റമദാൻ മാസപ്പിറ ദൃശ്യമായി; ഇനി ആത്മവിശുദ്ധിയുടെ നാളുകൾ
text_fieldsറമദാനിനായി ഒരുങ്ങിയ ബഹ്റൈൻ ഗ്രാൻഡ് മസ്ജിദ് -ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ആത്മവിശുദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകൾക്കാണ് ഇന്നുമുതൽ മുസ്ലിം സമൂഹം സാക്ഷിയാകാനൊരുങ്ങുന്നത്. ആരാധനകളിൽ മുഴുകിയും ആത്മാവിനെ ശുദ്ധീകരിച്ചും ആത്മാനുഭൂതി നുകരുന്ന വിശ്വാസികളുടെ അനുഗൃഹീത ദിനങ്ങളാണ് പിറന്നത്. ഇസ്ലാമിക് കലണ്ടർ പ്രാകാരം ഒമ്പതാം മാസമാണ് റമദാൻ വിരുന്നെത്തുക. ലോകമെമ്പാടുമുള്ള മുസ്ലിംകൾ വ്രതാനുഷ്ഠാനുങ്ങളോടെ പകൽ മുഴുവൻ ഉപവാസം നടത്തിയാണ് റമദാനെ വരവേൽക്കുന്നത്. ദാനധർമങ്ങൾ അധികരിപ്പിച്ചും സൽക്കർമങ്ങൾ ചെയ്തും ഇഫ്താറുകളും പരോപകാര പ്രവൃത്തികളിൽ മുഴുകിയും മുസ്ലിം സമൂഹം ഒരു മാസത്തെ അലങ്കരിക്കും. പ്രവാസലോകത്തും റമദാനിന്റെ പൊലിമകൾക്ക് ഒട്ടും കുറവുണ്ടാകില്ല.
ഭരണാധികാരികളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും റമദാനെന്നും അറേബ്യൻ നാടുകളിൽ വേറിട്ടു നിൽക്കുന്നുണ്ട്. ബഹ്റൈനിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും വീക്ഷണങ്ങളും ചേർത്തുപിടിക്കലുകളും ഒാരോ സ്വദേശികളെന്ന പോലെ പ്രവാസികൾക്കും ലഭിക്കും. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കീഴിൽ അർഹരായ മനുഷ്യർക്ക് നേമ്പിന് മുമ്പുതന്നെ സഹായമെത്തിച്ചും പള്ളികളിലും മറ്റുമായി ഇഫ്താറുകളൊരുക്കിയും രാജ്യം മനുഷ്യരെ ചേർത്തുപിടിക്കും. കൂടെ, പ്രവാസി സമൂഹങ്ങൾ ജാതി ഭേദ രാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് നടത്തുന്ന നോമ്പുതുറകളും ചാരിറ്റി പ്രവർത്തനങ്ങളും റമദാനിലുടനീളം നിറഞ്ഞു നിൽക്കും. വെള്ളിയാഴ്ച രാത്രി നിരവധിപേരാണ് തറാവീഹ് നമസ്കാരത്തിനായി മസ്ജിദുകളിൽ ഒത്തുകൂടിയത്.
വിശ്വാസികളെ കാത്ത് മസ്ജിദുകൾ
റമദാനിനെ വരവേൽക്കാനായി വലിയ തുകകൾ മുടക്കിയാണ് ഔഖാഫ് രാജ്യത്തെ മസ്ജിദുകൾ വിശ്വാസികൾക്കായി അണിയിച്ചൊരുക്കിയത്. ആഗതമായ പുണ്യമാസത്തെ ആരാധനകളിലൂടെ പുതുമയോടെയും ആനന്ദത്തോടെയും വരവേൽക്കുക എന്ന വിശ്വാസി സമൂഹത്തിന്റെ ആഗ്രഹങ്ങളെ രാജ്യവും പരിഗണിക്കുകയായിരുന്നു. അഞ്ചു നേരത്തെ പ്രാർഥനകൾക്കപ്പുറം തറാവീഹ് നമസ്കാരങ്ങളും ഖുർആൻ പാരായണങ്ങളും സഹവാസങ്ങളും തുടങ്ങി ആരാധനകളുടെ അതിപ്രസരം പ്രകടമാകുന്ന ഇടങ്ങളാണ് റമദാനിൽ ഓരോ ആരാധനാലയങ്ങളും. രാജ്യത്തെ നാല് ഗവർണറേറ്റുകളിലെ വെള്ളിയാഴ്ച പ്രാർഥനകൾ നടക്കുന്ന 32 മസ്ജിദുകളുടെ പേരുവിവരങ്ങൾ ഇതിനോടകം സുന്നി എൻഡോവ്മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
മനസ്സും വയറും നിറയുന്ന ഇഫ്താറുകൾ
ഒരു മാസം നീണ്ടുനിൽക്കുന്ന ഇടതടവില്ലാത്ത വിഭവ സമൃദ്ധമായ ഇഫ്താറുകളാണ് ബഹ്റൈനിലെ ഒരു സവിശേഷത. അതിനായി മസ്ജിദുകൾക്ക് സമീപം പ്രത്യേകം തയാറാക്കിയ ടെന്റുകളോ പള്ളികൾക്കകത്ത് സജ്ജമാക്കിയ ഇടങ്ങളോ ഉണ്ടാവും. രാജ്യത്തുടനീളം ഈ കാഴ്ച റമദാനായാൽ നമുക്ക് വീക്ഷിക്കാനാകും. കൂടാതെ മലയാളി പ്രവാസി സംഘടനകളടക്കം രാജ്യത്തെ വിവിധ കൂട്ടായ്മകളുടെ സമൂഹ ഇഫ്താറുകൾ റമദാനിലെ ഒരു മനോഹര കാഴ്ചയാണ്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സംഘടിപ്പിക്കുന്ന ഇത്തരം നോമ്പുതുറകളിലെ ജനപിന്തുണയും വലുതാണ്. ചെറുസംഘങ്ങളായും കുടുംബങ്ങളായും പരസ്പരം നോമ്പുതുറകളൊരുക്കി ക്ഷണിക്കുന്ന കാഴ്ചകളും റമദാനിൽ പ്രവാസികൾക്കിടയിൽ വിപുലമാണ്. പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് നോമ്പ് വിഭവങ്ങൾ ചാരിറ്റിമുഖേന എത്തിച്ചുകൊടുക്കുന്ന സംഘടനകളും രാജ്യത്ത് പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം നോമ്പുതുറകളിൽ സന്തോഷത്തോടെ ഒരുക്കി വിളമ്പുന്ന വിഭവങ്ങൾ വയറ് മാത്രമല്ല മനസ്സും നിറക്കും.
