അൽ നൂർ സ്കൂൾ മാത് ഒളിമ്പ്യാഡ് ജേതാക്കളായി സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂൾ
text_fieldsഅൽ നൂർ സ്കൂൾ മാത്ത് ഒളിമ്പ്യാഡ് ജേതാക്കൾ
മനാമ: ബഹ്റൈനിലെ വിദ്യാർഥികളുടെ ഗണിതശാസ്ത്ര പ്രതിഭകൾ മാറ്റുരച്ച 'അൽ നൂർ ഇന്റർ സ്കൂൾ മാത്ത് ഒളിമ്പ്യാഡ് 2025-26' പ്രൗഢമായി. ദ്വീപിലെ പ്രമുഖമായ ഏഴ് സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രിട്ടീഷ് സ്കൂൾ ഓഫ് ബഹ്റൈൻ രണ്ടാം സ്ഥാനവും, ആതിഥേയരായ അൽ നൂർ ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
കുട്ടികളിൽ ലോജിക്കൽ ചിന്താഗതിയും വിശകലന പാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒളിമ്പ്യാഡിൽ ആവേശകരമായ വിവിധ റൗണ്ടുകളാണ് അരങ്ങേറിയത്. ബ്രെയിൻ ബൂസ്റ്റ്, വിഷ്വൽ റൗണ്ട്, റാപ്പിഡ് ഫയർ, ബസർ റൗണ്ട് എന്നിങ്ങനെ കുട്ടികളുടെ വേഗവും കൃത്യതയും പരീക്ഷിക്കുന്നതായിരുന്നു ഓരോ ഘട്ടവും. വിജയികൾക്ക് സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, ബ്രിട്ടീഷ് പ്രൈമറി സെക്ഷൻ ഹെഡ് ടീച്ചർ ക്രിസ് ഫെന്റൺ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്വകാര്യ സ്കൂളുകൾക്കിടയിൽ മികച്ച വിദ്യാഭ്യാസ രീതികൾ പങ്കുവെക്കുന്നതിനും വിദ്യാർഥികളിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം വേദികൾ അനിവാര്യമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഗണിതശാസ്ത്ര മികവിനൊപ്പം ടീം വർക്കും അച്ചടക്കവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഇത്തവണത്തെ ഒളിമ്പ്യാഡ്.


