95 വയസ്സുള്ള അമ്മയെ കാണാൻ 42 വർഷങ്ങൾക്ക് ശേഷം ഗോപാലൻ നാട്ടിലേക്ക്; പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ട് ബഹ്റൈനിൽ ജീവിച്ച് തീർത്തത് നാലു പതിറ്റാണ്ടിലധികം
text_fieldsഗോപാലൻ ചന്ദ്രനെ എയർപോർട്ടിൽ യാത്രയാക്കുന്ന പ്രവാസി ലീഗൽ സെൽ അധികൃതർ
മനാമ: ഉറ്റവരെയും ഉടയവരെയും കാണാതെ നീണ്ട നാലുപതിറ്റാണ്ടുകാലം പ്രവാസലോകത്ത് അകപ്പെട്ട ഗോപാലൻ ചന്ദ്രന് തുണയായി പ്രവാസി ലീഗൽ സെൽ. ജീവിത പ്രാരാബ്ധങ്ങളെ ത്യാഗം കൊണ്ട് ജയിച്ചു കാണിക്കാൻ പ്രവാസ ലോകത്തേക്ക് വിമാനം കയറിയതാണ് 1983ൽ തിരുവനന്തപുരം സ്വദേശിയായ ഗോപാലൻ. വിസ നൽകിയിരുന്ന തൊഴിലുടമയുടെ അകാലമരണം ഗോപാലനെ തീർത്തും ദുരിതത്തിലേക്കാനയിക്കുകയായിരുന്നു.
തൊഴിലുടമയുടെ കൈവശമായിരുന്നു ഗോപാലന്‍റെ പാസ്പോർട്ടും രേഖകളും. അദ്ദേഹത്തിന്‍റെ മരണ ശേഷം ഈ രേഖകളെക്കുറിച്ച് ധാരണകളൊന്നും ഉണ്ടായില്ലെന്നാണ് ഗോപാലൻ പറയുന്നത്. അവിവാഹിതനായ ചന്ദ്രൻ തന്‍റെ യുവത്വകാലത്താണ് ബഹ്റൈനിലെത്തുന്നത്. ഫോണോ മറ്റ് ആശയവിനിമയ ഉപാദികളോ ഉപയോഗിക്കാതിരുന്ന അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടതുമില്ല. പലയിടങ്ങളിലായി ജോലി ചെയ്ത് ഗോപാലൻ കാലങ്ങൾ ബഹ്റൈനിൽ കഴിച്ചു കൂട്ടി. അങ്ങനെ 2020ലാണ് ഒരു പ്രശ്നത്തിന്‍റെ പേരിൽ പൊലീസിന്‍റെ പിടിയിലാവുന്നത്. ശേഷം കുറച്ചു കാലം ജയിലിലാവുകയും ചെയ്തു. അതിനിടയിൽ അമ്മയും സഹോദരനും നാട്ടിൽ ജീവിച്ചിരിപ്പുണ്ടെന്ന വിവരം അറിഞ്ഞു. പിന്നീട് നാട്ടിൽ പോകണമെന്നായി ഗോപാലന്‍റെ ആഗ്രഹം.
ഔട്ട് പാസിനായും നിയമക്കുരുക്കുകളുടെ വിടുതലിനായും പലരും ചന്ദ്രനെ സഹായിക്കാമെന്നേറ്റെങ്കിലും അവസാനം തുണയായത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ പ്രസിഡന്‍റ് സുധീർ തിരുനിലത്തിന്‍റെയും സെക്രട്ടറി ഡോ. റിഥിൻ രാജിന്‍റെയും ഇടപെടലുകളാണ്. അനിൽ തങ്കപ്പൻ നായരെപ്പോലുള്ള സന്നദ്ധപ്രവർത്തകരുടെ അകമഴിഞ്ഞ സഹകരണവും ചന്ദ്രന്‍റെ യാത്രയെ വേഗത്തിലാക്കുകയായിരുന്നു. ഇത്രയേറെ കാലം പ്രവാസിയായി തുടർന്നെങ്കിലും സമ്പാദ്യമൊന്നും ബാക്കിയില്ലാതെയാണ് ചന്ദ്രൻ നാട്ടിലേക്ക് പോകുന്നത്. ഇന്ത്യൻ എംബസിയാണ് യാത്രാ ടിക്കറ്റ് നൽകിയത്. 95 വയസ്സുള്ള അമ്മയും സഹോദരനും അവരുടെ കുടുംബവും ചന്ദ്രനെ കാത്ത് നാട്ടിലുണ്ട്. വികാരഭരിതമായ മുഹൂർത്തങ്ങൾ സാക്ഷിയാക്കി ചന്ദ്രൻ അവരിലേക്ക് ചേരും, മനസ്സിടറി തീർത്ത 42 വർഷങ്ങൾക്ക് ശേഷം.
ചന്ദ്രന്‍റെ യാത്രക്ക് എല്ലാ വിധ പിന്തുണയും നൽകിയതിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിദേശകാര്യ മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്, ഇമിഗ്രേഷൻ വകുപ്പ് എൽ.എം.ആർ.എ, ഹൂറ പോലീസ് സ്റ്റേഷൻ, സി.ഐ.ഡി, ഡിപ്പോർട്ടേഷൻ സെന്റർ അധികാരികൾ, ആഭ്യന്തര മന്ത്രാലയം എന്നിവർക്കെല്ലാം പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു.