'അബാക്കസ്’ ചാമ്പ്യൻഷിപ്പിൽ രണ്ടാം വർഷവും ഒന്നാമതെത്തി മലയാളി വിദ്യാർഥി
text_fieldsഎഡ്വിൻ ജോർജ്
മനാമ: ‘ഗാമാ അബാക്കസ്’ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതെത്തി മലയാളി വിദ്യാർഥി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള 3500ൽപരം വിദ്യാർഥികൾ മാറ്റുരച്ച നാഷനൽ ഗാമാ അബാക്കസ് ചാമ്പ്യൻഷിപ്പിൽ E 3 വിഭാഗത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിൻ ജോർജ്.
എല്ലാവർഷവും നടത്തിവരാറുള്ള നാഷനൽ അബാക്കസ് ചാമ്പ്യൻഷിപ് ഇത്തവണ ജനുവരി 11നു തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടന്നത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബഹ്റൈൻ, ഖത്തർ, മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള കുട്ടികൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. മൂന്നു വർഷമായി ബംഗളൂരു ആസ്ഥാനമായ അബാക്കസ് അക്കാദമിയിൽ ഓൺലൈനായി പഠനം നടത്തുകയാണ് എഡ്വിൻ ജോർജ്.
ഇന്ത്യക്കുപുറമെ ശ്രീലങ്ക, ബഹ്റൈൻ, ഖത്തർ, മറ്റ് ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കാനും കാൽക്കുലേറ്ററിനെ വെല്ലുന്ന വേഗത്തിൽ കണക്കുകൾ ചെയ്യാനും ഗണിതപഠനം ആസ്വാദ്യകരമാക്കാനും അബാക്കസ് പഠനരീതി ഉത്തമമാണ്.
എല്ലാ അബാക്കസ് പഠിതാക്കളുടെയും ലക്ഷ്യമായ എട്ടാം ലെവലിൽ ചാമ്പ്യനാവുക എന്നതാണ് എഡ്വിന്റെ ലക്ഷ്യം.ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശികളായ സിബുവിന്റെയും നീതയുടെയും ഇളയ മകനായ എഡ്വിൻ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണ്. ഏക സഹോദരൻ ജോഹാൻ സിബു ജോർജ്, കെ.സി.എ ടാലന്റ് സ്കാൻ 2023ൽ കലാപ്രതിഭ പട്ടം നേടിയിരുന്നു. സിബു പത്തുവർഷമായി ഗൾഫ് ഫാർമസിയിൽ ബയോ മെഡിക്കൽ എൻജിനീയറാണ്.