അക്ഷരങ്ങളെ പ്രണയിക്കുന്നവർക്ക് എ.കെ.സി.സിയുടെ അക്ഷരക്കൂട്ട്
text_fieldsമനാമ: ബഹ്റൈൻ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ അക്ഷരക്കൂട്ട് എന്ന അക്ഷരസ്നേഹികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. എ.ഐ യുഗത്തിലേക്ക് ലോകം ചുരുങ്ങുമ്പോൾ വായന ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയിക്കാനുള്ള എളിയ പരിശ്രമമാണ് ഈ കൂട്ടായ്മ. വായനതാൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണിത്. ആഗസ്റ്റ് 22 നാണ് ആദ്യ അക്ഷരക്കൂട്ട് സംഘടിപ്പിക്കുന്നത്.
സ്വന്തം ഭാവനയിൽ സ്ഫുടം ചെയ്തെടുത്ത ചിന്തകളും രചനകളുമായി മാസത്തിൽ ഒരു തവണ ഒത്തുകൂടാനാണ് അക്ഷരക്കൂട്ടത്തിന്റെ പദ്ധതി. എഴുതിയ കവിതകളും കഥകളും അനുഭവങ്ങളും പങ്കുവെക്കും. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയും സ്വന്തം സൃഷ്ടികൾ കൂട്ടായ്മയിൽ അവതരിപ്പിക്കുകയും ചെയ്യും. വിവിധ രാഷ്ട്രീയമത സാമൂഹിക തലങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ച് മറ്റെല്ലാ ചിന്തകളെയും മാറ്റിനിർത്തി എഴുത്തിന്റെയും വായനയുടെയും സംശുദ്ധിയെ പരിഗണിച്ച് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും അക്ഷരക്കൂട്ടെന്ന് കൺവീനർ ജോജി കുര്യനും ജോയൻറ് കൺവീനർ നവീന ചാൾസും അറിയിച്ചു. അക്ഷരക്കൂട്ടിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 36800032 (ജോജി കുര്യൻ) എന്ന നമ്പറിൽ വിളിക്കാം.