ഏഷ്യൻ യൂത്ത് ഗെയിംസ്; സമ്പൂർണ ആധിപത്യവുമായി ഇന്ത്യൻ കബഡി ടീം
text_fieldsമനാമ: ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ കരുത്തരുടെ പോരാട്ടമായ കബഡിയിൽ സമ്പൂർണാധിപത്യവുമായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ. ശക്തിയുടെയും വേഗതയുടെയും പെരുമകേട്ട ഇറാനിയൻ യുവ പോരാളികളെയാണ് ഫൈനലിൽ ഇന്ത്യയുടെ ചുണക്കുട്ടികളുടെ കൈകരുത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും വീര്യത്തിൽ മലർത്തിയടിച്ചത്.
അത്യധികം ആവേശം നിറഞ്ഞ മത്സരത്തിൽ 21നെതിരെ 75 പോയിന്‍റുകൾ നേടിയാണ് ഇന്ത്യൻ പെൺപട ഗോദയിൽ തങ്ങളുടെ കരുത്ത് കാണിച്ചത്. എന്നാൽ പുരുഷ മത്സരം ഒരൽപ്പം പോരാട്ടമേറിയതായിരുന്നു. ആദ്യ സെറ്റുകളിൽ കുതിച്ചെങ്കിലും ഇടക്ക് വെച്ച് ഇന്ത്യൻ ടീമൊന്ന് പതറിയിരുന്നു. എന്നാൽ വിട്ടുകൊടുക്കാനൊരുക്കമല്ലാത്ത മനോവീര്യം ഇന്ത്യൻ പോരാളികളെ കരുത്തരാക്കി. 32 നെതിരെ 35 പോയിന്‍റുകൾ നേടി ഒടുവിൽ ടീം വിജയക്കൊടി പാറിക്കുകയായിരുന്നു. ഒരു തോൽവി പോലുമറിയാതെയാണ് ഇരു ടീമുകളും ഫൈനൽ വരെയെത്തിയതെന്നതും കൗതുകമാണ്.
പ്രാഥമിക ഘട്ടത്തിൽ പാകിസ്താൻ, ശ്രീലങ്ക, ബഹ്റൈൻ, തായ്‍ലന്‍റ്, ബഹ്റൈൻ, ബംഗ്ലാദേശ്, ഇറാൻ എന്നിവരെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ കാണികളുടെ ആർപ്പുവിളികളും കരഘോഷവും ടീമിന് കരുത്തായുണ്ടായിരുന്നു. ഇതാദ്യമായാണ് ഏഷ്യൻ യൂത്ത് ഗെയിംസിൽ കബഡി മത്സരയിനമായി ഉൾപ്പെടുത്തുന്നത്. പ്രഥമഗമനത്തിൽ തന്നെ രാജപട്ടം നേടാനായതിൽ ഇന്ത്യൻ താരങ്ങളും അഭിമാനത്തിലാണ്.
രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകളുമായി ഇന്ത്യ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഏഴ് സ്വർണമുൾപ്പെടെ 18 മെഡലുമായി ചൈനയാണ് പട്ടികയിൽ മുമ്പിൽ. ആറ് വീതം സ്വർണവുമായി തായ്‍ലൻഡും ഉസ്ബക്കിസ്താനും രണ്ടാം സ്ഥാനത്തുണ്ട്.


