അൽ നൂർ ഇന്റർനാഷനൽ സ്കൂൾ അത് ലറ്റിക് മീറ്റ് സമ്മാന വിതരണം
text_fieldsഅത് ലറ്റിക് മീറ്റ് സമ്മാന വിതരണ ചടങ്ങിൽ വിജയികൾ സ്കൂൾ അധികൃതർക്കും വിശിഷ്ട
വ്യക്തികൾക്കുമൊപ്പം
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സി.ബി.എസ്.ഇ വിഭാഗത്തിലെ വാർഷിക അത് ലറ്റിക് മീറ്റ് സമ്മാന വിതരണ ചടങ്ങ് സംഘടിപ്പിച്ചു. സ്കൂളിലെ വളർന്നുവരുന്ന കായികതാരങ്ങളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി അധ്യാപകരും വിശിഷ്ടവ്യക്തികളും സ്കൂളിലെ മറ്റു വിദ്യാർഥികളും ഒരുമിച്ചുകൂടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
സ്കൂൾ ബാൻഡിന്റെ സ്വാഗതത്തോടെയാണ് വിശിഷ്ടവ്യക്തികളെ സ്കൂളിലേക്കാനയിച്ചത്. ബഹ്റൈൻ, ഇന്ത്യ ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജൂനിയർ ഹെഡ് ഗേൾ ഹൃത്തിയുക രാജൻ, ജൂനിയർ ഹെഡ് ബോയ് ആയുഷ്മാൻ സുജിത് കുമാർ എന്നിവർ ചേർന്ന് അതിഥികളെ ഔപചാരികമായി സ്വാഗതം ചെയ്തു.
വിജയികൾക്ക് സ്കൂൾ ചെയർമാൻ അലി ഹസൻ, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കുഹേജി എന്നിവർ മെഡലുകൾ വിതരണം ചെയ്തു. വ്യക്തിഗത സമ്മാനങ്ങൾക്ക് പുറമേ, ഗ്രൂപ് ചാമ്പ്യൻഷിപ് നേടിയ ഡയമണ്ട് ഹൗസിനും റണ്ണേഴ്സായ റൂബി ഹൗസിനും ട്രോഫി നൽകി.
സ്കൂൾ ഉദ്യോഗസ്ഥർ, വിവിധ വിഭാഗങ്ങളിലെ പ്രധാന അധ്യാപകർ, പി.ഇ വകുപ്പ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ വിശിഷ്ട വ്യക്തികൾക്കും പങ്കെടുത്ത എല്ലാവർക്കും വിദ്യാർഥി അഡ് ലീൻ സൂസൻ ബിജു നന്ദി പറഞ്ഞു.