമുള്ള ഫർണിച്ചർ സ്ഥാപിക്കുന്നതിലൂടെ അതിന്റെ ഇടുക്കവും അഭംഗിയും മറികടക്കാം. അതിനാൽ മുറിയുമായി നന്നായി ഇടപഴകുന്ന ഫർണിച്ചർ തെരഞ്ഞെടുക്കുക.
ഇനി തെരഞ്ഞെടുപ്പിൽ പാളിപ്പോയാലും ചില നീക്കുപോക്കുകളിലൂടെ അവ പുനഃസ്ഥാപിച്ചാൽ ‘പുതിയൊരു’ ഹാളോ കിടപ്പു മുറിയോ നിങ്ങൾക്ക് സ്വന്തമാക്കാം. ചിലപ്പോൾ ചതുരത്തിലുള്ള വലിയൊരു കോഫി ടേബിൾ അവിടെ നിന്ന് മാറ്റിയാലോ മൂലയിലെ കസേര ഒഴിവാക്കിയാലോ അതു സാധ്യമാവും. ചെറിയ ഫർണിച്ചർ ഇടക്ക് സ്ഥാനം മാറ്റുന്നത് മുറിക്കകത്തെ മടുപ്പിനെ മറികടക്കാനും സഹായിക്കും.