മിസ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്; ബഹ്റൈൻ മലയാളികൾക്ക് അഭിമാനമായി അഞ്ജലി ഷമീർ
text_fieldsമനാമ: കൊച്ചിയിൽ നടന്ന സ്വയംവര സിൽക്സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ ഫസ്റ്റ് റണ്ണർ അപ് ആയി ബഹ്റൈൻ മലയാളി പ്രവാസി. ഇക്കഴിഞ്ഞ സെപ്റ്റംബർ 14ന് കൊച്ചിയിലെ മാരിയട്ട് ഹോട്ടലിൽ നടന്ന മിസ് കേരള മത്സരത്തിലാണ് ബഹ്റൈൻ മലയാളിയായ അഞ്ജലി ഷമീർ ഫസ്റ്റ് റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത 22 മൽസരാർഥികളിൽനിന്ന് മിസ് ഫിറ്റ്നസ് ആയി തെരഞ്ഞെടുക്കപ്പെട്ടതും അഞ്ജലിയാണ്.
അഞ്ജലി ഷമീർ
തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയും ബഹ്റൈൻ വ്യവസായിയായുമായ ഷമീറിന്റെയും രശ്മിയുടെയും മകളായ അഞ്ജലി നിലവിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ ബിരുദവിദ്യാർഥിനിയാണ്.ബഹ്റൈനിൽ ജനിച്ചുവളർന്ന അഞ്ജലി ഇന്ത്യൻ സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. പഠനത്തിൽ എന്നും ഒന്നാം സ്ഥാനത്തായിരുന്ന അഞ്ജലി 98.2 ശതമാനം മാർക്ക് വാങ്ങി ഐലന്റ് ടോപ്പറായാണ് സി.ബി.എസ്.ഇ പ്ലസ് ടു പാസായത്.കുട്ടിക്കാലം മുതൽ നൃത്തത്തിൽ തൽപരയായിരുന്ന അഞ്ജലി ബഹ്റൈൻ കേരളീയ സമാജം ഉൾപ്പെടെ നിരവധി വേദികളിൽ നടത്തിയ വിവിധ നൃത്ത പരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
അഞ്ചുവയസ്സു മുതൽ ബഹ്റൈനിലെ പ്രശസ്ത നൃത്ത പരിശീലകൻ ശ്രീനേഷ് ശ്രീനിവാസന്റെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. പിതാവ് ഷമീർ 35 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. സിംപിൾ ട്രേഡിങ് എന്ന ഹാർഡ് വെയർ സ്ഥാപനത്തിന്റെ ഉടമയാണ്. സഹോദരി അശ്വതി ബംഗളൂരു ക്രൈസ്റ്റ് കോളജിലും സഹോദരൻ അർജുൻ ബഹ്റൈൻ ഷെയ്ഫത്ത് ബ്രിട്ടീഷ് സ്കൂളിൽ പ്ലസ് ടുവിനും പഠിക്കുന്നു. അഞ്ജലിയുടെ സഹോദരങ്ങളും ബഹ്റൈനിൽ തന്നെയാണ് ജനിച്ചുവളർന്നത്.മോഡലിങ്ങിലും താൽപര്യമുള്ള അഞ്ജലി പഠനത്തോടൊപ്പം കലാരംഗത്തും സജീവമാണ്.


