16000 ചതുരശ്ര അടി, അഞ്ച് ബെഡ്റൂമുകൾ, ഒരു അപാർട്ട്മെന്‍റിന്‍റെ വില 400 കോടി!; ഉടമ ഷാറൂഖ് ഖാന്റെ പഴയ നായിക, ഭർത്താവ് രാജ്യത്തെ അതിസമ്പന്നൻ
text_fieldsശതകോടീശ്വരന്മാർ, സെലിബ്രിറ്റികൾ, വ്യാപാരികൾ എന്നിങ്ങനെ നിരവധി പേരാണ് മുംബൈയിലെ വോർലിയിൽ ഒബ്‌റോയ് റിയാലിറ്റിയുടെ പ്രീമിയം 360 വെസ്റ്റ് പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. 4 ബി.എച്ച്. കെ, 5 ബി.എച്ച്. കെ ആഡംബര അപ്പാർട്ട്‌മെന്റുകൾ അടങ്ങുന്ന ഈ പദ്ധതിയിൽ ഷാഹിദ് കപൂർ, അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ എന്നിവരെല്ലാം നിക്ഷേപം നടത്തിയിട്ടുണ്ട്.
ബോളിവുഡ് താരം ഗായത്രി ജോഷിക്കും ഭർത്താവ് വികാസ് ഒബ്‌റോയ്ക്കും കെട്ടിടത്തിന്‍റെ 45-ാം നിലയിൽ 400 കോടി വിലമതിക്കുന്ന അപാർട്ട്മെന്‍റാണ് സ്വന്തമായിട്ടുള്ളത്. ഒബ്‌റോയ് റിയാലിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് വികാസ് ഒബ്‌റോയ്. 360 മീറ്റർ ഉയരവും കടലിലേക്ക് കാഴ്ച നൽകുന്നതിനാലുമാണ് ത്രീ സിക്സ്റ്റി വെസ്റ്റിന് ആ പേര് ലഭിച്ചത്. രണ്ട് ടവറുകളായാണ് ത്രീ സിക്സ്റ്റി വെസ്റ്റ് നിലകൊള്ളുന്നത്.
സമാനതകളില്ലാത്ത ആഡംബരം
സ്വകാര്യ തിയറ്റർ, ബൗളിങ് ആലി, റോക്ക്-ക്ലൈംബിങ് വാൾ, സ്ക്വാഷ്, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ് കോർട്ടുകൾ, അത്യാധുനിക ജിം, ഒന്നിലധികം സ്വിമ്മിങ് പൂൾ, മറ്റ് ആഡംബര പൂർണമായ സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് ഫ്ലാറ്റ്. ടവർ എയിൽ 27 റെസിഡൻഷ്യൽ നിലകളാണുള്ളത്. ഓരോ നിലയിലും ഒരു അപാർട്ട്മെന്‍റ് വീതം. ഓരോന്നിനും 16000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ടവർ എയുടെ താഴെയ റിറ്റ്സ്-കാൾട്ടൺ ഹോട്ടൽ ഉണ്ട്. ടവർ ബി പൂർണമായും റെസിഡൻഷ്യൽ ആണ്. 66 നിലകളുള്ള ഇത് 854 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
50 മില്യൺ ഡോളർ (ഏകദേശം 428.96 കോടി രൂപ) ആണ് 16000 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റിന് വരുന്ന വില. അഞ്ച് ബെഡ്റൂം, ഏഴ് ബാത്ത്റൂമുകൾ എന്നിവ അടങ്ങുന്നതാണിത്. 4 ബി.എച്.കെ അപ്പാർട്ട്മെന്റിന് (5235 ചതുരശ്ര അടി) ഏകദേശം 45 കോടി രൂപയും, ടവർ ബിയിൽ 5 ബി.എച്.കെ അപ്പാർട്ട്മെന്റിന് (6651 ചതുരശ്ര അടി) 57.17 കോടി രൂപയുമാണ് വില.
ത്രീ സിക്സ്റ്റി വെസ്റ്റിൽ നിക്ഷേപം നടത്തിയിട്ടുള്ള സെലിബ്രിറ്റികൾ
2024ൽ നടൻ ഷാഹിദ് കപൂർ ഏകദേശം 60 കോടി രൂപക്ക് കടലിലേക്ക് അഭിമുഖമായി നിൽക്കുന്ന രണ്ട് അപ്പാർട്ടുമെന്റുകൾ വാങ്ങി. നടൻ അഭിഷേക് ബച്ചനും ഇതേ ടവറുകളിൽ ഫ്ലാറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ ഡിമാർട്ടിന്റെ സ്ഥാപകനായ രാധാകിഷൻ ദമാനിയും പങ്കാളികളും 1,238 കോടി രൂപയുടെ വൻ ഓഹരികൾ സ്വന്തമാക്കി.
