മിനിയേച്ചറിൽ വിസ്മയലോകം ഒരുക്കി ജോൺസൺ കായംകുളം
text_fieldsജോൺസൺ കായംകുളം
മനാമ: ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള മിനിയേച്ചറുകൾ നിർമിച്ചു ശ്രദ്ധ നേടി ബഹ്റൈൻ പ്രവാസിയായ മലയാളി.
കഴിഞ്ഞ 22 വർഷമായി ബഹ്റൈൻ പ്രവാസിയായ ആലപ്പുഴ കായംകുളം ചെട്ടിക്കുളങ്ങര സ്വദേശിയായ ജോൺസൺ ആണ് മിനിയേച്ചറിൽ വിസ്മയമാകുന്നത്. ബഹ്റൈനിൽ ഒരു ഐ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജോൺസൺ ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലാണ് മിനിയേച്ചർ വർക്കുകൾ ചെയ്യുന്നത്.
ജോൺസൺ നിർമിച്ച മിനിയേച്ചർ ആർട്ട് വർക്കുകൾ
ഫോറെക്സ് ഷീറ്റും മറ്റ് പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് മിനിയേച്ചർ നിർമാണം. ബഹ്റൈന്റെ മുഖമുദ്രയായ റിഫാ ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിന്റെ ചെറുരൂപം നിർമിച്ച് ബഹ്റൈൻ ദേശീയ ദിനത്തിൽ ഇന്ത്യൻ സ്കൂളിന് സമീപം ലൈറ്റ് ഷോയിൽ പ്രദർശിപ്പിച്ചപ്പോൾ സ്വദേശികളും വിദേശികളും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് ഒരിക്കൽപോലും ശബരിമല നേരിൽ കണ്ടിട്ടില്ലാത്ത ജോൺസൺ ഫോട്ടോകളും മറ്റു അറിവുകളും വെച്ച് ശബരിമലയുടെ മിനിയേച്ചർ നിർമിച്ചത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം നടത്തിയ ചിത്രപ്രദർശനത്തിലും ജോൺസന്റെ മിനിയേച്ചറുകൾ ശ്രദ്ധ ആകർഷിച്ചിരുന്നു. സ്വന്തം ഇടവകയായ പത്തിച്ചിറ സെന്റ് ജോൺസ് ദേവാലയത്തിന്റെ മിനിയേച്ചർ നിർമിച്ച് ദേവാലയ ഭാരവാഹികൾക്ക് നൽകി.
അതീവ ശ്രദ്ധയും ക്ഷമയുമാണ് ഇത്തരം കലാപ്രവർത്തനത്തിന് ആവശ്യമെന്ന് ജോൺസൺ പറയുന്നു. ചെറുപ്പകാലത്ത് കാർഡ്ബോർഡിൽ വാഹനങ്ങളുടെ ചെറുരൂപങ്ങൾ ഉണ്ടാക്കുമായിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജയപാൽ സുകുമാരൻ എന്ന മിനിയേച്ചർ കലാകാരന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപെടുകയും അദ്ദേഹവുമായി ഫോണിൽ സംസാരിച്ച് മിനിയേച്ചർ നിർമിക്കുന്നതിനുള്ള അറിവുകൾ നേടുകയും ചെയ്തു. സ്പോൺസർ ആയ ബഹ്റൈനിയുടെ റേഞ്ച് റോവർ കാറിന്റെ മിനിയേച്ചർ നിർമിച്ചുനൽകിയത് അദ്ദേഹത്തിന് അത്ഭുതമായി.
മിനിയേച്ചർ കൂട്ടായ്മയിൽ അംഗമായതോടുകൂടി കൂടുതൽ മിനിയേച്ചറുകൾ ചെയ്യുന്നതിനുള്ള പ്രോത്സാഹനവും കിട്ടി. ഏയ് ഓട്ടോ സിനിമയിലെ സുന്ദരി ഓട്ടോയും അംബാസഡർ കാറും മിനിയേച്ചർ വീഡിയോ സാമൂഹമാധ്യമത്തിൽ കണ്ടതിനെ തുടർന്ന് ഒരു പ്രവാസി വ്യവസായി വാങ്ങിക്കൊണ്ടുപോയി. കൂടാതെ യുവാക്കളുടെ ഹരമായ മഹേന്ദ്ര താർ ജീപ്പ്, ജനിച്ചുവളർന്ന വീട്, ബഹ്റൈൻ ട്രാൻസ്പോർട്ട് ബസ്, ടൂറിസ്റ്റ് ബസ്, പഴയകാല ഓർമ നിലനിർത്തുന്ന കാളവണ്ടി, ഹൗസ് ബോട്ട് എന്നിവയും നിർമിച്ചിട്ടുണ്ട്.
പാഴ്വസ്തുക്കൾ കൊണ്ട് വിവിധയിനം പക്ഷികൾ, ഗ്യാസ് സിലിണ്ടർ, അപ്പോക്സി റെസിൻ ഉപയോഗിച്ച് ക്ലോക്ക്, കീ ചെയിൻ, പ്രസന്റേഷൻ ഐറ്റങ്ങൾ എന്നിവയും ഉണ്ടാക്കാറുണ്ട്.
ഇപ്പോൾ സ്ഫടികം സിനിമയിലെ ലോറിയും എയർ ഇന്ത്യ ഫ്ലൈറ്റും നിർമിക്കുന്ന തിരക്കിലാണ് ജോൺസൺ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കലാകാരന്മാരുടെ കൂട്ടായ്മ ആയ ടീം എം @ മിനിയേച്ചർ അംഗവും ആലപ്പുഴ ജില്ല കോഡിനേറ്ററുമാണ് ജോൺസൺ. ഭാര്യ: ഷൈനി. മകൻ ആൽവിൻ പത്തിച്ചിറ സെൻറ് ജോൺസ് ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ അക്സ കണ്ണമംഗലം ഗവ. യു.പി സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു. ഭാര്യയും മക്കളും പ്രോത്സാഹനങ്ങളുമായി എപ്പോഴും കൂടെയുണ്ട്. വൈവിധ്യമാർന്ന മിനിയേച്ചറുകൾ ഉണ്ടാക്കി പ്രദർശനങ്ങൾ നടത്തണമെന്നാണ് ജോൺസന്റെ ആഗ്രഹം.


