ബഹ്റൈനിൽ നിന്നുള്ള സമ്മർ സീസൺ ഫ്ലൈറ്റുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമനാമ: ബഹ്റൈനിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, ഡൽഹി എന്നിവടേക്കും തിരിച്ചുമുള്ള സമ്മർ സീസൺ ഫ്ലൈറ്റുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രമുണ്ടായിരുന്ന ബഹ്റൈൻ-തിരുവനന്തപുരം ഫ്ലൈറ്റ് വരുന്ന മാർച്ച് ആറ് മുതൽ 15 വരെയുള്ള നാല് സർവീസുകളും, ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകളുമാണ് താൽക്കാലികമായി റദ്ദാക്കിയത്.
കൂടാതെ ഡൽഹിയിലേക്ക് നിലവിലുള്ള ഏഴ് ഫ്ലൈറ്റുകളിൽ ഞായർ തിങ്കൾ ദിവസങ്ങളിലെ സർവീസ് മാർച്ച് 30 മുതൽ ഒക്ടോബർ വരെയും താൽക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ വിദ്യാലയ അവധി മാസങ്ങളായ ജൂലൈ, ആഗസ്റ്റ് കാലയളവിലെ യാത്രകൾ റദ്ദാക്കുന്നതിലൂടെ പ്രവാസികളെ അത് കാര്യമായി ബാധിക്കും. ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിലൂടെ പ്രവാസികൾ അവധി സമയം മറ്റു വിമാന കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 300 ദീനാറിലധികം വരെ ടിക്കറ്റിനായി ആ സാഹചര്യത്തിൽ ഒരു യാത്രക്കായി പ്രവാസി മുടക്കേണ്ടി വരും.
എയർ ഇന്ത്യ എക്സ്പ്രസിന് പുറമേ കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ സർവീസുള്ളത്. തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും, ഡൽഹിയിലേക്ക് ദിവസം രണ്ട് സർവീസുകളും ഗൾഫ് എയർ നടത്തുന്നുണ്ട്. നിലവിൽ കോഴിക്കോട്ടേക്ക് വരുന്ന മാർച്ചോടെ ഗൾഫ് എയർ സർവീസ് അവസാനിപ്പിക്കുകയാണ്.
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമ്മർ സർവീസുകൾ റദ്ദാക്കുന്നത് നിലവിൽ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗൾഫ് എയർ നിർത്തുന്നത് മലബാറിന് വലിയ തിരിച്ചടിയാണ്. കണക്ഷൻ ഫ്ലൈറ്റിലടക്കം വലിയ തുക ടിക്കറ്റിനായി മുടക്കേണ്ട സ്ഥിതിയാണ് വരാനിരിക്കുന്നത്. ഗൾഫ് എയർ സർവീസുകൾ വെട്ടിച്ചുരുക്കിയതും എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ സീസൺ സർവീസ് റദ്ദാക്കുന്നതും പ്രവാസിയുടെ നാട്ടിലേക്കുള്ള ഒഴിവുകാല യാത്ര ദുഷ്കരമാകുമെന്നത് തീർച്ച.
ഇൻഡിഗോ സർവീസുകൾ കഴിഞ്ഞ സമ്മർ സീസണിൽ കേരളത്തിലെ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ച് ബഹ്റൈനിലേക്ക് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇത്തവണ അവരും സർവീസ് നടത്താത്തത് വലിയ തിരിച്ചടിയാണ്.