17ാമത് ഗൾഫ് ബാസ്കറ്റ് ബാൾ: ബഹ്റൈൻ ചാമ്പ്യന്മാർ
text_fields17ാമത് ഗൾഫ് ബാസ്കറ്റ് ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ബഹ്റൈൻ ടീം ട്രോഫിയുമായി
മനാമ: 17ാമത് ഗൾഫ് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ബഹ്റൈന് കിരീടം. ഇസാ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി അരീനയിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശഭരിതരാക്കി ഖത്തറിനെയാണ് ബഹ്റൈൻ ഫൈനലിൽ പരാജയപ്പെടുത്തിയത്.
73-68 എന്ന സ്കോറിനാണ് ബഹ്റൈന്റെ ചരിത്ര വിജയം. യുവതാരങ്ങളായ മുസ്തഫ ഹുസൈനും മുസാമിൽ അമീറും മത്സരത്തിൽ ആതിഥേയർക്കുവേണ്ടി യഥാക്രമം 24, 16 പോയന്റുകൾ നേടി. കുവൈത്തിനാണ് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സൗദി അറേബ്യയെ 80-77 എന്ന സ്കോറിനാണ് കുവൈത്ത് തോൽപിച്ചത്.
സെപ്റ്റംബർ രണ്ടുമുതൽ സുപ്രീംകൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പുരുഷന്മാരുടെ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ് നടന്നത്.
ഫൈനൽ മൽസരത്തിൽ നിന്ന്
ബഹ്റൈൻ ബാസ്കറ്റ് ബാൾ അസോസിയേഷൻ (ബി.എസ്.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്, രാജ്യത്തെ ലോക കായിക ഭൂപടത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന് അനുസൃതമായാണ് സംഘടിപ്പിച്ചത്.
ജനറൽ സ്പോർട്സ് അതോറിറ്റി വൈസ് ചെയർമാൻ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാന്റെ ഉപദേഷ്ടാവും ചാമ്പ്യൻഷിപ് സംഘാടക സമിതി പ്രസിഡന്റുമായ മുഹമ്മദ് അൽ അജ്മി എന്നിവരും മറ്റ് ഉന്നത സ്പോർട്സ്, ബഹ്റൈൻ ബാസ്കറ്റ് ബാൾ അസോസിയേഷൻ ഭാരവാഹികളും അവാർഡ് ദാനചടങ്ങിൽ പങ്കെടുത്തു.
മൂന്ന് ടീമുകൾക്കും ട്രോഫികളും മെഡലുകളും നൽകി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാന്റെ ഉപദേഷ്ടാവും ചാമ്പ്യൻഷിപ് സംഘാടക സമിതി പ്രസിഡന്റുമായ മുഹമ്മദ് അൽ അജ്മി, ടൂർണമെന്റിന്റെ രക്ഷാധികാരത്തിന് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്ക് നന്ദി രേഖപ്പെടുത്തി.