ഇത് വെറും വീടല്ല; പ്രകൃതിയിലേക്കുള്ള മടക്കം
text_fields● ലൊക്കേഷൻ: കരകുളം
● പ്ലോട്ട്: 15 സെൻറ്
●ഏരിയ: 2300 ചതുരശ്രയടി
●ഉടമ: - ഡോ. നിസാമുദ്ദീൻ
●ഡിഡൈൻ: ആർകിടെക്ട് ഹസൻ നസീഫ്
പ്രകൃതിയോടിണങ്ങുന്ന, പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്യാത്ത വീട് വേണമെന്നായിരുന്നു കരകുളത്തെ ഡോ. നിസാമുദ്ദീെൻറ മോഹം. ഇക്കോഫ്രണ്ട്ലി നിർമിതികൾക്കായുള്ള ഉർവിയുടെ ചീഫ് ആർക്കിടെക്റ്റായ ഹസൻ നസീഫുമായി ആശയം പങ്കിട്ടപ്പോൾ മണ്ണ് ഉപയോഗിച്ചുള്ള റാംഡ് എർത്ത് വാൾ രീതിയിൽ അതിമനോഹരമായ വീട് ഒരുങ്ങി.
നാലു ബെഡ് റൂമുകൾ, ലിവിങ് റൂം, ഡൈനിങ് റൂം, സിറ്റൗട്ട്, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ അടങ്ങുന്ന വീട് പകൽസമയത്ത് സ്വാഭാവിക വെളിച്ചം കൊണ്ടുതന്നെ കാര്യങ്ങളെല്ലാം ചെയ്യാനാകും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
നിർമാണത്തിന് കരിങ്കല്ലിൻെറയും വെട്ടുകല്ലിൻെറയും ഉപയോഗമില്ലാതെ മണ്ണും കട്ടകളുമാണ് ആദ്യവസാനം വരെ പൂർണമായും ഉപയോഗിച്ചത്. സിമൻറിെൻറ ഉപയോഗം അഞ്ചു ശതമാനം മാത്രം.

മണ്ണു കൊണ്ടുള്ള റാംഡ് എർത്ത് ഭിത്തികളും ഇഷ്ടിക കൊണ്ടുള്ള ഭിത്തികളുമാണ് വീടിനുള്ളത്. മണ്ണിനൊപ്പം അഞ്ച് ശതമാനം സിമന്റ് കൂടി ചേർത്ത് ഇടിച്ചുറപ്പിച്ചാണ് ഭിത്തി നിർമിച്ചിരിക്കുന്നത്. ഭിത്തിയുടെ കനത്തിനനുസരിച്ച് സ്റ്റീല്‍ ഫ്രെയിം വച്ച ശേഷം അതിനുള്ളിലേക്ക് മണ്ണിട്ട് വലിയ ഉലക്ക കൊണ്ട് ഇടിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. എട്ട് അടി നീളവും നാല് അടി പൊക്കവുമായിരിക്കും ഫ്രെയിമിനുണ്ടാകുക. മണ്ണ് ഉറച്ചു കഴിഞ്ഞാല്‍ ഫ്രെയിം അഴിച്ചെടുത്ത് ഉറച്ച മണ്ണിന് മുകളിലായി പിടിപ്പിച്ച് വീണ്ടും മണ്ണിട്ട് ഇടിച്ചുറപ്പിക്കും. ഫ്രെയിമിനുള്ളിൽ മണ്ണ് നിക്ഷേപിക്കാനുള്ള വിടവിന് സാധാരണഗതിയിൽ 22 സെൻറീ മീറ്റർ കനമാണുണ്ടാകുക. അതിനാൽ ഭിത്തി പൂർത്തിയാകുമ്പോൾ ഇഷ്ടികയും വെട്ടുകല്ലുമൊക്കെ ഉപയോഗിച്ച് നിർമിക്കുന്ന ഭിത്തിയുടെ അതേ കനം തന്നെ ലഭിക്കും.
വളഞ്ഞ ചുവര് കെട്ടാനായി ഇഷ്ടികയാണ് ഉപയോഗിച്ചത്. ഇതിൽ സിമൻറ് തേച്ചിട്ടില്ല. പുറത്തെ ഷോ വാൾ പ്രദേശത്ത് നിന്ന് ശേഖരിച്ച കല്ലുകൊണ്ടാണ് കെട്ടിയിരിക്കുന്നത്.

മണ്ണിൻെറയും ഇഷ്ടികയുടെയും ചുവരുകളെ ബന്ധിപ്പിച്ചു കൊണ്ട് കനം കുറഞ്ഞ ‘കോൺക്രീറ്റ് ടൈ ബീം’ നൽകിയ ശേഷം അതിനു മുകളിലായാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. സ്ക്രാപ് ബോട്ടിലുകളും പഴയ കെട്ടിടം പൊളിച്ചപ്പോഴുള്ള ഓടും ഉപയോഗിച്ച് ഫില്ലർ സ്ലാബുകളും പണിതു.
മുറികൾക്കുള്ളിൽ വെളിച്ചം കുറയാൻ സാധ്യതയുള്ള ഇടങ്ങളിൽ മാത്രമേ ചുവരിൽ സിമൻറ് പൂശുകയും പെയിൻറ് അടിക്കുകയും ചെയ്തിട്ടുള്ളൂ. ഇത് അകത്തളത്തിലും മണ്ണിെൻറ സ്വാഭാവികത നിലനിർത്തുന്നു.
(മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)