ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പ്; ‘വാഗ്ദാനങ്ങൾ മാത്രമല്ല പ്രവർത്തിച്ചു കാണിക്കും’
text_fieldsനായിഫ് തൗഫീഖ് അൽ അലവി
മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 31ാം ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന്‍റെ പ്രചരണം തകൃതിയായി നടക്കുകയാണ്. വിവധ വിഭാഗങ്ങളിലായി 18 സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പായും സ്വതന്ത്രരായും സംരഭകർ മത്സരരംഗത്തുണ്ട്. മത്സരിക്കാൻ വലിയൊരു ടീമിന്‍റെ പിൻബലമോ മറ്റോ ആവശ്യമില്ലെന്നും സേവനം ചെയ്യാനുള്ള കരുത്തും ആത്മവിശ്വാസവും മതിയെന്നും പ്രഖ്യാപിച്ചാണ് ബഹ്റൈനിലെ പ്രമുഖ സംരഭകനും ഈസി പേ. കോം സ്ഥാപകനും എം.ഡിയുമായ നായിഫ് തൗഫീഖ് അൽ അലവി സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ചേംബറിൽ തനിക്ക് ചെയ്തു ഫലിപ്പിക്കാനുള്ള വ്യക്തമായ പദ്ധതികളും ദീർഘവീക്ഷണങ്ങളും ഇതിനോടകം ക്രമീകരിച്ചാണ് മത്സര രംഗത്തേക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണം.
വെറും വാക്കുകളിലോ വാഗ്ദാനങ്ങളിലോ മാത്രമായി ഒന്നും ഒതുങ്ങില്ലെന്നും പ്രവർത്തനത്തിലൂടെ എല്ലാം വ്യക്തമാക്കി നൽകുമെന്നുമാണ് അദ്ദേഹത്തിന്‍റെ ഉറപ്പ്. ഈ അവസരത്തിൽ തന്‍റെ വ്യക്തമായ പദ്ധതികളെ കുറിച്ച് ഗൾഫ് മാധ്യമവുമായി സംസാരിക്കുകയാണ് നായിഫ് തൗഫീഖ്.
വ്യക്തമായ പദ്ധതി കാഴ്ചപ്പാട്
ബഹ്റൈനിൽ കഴിഞ്ഞ 20 വർഷത്തിലേറെയായി ബിസിനസ് നടത്തി വരുന്ന ആളാണ് ഞാൻ. താഴെ തട്ടിൽ നിന്ന് തുടങ്ങിയതാണ് എന്‍റെ വളർച്ച. ഈ രാജ്യത്തെ ബിസിനസ് വളർച്ചയും അതിന്‍റെ സാധ്യതകളും വ്യക്തമായി അറിയാവുന്ന ഒരാളെന്ന നിലക്ക് ചേംബറിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും എനിക്കറിയാം.
പ്രശ്നങ്ങളും പ്രതിസന്ധികളും പൂർണമായി മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും എനിക്ക് കഴിയും. അതിൽ ഉറച്ച വിശ്വാസവും എനിക്കുണ്ട്. ചേംബറിനെ കേവലം ഒരു പ്രതിനിധി സഭ എന്നതിലുപരി അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു സംയോജിത ബിസിനസ് പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് ലക്ഷ്യം.
‘ഈ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഞാൻ ബോധവാനാണ്’
ബഹ്റൈന്‍റെ ഇകോണമി എന്താണെന്നും ഇവിടെ മാർക്കറ്റിൽ നടക്കുന്ന ട്രാൻസാക്ഷനുകളെക്കുറിച്ചും ഞാൻ ബോധവാനാണ്. രാജ്യത്തിന്‍റെ ശക്തമായ വിപണന രംഗവും എവിടെയെല്ലാമാണ് മാറ്റങ്ങൾ വേണ്ടതെന്നും എനിക്ക് ധാരണയുണ്ട്. പരിചയ സമ്പന്നരായ വ്യാപാരികൾക്കിടയിലും തുടക്കക്കാരായവർക്കിടയിലും ഒരു പാലമായി പ്രവർത്തിക്കാനും ഞാൻ ലക്ഷ്യമിടുന്നു.
പ്രവാസികളടക്കമുള്ള സംരംഭകരെ ചേർത്തു നിർത്തും
പ്രമുഖ പല കമ്പനികളും തുടങ്ങി പിന്നീട് നിലച്ചു പോകുന്ന കാഴ്ച നാം കാണാറുണ്ട്. വ്യക്തമായ പദ്ധതികളോ കാലത്തിനനുസരിച്ചുള്ള ടെക്നോളജിയുടെ മാറ്റമോ ഇല്ലാത്തതാവും ഇത്തരം സ്ഥാപനങ്ങളുടെ തകർച്ചക്ക് കാരണം. ഇന്ത്യക്കാരടക്കം നിരവധി പ്രവാസികൾ ഇവിടെ സംരഭകരായിട്ടുണ്ട്. അത്തരക്കാർ എന്താണ് ആവശ്യമെന്നും അവരെ എങ്ങനെ പരിഗണിക്കണമെന്നും എനിക്ക് ധാരണയുണ്ട്.
ഇക്കണോമിക് ഡെവലപ്‌മെന്‍റ് ബോർഡ് (ഇ.ഡി.ബി), സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ, ലേബർ ഫണ്ട് (തംകീൻ) തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് ഫിൻടെക്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലകളിൽ വ്യാപാരികൾക്ക് കൂടുതൽ പിന്തുണയും ഉറപ്പാക്കും.
കൂടാതെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ.എസ്) ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഡിജിറ്റൽവൽക്കരണത്തിനും മുൻഗണന നൽകും. ബഹ്റൈനിൽ സംരഭ മേഖലക്ക് സർക്കാറിന്‍റെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണ് ലഭിക്കുന്നത് എന്നതിൽ സംശയമില്ല. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് ചേംബറിന്‍റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് ഞാൻ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
വലിയ പ്രതീക്ഷ
സമയനിഷ്ഠയുള്ള ആളാണ് ഞാൻ. നോമിനേഷൻ നൽകേണ്ട ദിവസം, കഴിഞ്ഞ 13 ന് വെള്ളയാഴ്ച തന്നെ ഞാൻ സമർപ്പിച്ചിരുന്നു. ആദ്യം നോമിനേഷൻ സമർപ്പിച്ചതും ഞാനാണ്. അതിന് അവരിൽ നിന്ന് അഭിനന്ദനവും എനിക്ക് ലഭിച്ചു. വലിയ പ്രതീക്ഷയോടെയാണ് ഞാൻ മത്സരത്തിനിറങ്ങുന്നത്. ജയിക്കുമെന്ന വിശ്വാസവുമുണ്ട്. വെറും വാഗ്ദാനങ്ങൾ മാത്രമാവില്ല എന്‍റെ പദ്ധതികൾ എല്ലാം ഞാൻ നടപ്പിൽ വരുത്തിയും പ്രവർത്തിച്ചും കാണിക്കും. മലയാളികളടക്കമുള്ള ഇന്ത്യക്കാരുമായി നല്ല ബന്ധം എനിക്കുണ്ട്. എല്ലാവരെയും ചേർത്തു നിർത്തും.


