കൊതിപ്പിക്കുന്ന ഇടമായി ബാൽക്കണിയെ മാറ്റാം...
text_fieldsവീടിന്റെ കൊതിപ്പിക്കുന്ന ഇടങ്ങളാണ് ബാൽക്കണികൾ. അവ ചുവരുകളെ മറികടന്ന് പ്രകൃതിയുടെ ഉന്മേഷത്തിലേക്ക് തുറക്കുന്നു. പുതുതായി വീടു പണിയുമ്പോൾ ബാൽക്കണി നിങ്ങളുടെ വീടിന്റെ രൂപകൽപനയിൽ ഉൾപ്പെടുത്താതെ മാറ്റിവെക്കുന്നത് വലിയൊരു നഷ്ടമാവും. നിങ്ങളുടെ പരിമിതമായ ഔട്ട്ഡോർ ഏരിയയെ പാർട്ടികൾക്കോ ശാന്തമായി നിമിഷങ്ങൾ ചെലവഴിക്കാനോ അനുയോജ്യമായ സ്വപ്നതുല്യ സങ്കേതമാക്കി മാറ്റുന്ന ചില ബാൽക്കണി അലങ്കാര ആശയങ്ങൾ ഇതാ.

ലളിതവും ശാന്തവും
സമാധാനത്തിനും നിശബ്ദതക്കും വേണ്ടി വാതിലിനു പുറത്തേക്കിറങ്ങാൻ അനുയോജ്യമായ സ്ഥലമാണ് സാധാരണയായി ബാൽക്കണികൾ. അതിനാൽ വസ്തുക്കളെയും ശബ്ദത്തെയും പരിമിതപ്പെടുത്തി ഏകാന്തതക്ക് അനുയോജ്യമായി ഒരുക്കുക.

പച്ചപ്പ് നിറയട്ടെ
വിശാലമായ മരങ്ങളുടെ കാഴ്ചയായാലും പ്രിയപ്പെട്ട സസ്യങ്ങളുടെയും പൂക്കളുടെയും ഒരു ക്യൂറേഷൻ ആയാലും പച്ചപ്പ് വീടിന് പ്രത്യേക സമാധാനം നൽകും. അങ്ങനെയെങ്കിൽ വൈവിധ്യമാർന്ന പോട്ടിംഗ് സസ്യങ്ങളും പുറം ഫർണിച്ചറും കൊണ്ട് അലങ്കരിച്ച ഒരു സങ്കേതമാക്കി ബാൽക്കണിയെ മാറ്റാം.

ലിവിങ്റൂം എക്സ്റ്റെൻഡ് ചെയ്യാം
ലിവിങ് റൂം ഒരു വലിയ ബാൽക്കണി ഏരിയയിലേക്ക് തുറക്കുന്നതാണെങ്കിൽ മനോഹരമായിരിക്കും. പ്രകൃതിദത്ത വെളിച്ചം ലഭിക്കും. സുരക്ഷക്ക് മുൻഗണന നൽകുന്ന കൈവരി പിടിപ്പിക്കാം. ഓപ്പൺ എയർ ബാൽക്കണിയിൽ വിവിധതരം പോട്ടഡ് മരങ്ങളും ചെടികളും കൊണ്ട് പച്ചപ്പുമൊരുക്കാം.

തടി ഊഞ്ഞാലൊരുക്കാം
ഗൃഹാതുരയുടെ പ്രതീകമാണ് പഴയ തറവാടു വീടുകളിലെ സവിശേഷതയായ തടിയൂഞ്ഞാലുകൾ. നിങ്ങളുടെ ബാൽക്കണിയിലും കിടക്കട്ടെ ഒരു ഊഞ്ഞാൽ. അലസവും താളാത്മകമായ ഊഞ്ഞാലാട്ടം നിങ്ങളെ തികച്ചും വ്യത്യസ്തമായ ഒരു സമയത്തേക്ക് കൂട്ടിക്കൊണ്ടുപോവും. ഏതൊരു മാനസിക സമ്മർദ്ദത്തെയും അലിയിക്കും. പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഊഞ്ഞാൽ, വീടിന്റെ ചുറ്റുമുള്ള പ്രകൃതിയിലേക്ക് നമ്മെ ചേർത്തുവെക്കുന്നു. കാരണം അതിന് നീങ്ങാൻ ഒരു ഇളം കാറ്റ് മാത്രമേ ആവശ്യമുള്ളൂ.

ഇൻഡോർ ബാൽക്കണികളുമാവാം
പുറത്തേക്ക് പരിമിതമായ സ്ഥലം ഉള്ളവർക്ക് ബാൽക്കണികൾ വീടിനുള്ളിലും ഒരുക്കാം. വീടിന്റെ ഒരു ഭാഗത്ത് വ്യത്യസ്തമായ ഒരു ഇടത്തിലോ വിശാലമായ ജനാലകളുള്ള ഒരു മതിലിനടുത്തോ ഒരു ഇൻഡോർ ബാൽക്കണി തീർക്കാം. ബാൽക്കണി ലിവിങ് റൂമിലേക്ക് കൊണ്ടുവരാം. അതിന്റെ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോം ഇരിപ്പിടങ്ങൾ ഉപയോഗിച്ച് വേർതിരിക്കാം. ചുവരുകളിലും നിലകളിലും തേക്ക് പാനലിങ് ഒരുക്കി പ്രകൃതിയിലാണെന്ന തോന്നൽ സൃഷ്ടിക്കാം. വലിയ ജനാലകൾ പുറംസ്ഥലത്തെ വീടിനുള്ളിലേക്ക് സുഗമമായി സംയോജിപ്പിക്കും. ഇത് ഒരു സെമി ഔട്ട്‌ഡോർ ബാൽക്കണിയെ അനുഭവിപ്പിക്കും.