കഥ; മടക്കയാത്ര
text_fieldsപുലർച്ചെ നാലുമണിക്ക് പെട്ടിയുമെടുത്ത് പുറത്തു നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് കയറുമ്പോൾ ആരോടോ ഉള്ള വാശി തീർക്കുന്നപോലെ മഴ തിമിർത്തുതന്നെ പെയ്യുകയായിരുന്നു. ഇന്നലെ സന്ധ്യ കഴിഞ്ഞു തുടങ്ങിയതാണ്. ഇതുവരെ ഒരു പത്തു മിനിറ്റ് പോലും ഇടവേളകളില്ലാതെ സ്വയം ആസ്വദിച്ചങ്ങനെ പെയ്യുകതന്നെയാണ്.
ഇന്നലെ രാത്രി തന്നെ മുറുക്കിപിടിച്ചു കിടന്ന അവളുടെ കരതലം തട്ടിമാറ്റി പുലർച്ചെ രണ്ടരമണിക്ക് എഴുന്നേൽക്കുമ്പോൾ ലോകത്തിനോട് മൊത്തം ഒരുതരം വെറുപ്പ് വല്ലാതെ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. ഇനി എന്നാണ് ഒന്ന് ഒട്ടിപ്പിടിച്ചു കിടക്കാൻ കഴിയുകയെന്നത് അയാൾക്കുതന്നെ ഒരുറപ്പില്ലായിരുന്നു എന്നതാണ് പരമാർഥം. ‘എന്താടോ, താൻ കരയുകയാണോ’ എന്ന ഓട്ടോ ഡ്രൈവർ വിനോദന്റെ ചോദ്യത്തിന് എന്താണ് ഉത്തരം പറയേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു. സ്വപ്നങ്ങൾ സഫലമാക്കാൻ വീട് വീട്ടിറങ്ങിപ്പോയി അവസാനം നാടുതന്നെ സുഖമുള്ള ഒരു സ്വപ്നമായി കൊണ്ട് നടക്കേണ്ടിവരുന്ന പ്രവാസം എന്ന അനുഭവം അനുഭവിച്ചു മാത്രമേ അറിയാൻ കഴിയൂ എന്ന കാര്യം എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാത്തത് കൊണ്ടായിരിക്കാം ഒരു ആത്മഗതമാണ് വായിൽനിന്ന് പുറത്തേക്കു തെറിച്ചുവീണത്.
‘ങ്ങളൊക്കെ എന്ത് ഭാഗ്യം ചെയ്തോരാ, നാടും കുടുംബവുമൊക്കെ ചേർന്ന് എന്തു രസായിട്ടാ ങ്ങള് ജീവിച്ചു പോണേ’ അത് ഇനിക്ക് ബെർതെ തോന്നുആ, ഓട്ടോ ഓടീട്ടൊന്നും ഒരു മെച്ചോമില്ല, ഒരു വിസ കിട്ടീക്കെങ്കില് ഞാനും അക്കരെ കടക്കുവാൻ നോക്ക്വ’.ഇരുട്ടിന്റെ നേർത്ത പടലങ്ങളെ വകഞ്ഞുമാറ്റി ആ മുച്ചക്ര വാഹനത്തെ പായിക്കുന്നതിനിടയിൽ വിനോദന്റെ മറുപടി അയാളുടെ കാതിൽ വന്നലച്ചു. അകപ്പെട്ടവർ പുറത്തുകടന്ന് രക്ഷപ്പെടാനും പുറത്തു നിൽക്കുന്നവർ എങ്ങനെയെങ്കിലും അകത്തു കടക്കാനും ശ്രമിക്കുന്ന വിചിത്രമായ ഒരു ലോകമാണ് പ്രവാസം എന്നു വെറുതെ ആ മറുപടി കേട്ടപ്പോൾ ഓർത്തുപോയി.
ബാങ്ക് റോഡ് എത്തിയപ്പോൾ രണ്ട് പരിചയക്കാരെക്കൂടി വിളിച്ചു കയറ്റിയതിനാൽ അവരുടെ ഇടയിൽ മൗനം നേർത്ത ഒരു ആവരണം തീർത്തു കഴിഞ്ഞിരുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിട്ടും മഴ കുറഞ്ഞില്ല. ആരോടോ വാശി തീർക്കുന്നപോലെ അത് പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. അങ്കമാലിക്കുള്ള ടിക്കറ്റെടുത്തു പ്ലാറ്റ് ഫോമിലെ സീറ്റിൽ പോയിരിക്കുമ്പോൾ ചിന്തകൾ വീണ്ടും വലിയ തടിമാടന്മാരെപോലെ വന്നു അയാളെ ഒന്ന് കുതറാൻപോലും സമ്മതിക്കാതെ കീഴടക്കി. മാതാപിതാക്കളുടെ മരണശേഷം ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ആദ്യയാത്ര മനസ്സിൽ തെളിഞ്ഞുവന്നു. ഏക സഹോദരനെ അമ്മാവന്റെ വീട്ടിലും ഭാര്യയെ അവളുടെ വസതിയിലുമാക്കി അനിവാര്യമായ ആ ഇറങ്ങിപ്പോക്കിൽ ഒന്നിച്ചുള്ള ഒരു കുടുംബ ജീവിതം വല്ലപ്പോഴുമുള്ള അനുഭവമായി ചുരുങ്ങിപ്പോവുമെന്ന് നിനച്ചതേ ഇല്ലായിരുന്നു. നാലോ അഞ്ചോ വർഷങ്ങൾകൊണ്ട് കടങ്ങളൊക്കെ വീട്ടി എല്ലാം അവസാനിപ്പിക്കാമെന്ന ആശ കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും നിറവേറാതെ കിടക്കുന്നത് ഒരു ഉൾക്കിടിലത്തോടെ അയാൾ ഓർത്തു. അന്ന് അനുജന്റെ മുഖത്ത് കണ്ട ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയവന്റെ ദൈന്യത ഇന്നും നെഞ്ചകത്തെ ഉലച്ചുകളയുന്നുണ്ട്.
‘ഞങ്ങൾ കൊറച്ചൊന്നു വൈകി, വണ്ടീമ്മൽ ആയതോണ്ടാ ഫോൺ എടുക്കാഞ്ഞേ’ സുഹൃത്തുക്കളായ റാജിസിന്റെയും ഗഫൂറിന്റെയും സാന്നിധ്യമാണ് ചിന്തകളെ കുടഞ്ഞെറിഞ്ഞു വീണ്ടും വർത്തമാനകാലത്തേക്ക് കയറിപ്പറ്റാൻ സഹായിച്ചത്. ‘വണ്ടി അര മണിക്കൂർ ലെയിറ്റാ. അതാ ഞാൻ പിന്നെ വിളിക്കാഞ്ഞേ’ അൽപംകൂടി കഴിഞ്ഞപ്പോൾ ചൂളം വിളിച്ചുകൊണ്ട് വണ്ടി കിതച്ചു കിതച്ചു സ്റ്റേഷനിൽ നിന്നു. അകത്തുകയറി സൈഡ് സീറ്റിലിരുന്നു പത്രം മറിച്ചു നോക്കിക്കൊണ്ടിരുന്നപ്പോഴും മഴക്ക് ഒരു ശമനവും ഇല്ലായിരുന്നു. ഈ മഴയെ അനുഭവിക്കാൻ കഴിയാതെ വീണ്ടും പൊള്ളുന്ന ചൂടിലേക്ക് പോവുന്നതിനെക്കുറിച്ചാലോചിച്ചപ്പോൾ വെള്ളത്തിന്റെ തണുപ്പിൽനിന്നും വറചട്ടിയുടെ ചൂടിലേക്ക് എടുത്തെറിയപ്പെടുന്ന മത്സ്യങ്ങളെയാണ് ഓർമവന്നത്.
ഭാര്യയുടെയും രണ്ട് മക്കളുടെയും, കരഞ്ഞു കലങ്ങിയ കണ്ണുകൾ ഹൃദയത്തിൽ ഒരു നോവായി പടർന്നപ്പോൾ വായിക്കാനാവാതെ പത്രം മടക്കി ഒരുഭാഗത്തേക്ക് വെച്ചു. ലോകത്തിലെ ഏറ്റവും നിർഭാഗ്യരായ മനുഷ്യർ ഒരു പക്ഷേ കുടുംബത്തെ തനിച്ചാക്കി യൗവനം ഒറ്റപ്പെടലിന്റെ കൂർത്ത മുള്ളുകളിൽ കുരുങ്ങിപ്പോയവരായിരിക്കാം എന്നു വെറുതെ ഓർത്തു. രണ്ട് കടലുകൾക്കിരുകരകളിലും വിതുമ്പി നിൽക്കാൻ വിധിക്കപ്പെട്ട രണ്ട് ശരീരങ്ങൾ പ്രവാസം പ്രസവിച്ചിടുന്ന ഏറ്റവും വലിയ ദൈന്യതകളിൽ ഒന്നു തന്നെയാണ്.
എയർപോർട്ടിനടുത്തുള്ള ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ സുഹൃത്തുക്കൾ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോഴും അയാൾ അക്ഷരാർഥത്തിൽ മറ്റൊരു ലോകത്തായിരുന്നു. ഒടുക്കം അവരെ പുഞ്ചിരി അഭിനയിച്ചു കൈ വീശി വിമാനത്താവളത്തിന്റെ ഉള്ളിലേക്കു കടക്കുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ എന്നു വെറുതെ ആശിച്ചു. പ്രവാസം എന്നത് ഒരിക്കൽ കുരുങ്ങിക്കഴിഞ്ഞാൽ പെട്ടെന്നൊന്നും ഊരിപ്പോരാൻ കഴിയാത്ത രാവണൻ കോട്ടയാണെന്ന് എവിടെയോ വായിച്ചതോർത്തു കൊണ്ട് സീറ്റിൽ ചാരിക്കിടന്ന് ഒരു ദീർഘനിശ്വാസമുതിർത്തു. ഒരുപാട് സ്വപ്നങ്ങളുടെയും അതിലേറെ വിരഹങ്ങളുടെയും ഭാരം വഹിച്ചുകൊണ്ട് ആകാശയാനം അപ്പോഴും കുതിച്ചു പറന്നു കൊണ്ടേയിരിക്കുകയായിരുന്നു.