താരത്തിളക്കത്തിലും പഴയ കൂട്ടുകാരെ തേടി മനാമ സൂഖിലെത്തി അസീസ് നെടുമങ്ങാട്
text_fieldsഅസീസ് നെടുമങ്ങാട് ബഹ്റൈനിലെ സുഹൃത്തുക്കളായ റാഷിദിനും സിദ്ദീഖിനുമൊപ്പം
മനാമ: കാലങ്ങൾ എത്ര കടന്നുപോയാലും ചില സൗഹൃദങ്ങളുടെ തിളക്കം കുറയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം അസീസ് നെടുമങ്ങാട്. താൻ സിനിമയിലെത്തുന്നതിന് മുമ്പ് പ്രവാസിയായിരുന്ന കാലത്ത്, ബഹ്റൈനിലെ മനാമ സൂഖിൽ ഒപ്പം ജോലി ചെയ്തിരുന്ന പ്രിയ സുഹൃത്തുക്കളെ തേടി അസീസ് എത്തിയതിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി സിദ്ദീഖും വടകര വാണിമേൽ സ്വദേശി റാഷിദുമാണ് അസീസിനെ കണ്ടപ്പോൾ വികാരാധീനരായ ആ ഉറ്റ കൂട്ടുകാർ. 18 വർഷങ്ങൾക്ക് മുമ്പുള്ള ഒരു സൗഹൃദത്തിന്റെ മനോഹരമായ തുടർച്ചയായിരുന്നു ആ സംഗമം. ജീവിതം പച്ചപിടിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പാണ് അസീസ് ബഹ്റൈനിലേക്ക് വിമാനം കയറുന്നത്. സഹോദരൻ പ്രവാസിയായിരുന്ന ബഹ്റൈനിൽ ഒരു അബായ കടയിലായിരുന്നു തുടക്കം. പിന്നീട് മനാമ സൂഖിലെ ഒരു നട്സ് കടയിൽ സിദ്ദീഖിനും റാഷിദിനും ഒപ്പം ജോലിയിൽ ചേർന്നു. ഒന്നരവർഷക്കാലം അവർ ഒരേ കൂരക്ക് കീഴിൽ ഒരേ കടയിൽ സ്വപ്നങ്ങൾ പങ്കുവെച്ചു. പിന്നീട് അസീസ് നാട്ടിലേക്ക് മടങ്ങുകയും ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറുകയും ചെയ്തു.
"അന്നേ അസീസിന്റെ ഉള്ളിൽ ഒരു വലിയ കലാകാരനുണ്ടായിരുന്നു" - സിദ്ദീഖ് ഓർക്കുന്നു. പ്രവാസിയായിരുന്ന കാലത്ത് ബഹ്റൈനിലെ ഒരു മലയാളം റേഡിയോയിൽ അസീസ് ഒരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ അത് പുറത്തിറങ്ങിയില്ലെങ്കിലും കലയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശം അന്നുതന്നെ കൂടെയുള്ളവർ തിരിച്ചറിഞ്ഞിരുന്നു.
നാട്ടിലേക്ക് മടങ്ങിയ ആദ്യകാലങ്ങളിൽ അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു. എന്നാൽ ഫോൺ നമ്പറുകൾ മാറുകയും തിരക്കുകൾ കൂടുകയും ചെയ്തതോടെ വർഷങ്ങളോളം അവർ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വലിയ സിനിമകളുടെ ഭാഗമായിട്ടും ഖത്തറിലെ പരിപാടി കഴിഞ്ഞ് മടങ്ങവേ, താൻ വിയർപ്പൊഴുക്കിയ മനാമയിലെ ആ പഴയ തെരുവുകളും കൂടെ ജോലി ചെയ്ത പ്രിയ സുഹൃത്തുക്കളെയും കാണാൻ അസീസ് സമയം കണ്ടെത്തുകയായിരുന്നു.
‘ഞങ്ങൾക്കിടയിൽ നിന്നും പോയ ആ അസീസ് തന്നെയാണിപ്പോഴും. വലിയ നിലയിലെത്തിയിട്ടും പഴയ കാലത്തെയും ഞങ്ങളെയും മറക്കാതെ വന്നതിൽ വലിയ സന്തോഷമെന്ന്’ സിദ്ദീഖ് ഓർത്തെടുക്കുന്നു. യാദൃച്ഛികമായ ഈ പുനഃസമാഗമം, പ്രവാസലോകത്തെ വലിയ സൗഹൃദങ്ങളുടെയും വിനയത്തിന്റെയും അടയാളമായി മാറിയിരിക്കുകയാണ്.


