സർവിസ് റദ്ദാക്കൽ തുടർന്ന് എയർഇന്ത്യ എക്സ്പ്രസ്
text_fieldsമനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളിലും വ്യോമപാത തടസ്സങ്ങളിലും അൽപ്പം അയവു വന്നെങ്കിലും, എയർഇന്ത്യ എക്സ്പ്രസിന്റെ റദ്ദാക്കൽ നടപടി തുടരുന്നു. ആഗസ്റ്റ് എട്ട് വരെ കേരളത്തിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സർവീസുകളാണ് എയർലൈൻ ഒടുവിൽ റദ്ദാക്കിയത്. ഗൾഫ് എയർ, എയർ അറേബ്യ, ഇൻഡിഗോ തുടങ്ങിയ മറ്റ് വിമാനങ്ങളെല്ലാം സർവീസുകൾ തടസ്സമില്ലാതെ തുടരുമ്പോഴാണ് എക്സ്പ്രസിന്റെ തുടർച്ചയായുള്ള ഈ പിൻമാറ്റം.
അവധിക്കാലമായതിനാൽ നാട്ടിലെത്തിയ നിരവധി പ്രവാസി കുടുംബങ്ങളാണ് വിമാന സർവീസ് റദ്ദാക്കൽ മൂലം ദുരിതത്തിലായിരിക്കുന്നത്. സെപ്റ്റംബറിലെ ഭീമമായ ടിക്കറ്റ് നിരക്കിൽനിന്ന് രക്ഷനേടാൻ, ആഗസ്റ്റ് ആദ്യ ആഴ്ചകളിൽത്തന്നെ തിരികെ ജോലിക്കെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ് പ്രതിസന്ധിയിലായത്. അവസാന നിമിഷം സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. മൂന്നും നാലും അംഗങ്ങളുള്ള ഒരു കുടുംബം അടിയന്തര സാഹചര്യത്തിൽ മറ്റ് വിമാനങ്ങളിൽ ഉയർന്ന നിരക്കിൽ ടിക്കറ്റെടുക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെയ്ക്കുന്നത്. തങ്ങൾ ബുക്ക് ചെയ്ത എയർലൈൻ സർവീസ് നടത്തുമെന്ന പ്രതീക്ഷയിൽ അവസാന നിമിഷം വരെ മറ്റു ബദലുകൾ തേടാത്തവരാണ് പലരും. എന്നാൽ അവസാന നിമിഷമുള്ള റദ്ദാക്കലുകൾ പ്രവാസികളെ കടുത്ത നിസ്സഹായാവസ്ഥയിലാക്കുന്നു. സമയത്ത് ജോലിയിൽ പ്രവേശിക്കേണ്ടവരും വിസ കാലാവധി തീരാറായവരും ഇക്കൂട്ടത്തിലുണ്ട്.
മറ്റ് വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുകയും ചിലർ ആഗസ്റ്റ് 15 മുതൽ സർവീസുകൾ ഉണ്ടാകുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, എയർഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്ന് സർവീസ് പുനരാരംഭിക്കുന്നത് ബന്ധിച്ച് യാതൊരുവിധ വ്യക്തതയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.


