സാമൂഹ്യപ്രവർത്തകർക്ക് പ്രതിബന്ധങ്ങളുടെ കാലം -സി. ലൂസി കുര്യൻ
text_fieldsമനാമ: അഗതികളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്കുപോലും മുന്നോട്ടുപോകാൻ കഴിയാത്ത അന്തരീക്ഷമാണ് ഇന്ത്യയിൽ പലയിടത്തുമെന്ന് സി. ലൂസി കുര്യൻ. മൂന്നു ദശകങ്ങളായി അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന താൻ മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയുമാണ് ഓരോ ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ‘സിംസ് വർക്ക് ഓഫ് മേഴ്സി’ അവാർഡ് ഏറ്റുവാങ്ങാനായി ബഹ്റൈനിലെത്തിയ സിസ്റ്റർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. കണ്ണൂർ ജില്ലയിലെ കോളയാട് ജനിച്ച ലൂസി കുര്യന്റെ കുടുംബം ബോംബെയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ പഠനകാലത്ത് മദർ തെരേസയെ നേരിൽ കണ്ടതോടെയാണ് മിഷണറി പ്രവർത്തനങ്ങളിൽ തൽപരയായത്.
20ാം വയസ്സിൽ സിസ്റ്റേഴ്സ് ഓഫ് ഹോളിക്രോസ് എന്ന സന്യാസി സമൂഹത്തിൽ അംഗമായി. പുണെയിലെ മഠത്തിൽ താമസിക്കവെ പ്രദേശവാസിയായ ഒരു സ്ത്രീ ഭർതൃപീഡനത്തിൽനിന്ന് രക്ഷനേടാനായി അഭയം തേടിയെങ്കിലും സഹായിക്കാൻ പല കാരണങ്ങളാൽ സാധിച്ചില്ല. പിന്നീട് ആ സ്ത്രീ ഭർത്താവ് തീകൊളുത്തിയതിനെത്തുടർന്ന് മരിച്ചു. ഈ സംഭവത്തെത്തുടർന്നാണ് നിരാലംബരായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനമെടുക്കുന്നത്. അംഗമായ സന്യാസസഭയുടെ പ്രത്യേക അനുവാദത്തോടെ 1997-ൽ, മഹാരാഷ്ട്രയിൽ, അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായ സ്ത്രീകൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനായി MAHER (മതേഴ്സ് ഹോം) ഫൗണ്ടേഷന്റെ കീഴിൽ ഹോമുകൾ സ്ഥാപിക്കുന്നത് അങ്ങനെയാണ്.
ആദ്യകാലത്ത് ഹോമുകളിലെത്തിയ തെരുവ് കുട്ടികളെയും നിരാലംബകളെയും സംരക്ഷിക്കാൻ വളരെയേറെ ബുദ്ധിമുട്ടി. അക്കാലത്ത് ചന്തകൾക്കു സമീപം ഉപേക്ഷിക്കപ്പെട്ട പച്ചക്കറികളും മറ്റും പെറുക്കിയെടുത്ത് പാകം ചെയ്താണ് മുന്നോട്ടുപോയത്. പിന്നീട് നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ സ്ഥാപനം മുന്നോട്ടുപോയി. ഇന്ന് മഹാരാഷ്ട്ര , കർണാടക, ആന്ധ്ര, ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലായി 68 ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. വേശ്യാവൃത്തിക്കായി നേപ്പാളിൽ നിന്നും ഇന്ത്യയുടെ പലഭാഗങ്ങളിൽനിന്നും കടത്തിക്കൊണ്ടുവന്ന പെൺകുട്ടികളെ മോചിപ്പിക്കാനും അവരെ സംരക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മൂലം പലപ്പോഴും ജീവനുപോലും ഭീഷണി നേരിട്ടിട്ടുണ്ട്. മതപരിവർത്തനം നടത്തുന്നു എന്നപേരിൽ സംഘ്പരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിട്ടുണ്ട്. എന്നാൽ ഗ്രാമീണർ തന്നെ ഈ ആരോപണങ്ങൾ തള്ളുന്നതോടെ അവർക്ക് പിൻവലിയേണ്ടി വരുന്നു. എന്നാൽ പല ഗ്രാമങ്ങളിലും പ്രവേശിക്കുന്നതിനുപോലും സംഘബലം ഉപയോഗിച്ച് അവർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
സ്ത്രീ സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങളിൽ അവബോധ പ്രവർത്തനങ്ങൾ നടത്താൻപോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ജനങ്ങളുടെ സംരക്ഷണവും വിശ്വാസവും തങ്ങൾക്കുണ്ടെന്നതുകൊണ്ടു മാത്രമാണ് മുന്നോട്ടുപോകാൻ സാധിക്കുന്നത്. ഭയത്തിന്റെ അന്തരീക്ഷം നിലനിർത്തുന്നതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതെന്നും സിസ്റ്റർ പറഞ്ഞു. എല്ലാ മതവിശ്വാസികളുടെയും സഹായത്തോടെയും സഹകരണത്തോടെയുമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നുപോകുന്നത്. നിഷ്കളങ്കരായ സാധാരണ ജനതയുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് സ്ഥാപനത്തിന്റെ ശക്തിയെന്നും സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടി.