ബഹ്റൈൻ 2021: ഓർമത്താളുകൾ
text_fieldsഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച
നടത്തുന്നു
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും അത്യുജ്ജ്വല പോരാട്ടവീര്യത്തിലൂടെ രാജ്യം അതിജീവനത്തിെൻറ പുതിയ പാഠങ്ങൾ രചിച്ച വർഷമാണ് കടന്നുപോകുന്നത്. ശോഭനമായ ഭാവിയിലേക്ക് രാജ്യത്തെ കൈപിടിച്ച് നയിക്കാനുതകുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിനും ഈ വർഷം സാക്ഷ്യംവഹിച്ചു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക ചുവടുവെപ്പുകളും ഇക്കാലത്തുണ്ടായി. ഇസ്രായേലിെൻറയും ബ്രസീലിെൻറയും നയതന്ത്ര കാര്യാലയങ്ങൾ ബഹ്റൈനിൽ തുറന്നത് ചരിത്രത്തിലെ നിർണായക നാഴികക്കല്ലുകളാണ്. ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലിയും ബഹ്റൈെൻറ അമ്പതാം ദേശീയദിനവും പോയ വർഷം ആഘോഷിച്ചു. ബഹ്റൈൻ മെട്രോ എന്ന സ്വപ്ന പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കംകുറിച്ചതും 2021നെ അവിസ്മരണീയമാക്കുന്നു. പ്രത്യാശയുടെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ പോയ വർഷത്തെ പ്രധാന സംഭവങ്ങൾ ഓർത്തെടുക്കാം.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
ജനുവരി
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ തുറന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് യു.എസ് പ്രസിഡന്റിെൻറ ലീജിയൻ ഓഫ് മെറിറ്റ് ബഹുമതി ലഭിച്ചു.
ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപാദിപ്പിച്ച 'കോവിഷീൽഡ്' വാക്സിൻ ബഹ്റൈനിൽ എത്തി.
ബഹ്റൈൻ മെട്രോ രൂപരേഖ
ഫെബ്രുവരി
റഷ്യ വികസിപ്പിച്ച സ്പുട്നിക് വി കോവിഡ് വാക്സിെൻറ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി.
റോയൽ മെഡിക്കൽ സർവിസസ് ഫോർ നഴ്സിങ് ആൻഡ് ഹ്യൂമൻ സയൻസസ് കോളജ് ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിൽ പള്ളികളിലെ പ്രാർഥനകൾ വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ്-19 സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ മറികടക്കാൻ ബഹ്റൈൻ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്).
പുതിയ ബി.ഡി.എഫ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ആധുനിക പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 14 വരെ നീട്ടി.
ഇന്ത്യയിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നു.
ലൂയിസ് ഹാമിൽട്ടൺ
മാർച്ച്
നിർദിഷ്ട ബഹ്റൈൻ മെട്രോ പദ്ധതി നിക്ഷേപകർക്ക് പരിചയപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപകരെ പങ്കെടുപ്പിച്ച് 'ബഹ്റൈൻ മെട്രോ മാർക്കറ്റ് കൺസൽട്ടേഷൻ' എന്ന ആഗോള വെർച്വൽ സംഗമം നടത്തി. ഗതാഗത, വാർത്താ വിനിമയ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 100ലധികം കമ്പനികളെ പ്രതിനിധാനംചെയ്ത് 300ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.
*മിസൈൽ വാഹകശേഷിയുള്ള ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് തൽവാർ ബഹ്റൈനിൽ സന്ദർശനത്തിനെത്തി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ തുടക്കമായി.
ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീയിൽ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണിന് വിജയം.
ഏപ്രിൽ
ബഹ്റൈെൻറ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തി. ഫ്രഞ്ച് പുരാവസ്തു ഗവേഷക സംഘം അബുസൈബയിൽ നടത്തിയ ഉത്ഖനനത്തിൽ ടൈലോസ് കാലഘട്ടത്തിലെ ശ്മശാനത്തിെൻറ അവശേഷിപ്പുകൾ ലഭിച്ചു.
