'മഴക്കാലത്തെ വീട്' -ഓർമ കുറിപ്പ്
text_fieldsമഴ പെയ്യുമ്പോൾ വീടിന് മറ്റൊരു ജീവനാണ്. ചായ്പ്പിലൂടെ ഒഴുകിവരുന്ന ജലരേഖകൾ, ഓടിൻ ചെരിവിൽ നിന്ന് തുള്ളിക്കൊഴിക്കുന്നു. അത് കാണാൻ കോലായിൽ കയറിയിരുന്ന് ഓടിലേക്ക് നോക്കിയിരിക്കും. ഇതെല്ലാം ചേർന്ന് ഒരു ഓർമയാണ് മഴക്കാലത്തെ വീട്. ആകാശം ഇരുണ്ടുതുടങ്ങുമ്പോൾ വീടിന് ജാഗ്രതയുണ്ടാകും. ജനലുകൾ അടയുന്നു, അടുക്കളയിൽ ഇഞ്ചിയും തുളസിയും ചേർത്ത ചായയുടെ മണം വീടിന്റെ ഭംഗിയുള്ള ഓർമയാണ്. മഴയത്ത് വീടിന്റെ കോലായിൽ ചാരുകസേരയിൽ ചായയും കുടിച്ചിരുന്നാൽ എല്ലാ പ്രശ്നങ്ങളിൽ നിന്നുള്ള ഒരാശ്വാസമാണ്.
വീടിന് മുന്നിലെ ഇടവഴിയിൽ ആരോ കുട ചൂടി നടക്കുന്നതും കാണാം. മഴ ശമിക്കുമ്പോൾ ഇലകളിലൂടെ ജലം ഒഴുക്കുന്നത് കാണാം. മണ്ണിന്റെ നനവും ചെറിയ മണവുമുണ്ടാക്കും. ചെടിക്കൂട്ടങ്ങൾ മഴയിൽ കഴുകി പച്ചനിറത്തിൽ ജ്വലിക്കും. രാത്രി മഴ ആരംഭിക്കുമ്പോഴാണ് വീടിന്റെ ഉള്ളകം മനോഹരമാണ്. ചൂടുള്ള കഞ്ഞി, ഉപ്പേരി ഇതൊക്കെ നനുത്ത ഓർമളാണ്. ഒരു കെട്ടിടം വീടാകുന്നത് സ്നേഹം ഒഴുകുമ്പോഴും ഒരുമിച്ചിരിക്കാൻ ആരെങ്കിലും കൂടെയുള്ളപ്പോഴുമാണ്. മഴക്കാലം കഴിഞ്ഞുപോകും. ഒരിക്കൽ ആ വീടും ഓർമ മാത്രമാകും.
മഴക്ക് മുമ്പ്
മഴക്ക് മുമ്പ് ആദ്യം വരുന്നത് മണമാണ് മണ്ണിന്റെ നനഞ്ഞ ഗന്ധം. ഒരിക്കൽ അനുഭവിച്ചാൽ ഒരിക്കലും മറക്കാനാകാത്ത മണം. ഉണക്കാനിട്ട തുണി എടുക്കാൻ ഓടുന്നു അങ്ങനെ മഴയുടെ വരവ് ഒരു ആഘോഷമാണ്.
തിണ്ണ-ഒരു ലോകം
മഴക്കാലത്ത് തിണ്ണ ഒരു ദർശനസ്ഥലമാകുന്നു. അവിടെ ഇരുന്ന് മഴ കണ്ടിട്ടുള്ളവർക്ക് മാത്രം അറിയാം, ആ ഇരിപ്പിന്റെ ആഴം. ഒന്നും ചെയ്യേണ്ടതില്ല. ഒന്നും ആലോചിക്കേണ്ടതില്ല. മഴ കാണുക അത് മതി. പഴയ വീടുകളിലെ തിണ്ണ വിശാലമായിരുന്നു. ഒരു കുടുംബം മുഴുവൻ അവിടെ ഇരിക്കും. അച്ഛൻ, അമ്മ, മുത്തശ്ശി, കുട്ടികൾ. ആർക്കും ഒന്നും പറയേണ്ടതില്ല. മഴ സംസാരിക്കുന്നുണ്ട്, എല്ലാവർക്കും വേണ്ടി.
രാത്രി മഴ
രാത്രി മഴ വേറൊന്നാണ്. ഉറക്കിനും ഉണർവ്വിനും ഇടയിൽ, ഓടിൻ പുറത്ത് മഴ പെയ്യുന്ന ഒച്ച താരാട്ടാകുന്നു. ആ ശബ്ദം കേട്ട് ഉറങ്ങിയ ഒരു ബാല്യം ഉണ്ടെങ്കിൽ, ആ ഓർമ ഒരിക്കലും മരിക്കില്ല. പുതപ്പ് കൂടുതൽ അടുക്കുന്നു. ജനൽ ചില്ലിൽ വെള്ളത്തുള്ളികൾ ഓടുന്നത് ഇരുട്ടിൽ തിളങ്ങുന്നു. ഒരു ദീപം കത്തുന്നുണ്ട് ഒരുമൂലക്ക്. അതിന്റെ ചുറ്റും ഒരു കുടുംബം ഉണ്ടാകും ഒരുപക്ഷേ ഉറക്കത്തിൽ, ഒരുപക്ഷേ ഒരു പുസ്തകത്തിൽ, ഒരുപക്ഷേ പരസ്പരം നോക്കി.
മഴ തോർന്ന ശേഷം
മഴ നിൽക്കുമ്പോൾ ഒരു വിഷാദമുണ്ട്. ആ നിശ്ശബ്ദത ഒരു നഷ്ടം പോലെ തോന്നുന്നു. ജനൽക്കർട്ടൻ ഒരു നനഞ്ഞ ഗന്ധം പേറി ഇളകുന്നു. മുറ്റത്ത് ചെറിയ കളങ്ങൾ മണ്ണും വെള്ളവും ചേർന്ന് ഒരു ഭൂപടം വരച്ചിരിക്കുന്നു. കിളികൾ ഒന്നൊന്നായി ശബ്ദിക്കുന്നു. ലോകം ഒരു പുലർകാലം പോലെ ശുദ്ധമാകുന്നു.
മഴക്കാലത്ത് വീട് ഒരു ജീവിയാകുന്നു. ഓടിൻ ചോട്ടിൽ, ആ ചുവരുകൾക്കുള്ളിൽ, ഒരു ജീവൻ ഉണ്ട്. സ്നേഹം കൊണ്ടാണ്, ഒരുമിച്ചുള്ള ഇരിപ്പ് കൊണ്ടാണ്. ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടം ഏതെന്ന് ചോദിച്ചാൽ, ഒരു ഉത്തരമേ ഉള്ളൂ മഴ പെയ്യുമ്പോൾ, ഒരു വിളക്ക് കത്തുന്ന, ചായ തിളക്കുന്ന, ആ പഴയ വീട്.