രാത്രികാലങ്ങളെ ആഘോഷമാക്കുന്ന ഫെസ്റ്റുകൾ
റമദാനിലെ രാത്രികളെ ആഘോഷമാക്കാൻ ‘റമദാൻ ഇൻ ബഹ്റൈൻ’ പദ്ധതികളുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) രംഗത്തുണ്ട്. ലൈറ്റുകളും തോരണങ്ങളുമായി നഗരവീചികളും വീടുകളും ഒരുക്കിയും കുട്ടികൾക്കിടയിലെ ഗർഖാഊൻ (സമ്മാന ദാന ആഘോഷം) സംഘടിപ്പിച്ചും റമദാനിലെ രാവുകൾ പെരുമയോടെ നിറഞ്ഞുനിൽക്കും. മനാമ, മുഹറഖ് പേളിങ് പാത്ത്, ബഹ്റൈൻ ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിൽ പ്രത്യേകം ഫെസ്റ്റിവൽ വേദികൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴുമുതൽ ഒന്നു വരെയാണ് ഫുഡ് ഫെസ്റ്റിവലും, സാസ്കാരിക പൈതൃക പരിപാടികളും ഒത്തുകൂടലുകളുമായി അരങ്ങുണരുക.
റമദാനിലെ പൊതുനിയമങ്ങൾ
റമദാനായാൽ രാജ്യത്ത് താമസിക്കുന്ന മനുഷ്യർക്കെല്ലാം പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനും പുക വലിക്കുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്നപക്ഷം ഒരു വർഷം വരെ തടവും 100 ദീനാർ പിഴയും ലഭിച്ചേക്കാം.
ആധുനികതയിലും മായ്ക്കപ്പെടാതെ വെടിമുഴക്കാൻ പീരങ്കികൾ
ആധുനികതയുടെ കുത്തൊഴുക്കിലും മായ്ക്കപ്പെടാതെ കിടക്കുന്ന അറബ് പാരമ്പര്യത്തിന്റെ പ്രതീകമാണ് റമദാനിന്റെ പകലിരവുകളില്‍ അറബ് - ഇസ്ലാമിക് നാടുകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന പീരങ്കിയൊച്ചകള്‍. ബഹ്റൈനിലും ഈ പൈതൃകത്തിന് മാറ്റൊട്ടും കുറഞ്ഞിട്ടില്ല. റമദാൻ വിരുന്നെത്തിയാലും ശവ്വാൽ പിറ കണ്ടാലും പീരങ്കിക്കുഴലുകൾ വെടിമുഴക്കും.
നോമ്പിന് തുടക്കമറിയിക്കുന്നതും ഇഫ്താര്‍ സമയമറിയിക്കുന്നതും ഈ വെടിമുഴക്കിയാവും. കാലവും സാങ്കേതികതയും ഏറെ മാറിയെങ്കിലും പഴമയെ പൂർണമായും കൈവിടാൻ അറബ് നാടുകൾ പൂർണമായും ഒരുക്കമല്ല എന്നതിന്റെ നേർസാക്ഷ്യം കൂടിയാണിത്.
മുഹറഖിലെ അറാദ് ഫോർട്ട്, കർബാദിലെ ബഹ്റൈൻ പോർട്ട്, ദുറാസിലെ അബു സുബ്ഹ് ബീച്ച്, റിഫയിലെ ഹുനൈനിയ എന്നീ നാല് സ്ഥലങ്ങളിലാണ് രാജ്യത്ത് ഇത്തവണ പീരങ്കി മുഴങ്ങുക. ബഹ്റൈൻ ടെലിവിഷനിലടക്കം തത്സമയം സംപ്രേഷണം ചെയ്യുന്ന വെടിമുഴക്കം ആളുകൾക്ക് നേരിട്ട് കാണാനും ഈ നാല് സ്ഥലങ്ങളിലും സൗകര്യപ്പെടുത്തിയിട്ടുണ്ട്.