ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച; കോളടിച്ച് പ്രവാസികൾ
text_fieldsമസ്കത്ത്: ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കോളടിച്ച് പ്രവാസികൾ. നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം വർധിക്കുമെന്നതാണ് കാരണം. ഒരു ഒമാനി റിയാലിന്റെ മൂല്യം 245 രൂപ പിന്നിട്ടു. യു.എ.ഇ ദിർഹം- 25.65 രൂപ, കുവൈത്ത് ദീനാർ- 306 രൂപ, ബഹ്റൈൻ ദീനാർ- 250 രൂപ, ഖത്തർ റിയാൽ-25.8 രൂപ, സൗദി റിയാൽ- 25.07 രൂപ എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വിനിമയ നിരക്ക്. തിങ്കളാഴ്ച ഓഹരി വ്യാപാരം പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്ക് തുടരും.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം, ക്രൂഡ് ഓയിൽ വില വർധന, ഷിപ്പിങ് ചാർജിന്റെയും ഷിപ്പ് ഇൻഷുറൻസിന്റെയും വർധന, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ കൂട്ട പിന്മാറ്റം തുടങ്ങിയ കാരണങ്ങളാലാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് സാമ്പത്തിക വിദഗ്ദനായ അഡ്വ. ആർ. മധുസൂദനൻ പറഞ്ഞു.
വെള്ളിയാഴ്ച വിപണിയിൽ ഡോളറിനെതിരെ 94.81 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇൻട്രാ ട്രേഡിൽ ഇത് 94.85 വരെ ഉയർന്നിരുന്നു. ഇന്ത്യയിൽ രൂപയുടെ മൂല്യത്തകർച്ച പണപ്പെരുപ്പം വർധിപ്പിക്കാനും കറന്റ് അക്കൗണ്ട് കുറവ് ഉയർത്താനും ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ പലിശനിരക്കുകൾ ഉയരാനുള്ള സാധ്യതയും വർധിക്കും.
ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഊർജവില വർധന കനത്ത തിരിച്ചടിയാകുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ബാരലിന് ഏകദേശം 73 ഡോളർ ആയിരുന്ന എണ്ണവില മാർച്ചിൽ 107.8 ഡോളറായി ഉയർന്നു. എണ്ണ, പ്രതിരോധ ഉപകരണങ്ങൾ, സ്വർണം, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവയുടെ വലിയ ഇറക്കുമതി ചെലവ് രൂപയുടെ മൂല്യത്തെ ദോഷകരമായി ബാധിക്കുന്നു.
അതേസമയം, രൂപയുടെ ഇടിവ് പ്രവാസികൾക്ക് ചില നേട്ടങ്ങൾ നൽകുമ്പോഴും മൊത്തത്തിലുള്ള ആഘാതം പ്രവാസികളെയും ചെറിയ തോതിൽ ബാധിക്കും. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും ചികിത്സക്കോ യാത്രക്കോ പോകുന്നവർക്കും ചെലവ് കുത്തനെ ഉയരും. വിദേശ കറൻസിയിൽ വായ്പയെടുത്തവർക്കും തിരിച്ചടവ് ഭാരം വർധിക്കും.