കഴിഞ്ഞ വർഷം ത്രീ സിക്സ്റ്റി വണ്ണിന്‍റെ (മുമ്പ് ഐ.ഐ.എഫ്.എൽ വെൽത്ത് & അസറ്റ് മാനേജ്‌മെന്റ്) സ്ഥാപകനും സി.ഇ.ഒയുമായ കരൺ ഭഗത് 170 കോടിയിലധികം രൂപക്ക് രണ്ട് യൂനിറ്റുകൾ വാങ്ങി. കിരൺ ജെംസിന്റെ പ്രൊമോട്ടർമാർ ഏകദേശം 97.4 കോടി രൂപക്ക് കെട്ടിടത്തിൽ കടലിന് അഭിമുഖമായുള്ള 16000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്ട്മെന്റും സ്വന്തമാക്കി. 2023ൽ എവറസ്റ്റ് ഫുഡ് പ്രോഡക്‌ട്‌സിന്റെ പ്രൊമോട്ടർമാർ 143 കോടിയിലധികം രൂപക്ക് രണ്ട് ആഡംബര അപ്പാർട്ടുമെന്റുകൾ വാങ്ങി.
വികാസ് ഒബ്റോയിയും ഗായത്രി ജോഷിയും
ഫോർബ്‌സിന്റെ കണക്കനുസരിച്ച് 2025 ജൂൺ വരെ വികാസ് ഒബ്‌റോയിയുടെ ആസ്തി ഏകദേശം 5.7 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് അദ്ദേഹത്തെ ആഗോളതലത്തിൽ മികച്ച 800 ശതകോടീശ്വരന്മാരിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിൽ മോർഗൻ സ്റ്റാൻലിയുമായുള്ള കരാർ ഉൾപ്പെടെയുള്ള പ്രധാന വാണിജ്യ സ്വത്തുക്കളും ഉൾപ്പെടുന്നു. ഫോർബ്‌സിന്റെ 2024 ലെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ 5.9 ബില്യൺ ഡോളർ ആസ്തിയുമായി ഒബ്‌റോയ് 50-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റിയൽ എസ്റ്റേറ്റ് സംരംഭകരിൽ നാലാം സ്ഥാനം നേടുകയും ചെയ്തു. ഹുറുൺ ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2025 ലെ ഇന്ത്യ റിച്ച് ലിസ്റ്റിൽ 58-ാം സ്ഥാനമാണ് നേടിയിരിക്കുന്നത്.
ഹുറുൺ ഇന്ത്യ പുറത്തിറക്കിയ 2025 ലെ ഇന്ത്യ റിച്ച് ലിസ്റ്റിൽ ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ഷാരൂഖ് ഖാൻ, ജൂഹി ചൗള, ഹൃതിക് റോഷൻ, കരൺ ജോഹർ, അമിതാഭ് ബച്ചൻ ഈ അഞ്ച് സെലിബ്രിറ്റികളുടെയും മൊത്തം ആസ്തി 25950 കോടി രൂപയായിരുന്നു. എന്നാൽ വികാസ് ഒബ്‌റോയിയുടെ ആസ്തി 42,960 കോടി രൂപയാണ്. ഷാറൂഖ് ഖാൻ നയകനായി 2004ൽ പുറത്തിറങ്ങിയ സ്വദേശ് എന്ന സിനിമയിൽ ഗായത്രി ജോഷിയായിരുന്നു നായിക. ബോക്സോഫീസിൽ സിനിമ വലിയ തിരയിളക്കം സൃഷ്ടിച്ചില്ല. 2000ൽ ഫെമിന മിസ് ഇന്ത്യ കിരീടം ചൂടിയ ഗായത്രിക്ക് സ്വദേശിലെ അഭിനയത്തിന് മികച്ച പുതുമുഖ നായികക്കുള്ള സ്ക്രീൻ അവാർഡ് ഉൾപ്പെടെ നാലു പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. മോഡലും വിഡിയോ ജോക്കിയുമായാണ് അവർ കരിയറിന് തുടക്കമിട്ടത്. 2005ൽ വികാസുമായുള്ള വിവാഹത്തിനുശേഷം ഗായത്രി അഭിനയരംഗത്തുനിന്ന് പിൻവാങ്ങുകയായിരുന്നു