ഇന്ത്യ-ബഹ്റൈൻ ഉന്നതതല ജോയൻറ് കമീഷെൻറ (എച്ച്.ജെ.സി) മൂന്നാമത് യോഗം ന്യൂഡൽഹിയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സംയുക്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ചചെയ്തു.
ഫെഡറേഷൻ ഓഫ് ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ബഹ്റൈനിൽ സന്ദർശനത്തിനെത്തി. റിഫ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കു വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
കോവിഡ് വാക്സിനും ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിക്കാൻ ബഹ്റൈനും ഇസ്രായേലും തീരുമാനിച്ചു.
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ സാറിലെ ആട്രിയം മാൾ പരിസരത്ത് തുറന്നു.
കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഇന്ത്യക്ക് ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
മേയ്
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതന സംരക്ഷണ സംവിധാനം ബഹ്റൈനിൽ മേയ് ദിനത്തിൽ നിലവിൽവന്നു.
സമൂഹത്തിെൻറ പ്രതിരോധശേഷി വർധിപ്പിച്ച് കോവിഡ് മഹാമാരി പൂർണമായി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു.
സൗദി അറേബ്യ അന്താരാഷ്ട്ര അതിർത്തികൾ തുറന്നതോടെ ബഹ്റൈനിലേക്ക് സൗദിയിൽനിന്നുള്ള യാത്രക്കാരുടെ ഒഴുക്ക് തുടങ്ങി. ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷമാണ് സൗദി സഞ്ചാരികൾ ബഹ്റൈനിൽ എത്തുന്നത്.
പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ റെസിഡൻറ് വിസ ഉള്ളവർക്കു മാത്രം യാത്രാ അനുമതി നൽകാൻ തീരുമാനം.
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസ് മേയ് 29ന് രേഖപ്പെടുത്തി. 3273 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മനാമയുടെ ദൃശ്യം
ഫോട്ടോ: ഫഹദ് അസബ്
ജൂൺ
ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 അവസാനത്തെ കണക്കനുസരിച്ച് 5,35,022 പ്രവാസി തൊഴിലാളികളാണ് ബഹ്റൈനിലുള്ളത്. 2019ലേതിനേക്കാൾ 9.7 ശതമാനം കുറവാണ് ഇത്.
ബഹ്റൈെൻറ മൊത്തം വിസ്തീർണത്തിൽ കഴിഞ്ഞ വർഷം 2.05 ചതുരശ്ര കിലോമീറ്ററിെൻറ വർധന. നിലവിൽ 785.08 ചതുരശ്ര കിലോമീറ്ററാണ് രാജ്യത്തിെൻറ മൊത്തം വിസ്തീർണം. 2019ൽ ഇത് 783.03 ചതുരശ്ര കിലോമീറ്ററായിരുന്നു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ബഹ്റൈൻ തലസ്ഥാന നഗരമായ മനാമയെ ആരോഗ്യ നഗരമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രഖ്യാപിച്ചു. ഡബ്ല്യു.എച്ച്.ഒയുടെ വിദഗ്ധ സംഘം വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് പ്രഖ്യാപനം. ചെറിയ റോഡപകട കേസുകൾ ഇൻഷുറൻസ് കമ്പനിയുമായി ധാരണയിലെത്തി പരിഹരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു. അന്താരാഷ്ട്ര കസ്റ്റംസ് ഓർഗനൈസേഷൻ നേതൃപദവി രണ്ടാം തവണയും ബഹ്റൈന്.
ഡബ്ല്യു.എച്ച്.ഒ മേഖല ഓഫിസ് ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മനാമയിൽ ഉദ്ഘാടനം ചെയ്യുന്നു
ജൂലൈ
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബഹ്റൈൻ സന്ദർശിച്ചു
ഡബ്ല്യു.എച്ച്.ഒ മേഖല ഓഫിസ് മനാമയിൽ തുറന്നു.
ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയ ബഹ്റൈെൻറ കാൽക്കിദൻ ഗെസാഗ്നിയുടെ ആഹ്ലാദം
ആഗസ്റ്റ്
ഒളിമ്പിക്സ് വേദിയിൽ വീണ്ടും യശസ്സുയർത്തി ബഹ്റൈൻ. ടോക്യോയിൽ വനിതകളുടെ 10,000 മീറ്ററിൽ കാൽക്കിദൻ ഗെസാഗ്നിയാണ് ബഹ്റൈനുവേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയത്.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
രാജ്യത്തെ സ്ത്രീമുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച വനിതാകാര്യ സുപ്രീം കൗൺസിൽ (എസ്.സി.ഡബ്ല്യു) രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിൽ എത്തി. ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് ഒഴിവാക്കി.
ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡിനെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
സെപ്റ്റംബർ
ബഹ്റൈൻ മെട്രോ പദ്ധതിയുടെ വിപുലീകരണത്തിനുള്ള ടെക്നിക്കൽ കൺസൽട്ടൻസി കരാറിനായി ഏഴു കമ്പനികൾ രംഗത്ത്. കിങ് ഹമദ് റെയിൽവേ സ്റ്റേഷൻ മുതൽ ന്യൂ ബഹ്റൈൻ സ്പോർട്സ് സിറ്റിയിലേക്കും സാഖിറിലെ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലേക്കും മെട്രോ ഇടനാഴി ദീർഘിപ്പിക്കുന്നതിനുള്ള സാധ്യതാപഠനത്തിനാണ് കൺസൽട്ടൻസിയെ നിയോഗിക്കുന്നത്. ബിഡ് സമർപ്പിച്ച ഏഴു കമ്പനികളുടെ വിവരങ്ങൾ ബഹ്റൈൻ ടെൻഡർ ബോർഡ് പ്രസിദ്ധീകരിച്ചു.
രാജ്യത്തെ നിരക്ഷരത നിരക്ക് കുറക്കാനുള്ള ശ്രമങ്ങൾ വിജയംകണ്ടതായി കണക്കുകൾ. നിരക്ഷരത നിരക്ക് 2.4 ശതമാനത്തിൽ താഴെ എത്തിയതായി അന്താരാഷ്ട്ര സാക്ഷരത ദിനത്തോടനുബന്ധിച്ച് നൽകിയ പ്രസ്താവനയിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അൽ നുഐമി പറഞ്ഞു.
സൈപ്രസ് പ്രസിഡൻറ് നികോസ് അനാസ്താസിയാദെസ് ബഹ്റൈൻ സന്ദർശിച്ചു
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയെ നേരിടുന്ന കാര്യത്തിൽ ആഗോളതലത്തിൽ ബഹ്റൈന് മികച്ച നേട്ടം. ഇതുസംബന്ധിച്ച ബാസൽ എ.എം.എൽ സൂചികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനവും ബഹ്റൈൻ നേടി. തുടർച്ചയായ രണ്ടാം വർഷമാണ് ബഹ്റൈൻ ഈ നേട്ടം കൈവരിക്കുന്നത്.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽനിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാന സർവിസുകളുടെ എണ്ണം 5000 തികഞ്ഞു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലി ആഘോഷത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽ റഹ്മാൻ അൽ ഗഉൂദ്, ആഫ്രോ-ഏഷ്യൻ അഫയേഴ്സ് അധ്യക്ഷ ഫാത്തിമ അബ്ദുല്ല അൽ ദഈൻ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
2022 ജനുവരി മുതൽ വാറ്റ് 10 ശതമാനമാക്കി വർധിപ്പിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ ചർച്ചചെയ്ത് പാസാക്കുന്നതിന് പാർലമെൻറിന് വിടാനും തീരുമാനിച്ചു.
ഇസ്രായേലും ബഹ്റൈനും തമ്മിൽ സഹകരണത്തിെൻറ പുതിയ നാളുകൾക്ക് തുടക്കംകുറിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് ഔദ്യോഗിക സന്ദർശനത്തിന് ബഹ്റൈനിൽ എത്തി. വിവിധ ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.
ഗൾഫ് എയർ ഇസ്രായേലിലേക്കുള്ള സർവിസ് ആരംഭിച്ചു. ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ
തർക്കത്തിലുള്ള കക്ഷികൾ സമ്മതിക്കുകയാണെങ്കിൽ കോടതി നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ അനുമതി. ജുഡീഷ്യൽ അതോറിറ്റി നിയമത്തിൽ ഹമദ് രാജാവ് പുറപ്പെടുവിച്ച ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബഹ്റൈൻ സെൻട്രൽ ബാങ്ക് ആരംഭിച്ച ഇലക്ട്രോണിക് ചെക്ക് സംവിധാനം നിലവിൽവന്നു.
ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് അനുമതി.
ബഹ്റൈനിൽ മൂന്നു മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടു ഡോസ് സിനോഫാം വാക്സിൻ നൽകുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു.
ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസനാരോ ബഹ്റൈനിലെ ബ്രസീൽ എംബസി ഉദ്ഘാടനം ചെയ്യുന്നു
നവംബർ
2026 ആകുമ്പോൾ ജി.ഡി.പിയിൽ ടൂറിസം മേഖലയിൽ നിന്നുള്ള വിഹിതം 11.4 ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതി വ്യവസായ, വാണിജ്യ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് അൽ സയാനി പ്രഖ്യാപിച്ചു.
യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന വിവിധ കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ യു.എ.ഇ സന്ദർശനത്തിനിടെയാണ് പുതിയ കരാറുകളിൽ ഒപ്പുവെച്ചത്.
ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിെൻറ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസനാരോ ബഹ്റൈൻ സന്ദർശിച്ചു.
ബഹ്റൈനിലെ ബ്രസീൽ എംബസി പ്രവർത്തനമാരംഭിച്ചു. ജ്വല്ലറി അറേബ്യ പ്രദർശനം ആരംഭിച്ചു. 17ാമത് മനാമ ഡയലോഗ് സംഘടിപ്പിച്ചു. ബഹ്റൈെൻറ മുഖച്ഛായ അടിമുടി മാറ്റുന്ന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണംചെയ്ത് അതിവേഗം മുന്നോട്ടുകുതിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. രാജ്യത്തിെൻറ ഭൂവിസ്തൃതി 60 ശതമാനം വർധിപ്പിച്ച് പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ പദ്ധതി, സ്പോർട്സ് സിറ്റി തുടങ്ങിയ വൻ പദ്ധതികളാണ് വരുംവർഷങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. പുതിയ വികസന പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലും തന്ത്രപ്രധാനമായ മുൻഗണന മേഖലകളിലും 30 ബില്യൺ ഡോളർ നിക്ഷേപം നടത്തും.
നയതന്ത്രകാര്യങ്ങൾക്കായുള്ള ഹമദ് രാജാവിെൻറ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹമദ് രാജാവിെൻറ ആശംസയും ബഹ്റൈൻ സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണവും അദ്ദേഹം മാർപാപ്പക്ക് കൈമാറി.
കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിൻറ്മെൻറ് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ 'EoIBh CONNECT' ഇന്ത്യൻ എംബസി പുറത്തിറക്കി.
ഔർ ലേഡി ഓഫ് അറേബ്യ ദേവാലയം
ഡിസംബർ
എയര്പോര്ട്ടിനു സമീപം നവീകരണം പൂര്ത്തിയാക്കിയ മുഹറഖ് ഗ്രാൻഡ് ഗാര്ഡന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന് മുബാറക് ആല് ഖലീഫ ഉദ്ഘാടനം ചെയ്തു.
കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങൾക്ക് നൽകുന്ന സാമ്പത്തികസഹായം 10 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
മൂല്യവർധിത നികുതി (വാറ്റ്) ഇരട്ടിയാക്കുന്നതിനുള്ള കരട് ബിൽ പാർലമെൻറ് പാസാക്കി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ 'ഔർ ലേഡി ഓഫ് അറേബ്യ' രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്റൈെൻറ 50ാം ദേശീയദിനം ആഘോഷിച്ചു.
ബഹ്റൈനിൽ ആദ്യമായി കോവിഡ് വൈറസിെൻറ ഒമിക്രോൺ വകഭേദം കണ്ടെത്തി. വിദേശത്തുനിന്നെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ബഹ്റൈൻ. യു.എ.ഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 നാനോ സാറ്റലൈറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു.