ഗാർഹിക തൊഴിലാളിയാണോ, രാജ്യത്തെ നിയമങ്ങൾ അറിയാം
text_fieldsപ്രവാസലോകത്ത് ജോലിയെടുക്കുന്നവരിൽ നല്ലൊരു പങ്കും ഗാർഹിക തൊഴിലാളികളാണ്. ബഹ്റൈന്റെ കാര്യത്തിലും അതിലൊട്ടും കുറവില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ബഹ്റൈനിലുണ്ട്. എൽ.എം.ആർ.എയുടെ 2022 ലെ കണക്കുകൾ പ്രകാരം ഏകദേശം 77,707 വിദേശ ഗാർഹിക തൊഴിലാളികൾ ബഹ്റൈനിലുണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഫിലിപ്പീൻസ്, ഇന്ത്യ, ബംഗ്ലാദേശ്, ഇത്യോപ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഗാർഡ്, വീട്ടിലെ സെക്യൂരിറ്റി ജീവനക്കാർ, നാനീസ് (കുട്ടികളെ നോക്കുന്നവർ), വീട്ടിലെ ഡ്രൈവർമാർ, പാചകക്കാർ എന്നിവരാണ് തൊഴിൽ നിയമപ്രകാരം വീട്ടുജോലിക്കാരുടെ ഗണത്തിൽ വരുന്നത്. തൊഴിൽ നിയമത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ബാധകമായ വ്യവസ്ഥകളാണ് താഴെ പരാമർശിച്ചിട്ടുള്ളത്. അവ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും തൊഴിലാളികളുടെയും അവരുമായി ബന്ധപ്പെട്ടുനിൽക്കുന്നവരുടെയും ഉത്തരവാദിത്തങ്ങളിൽപെട്ടതാണ്.
തൊഴിൽ കരാർ
ഗാർഹിക തൊഴിലാളിക്ക് ഒരു തൊഴിൽ കരാർ നിർബന്ധമായും ഉണ്ടായിരിക്കണം. സാധാരണ തൊഴിൽ കരാറിൽ ചേർക്കേണ്ട എല്ലാ വ്യവസ്ഥകളും അതിലും ചേർക്കണം. തൊഴിലുടമയുടെ പേര്, വിലാസം, സി.പി.ആർ നമ്പർ, തൊഴിലാളിയുടെ പേര്, വിലാസം, പാസ്പോർട്ട് അല്ലെങ്കിൽ സി.പി.ആർ നമ്പർ, നാഷനാലിറ്റി, തൊഴിൽ കരാർ നിശ്ചിത സമയത്തേക്കാണെങ്കിൽ അതിന്റെ കാലാവധി, ശമ്പളം, അത് കൊടുക്കുന്ന തീയതിയും സമയവും, മറ്റ് ആനുകൂല്യങ്ങൾ, തൊളിലാളിയും തൊഴിലുടമയും തമ്മിൽ സമ്മതിച്ച മറ്റ് വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം തൊഴിൽ കരാറിൽ ഉണ്ടായിരിക്കണം. നാട്ടിൽ പോകുന്നതിനും വരുന്നതിനുമുള്ള ടിക്കറ്റ്, ആഴ്ചയിൽ ലഭിക്കുന്ന അവധി എന്നിവയെക്കുറിച്ച് വരെ കരാറിൽ രേഖപ്പെടുത്തിയ പ്രകാരമാണ് ലഭിക്കുക. വാർഷിക അവധി ലഭിക്കാൻ വീട്ടുജോലിക്കാർക്ക് അർഹതയുണ്ട്. ഒരുവർഷം തൊഴിൽ പൂർത്തിയാക്കിയാൽ ശമ്പളത്തോടുകൂടി 30 ദിവസത്തെ അവധി ലഭിക്കും.
മൂന്നുമാസത്തെ പ്രബേഷൻ കാലാവധി
മൂന്നുമാസത്തെ പ്രബേഷൻ തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യണം. ഈ കാലയളവിൽ തൊഴിലാളിക്കും തൊഴിലുടമക്കും ഒരു ദിവസത്തെ നോട്ടീസ് നൽകി തൊഴിൽ കരാർ റദ്ദാക്കാം. തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യാതെ പ്രബേഷൻ ബാധകമല്ല. ഒരു പ്രാവശ്യം മാത്രമേ പ്രബേഷൻ പാടുള്ളൂ.
ശമ്പളവുമായി ബന്ധപ്പെട്ടവ്യവസ്ഥ
ശമ്പളവുമായി ബന്ധപ്പെട്ട എല്ല വ്യവസ്ഥകളും വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളിക്കും ബാധകമാണ്. അതായത് ഏത് രീതിയിൽ ശമ്പളം നൽകണം എന്നതും ശമ്പളം കൊടുക്കാൻ വൈകിയാൽ നഷ്ടപരിഹാരം കൊടുക്കണമെന്നതും നിലവിലുള്ള തൊഴിൽ നിയമങ്ങൾക്കനുസൃതമായിത്തന്നെ തുടരണം. കൂടാതെ തൊഴിൽതർക്കങ്ങൾ പരിഹരിക്കാനുള്ള വ്യവസ്ഥകൾ ഗാർഹിക തൊഴിലാളികൾക്കും ബാധകമാണ്. എൽ.എം.ആർ.എയിലും തൊഴിൽമന്ത്രാലയത്തിലും കോടതിയിലും പരാതി നാൽകാം. തൊഴിൽ നിയമത്തിലുള്ള തൊഴിൽ സമയം, ഓവർടൈം, വാർഷിക അവധി ഒഴികെയുള്ള അവധികൾ എന്നിവ വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബാധകമല്ല. പക്ഷെ ഇത്തരം കാര്യങ്ങൾ തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്യാം.
ഇൻഡംമ്നിറ്റിക്ക് അർഹതയുണ്ട്
രാജ്യത്ത് തൊഴിലെടുക്കുന്ന ഫ്ലക്സി വിസ അല്ലാത്ത എല്ലാ തൊഴിലാളികൾക്കും തൊഴിലിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ ലീവിങ് ഇൻഡംമ്നിറ്റി ലഭിക്കാൻ അർഹതയുണ്ട്. ഇത് ഗാർഹിക തൊഴിലാളികൾക്കും ബാധകമാണ്. ആദ്യത്തെ മൂന്നുവർഷം വർഷത്തിൽ 15 ദിവസത്തെ ശമ്പളവും അതിനുശേഷം ഓരോ വർഷവും ഓരോ മാസത്തെ ശമ്പളവും ലീവിങ് ഇൻഡംമ്നിറ്റിയായി ഗാർഹിക തൊഴിലാളിക്കും ലഭിക്കും.
എന്നാൽ നിലവിൽ സോഷ്യൽ ഇൻഷുറൻസിലേക്ക് മാറ്റിയ വ്യവസ്ഥ വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബാധകമല്ല. അതായത് ഗാർഹിക തൊഴിലാളിയുടെ ഇൻഡംമ്നിറ്റി തുക തൊഴിലുടമ ഗോസിയിൽ നേരിട്ട് അടക്കേണ്ടതില്ല. സോഷ്യൽ ഇൻഷുറൻസ് വീട്ടുജോലിക്കാർക്ക് ഇപ്പോൾ ബാധകമല്ല എന്നതാണ് അതിന് കാരണം. അവ തൊഴിലാളിക്ക് പിരിഞ്ഞുപോകുമ്പോൾ തൊഴിലുടമ നൽകണം.