ദേ മാവേലിയെത്തി... പവിഴദ്വീപിൽ ഇനി ആഘോഷ നാളുകൾ
text_fieldsതോമസ് ജോർജ് മാവേലി വേഷത്തിൽ (ഫയൽ)
മനാമ: ബഹ്റൈനിലെ പ്രവാസികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റൊരൽപ്പം കൂടുതലാണ്. നാലുമാസത്തോളം നീളുന്ന ആഘോഷങ്ങൾക്കാണ് ഇവിടെ അരങ്ങൊരുങ്ങുക. ജോലിത്തിരക്കുകൾക്കിടയിലും ആഘോഷിക്കാനും സന്തോഷിക്കാനും സമയം കണ്ടെത്തുന്നത് തന്നെയാണ് മറ്റൊരു കൗതുകം. ഓണാഘോഷങ്ങൾക്ക് പകിട്ടേകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ആളാണ് മാവേലി.
ലക്ഷണമൊത്ത മാവേലിയെ കണ്ടെത്തിയാൽതന്നെ ആഘോഷം പകുതി ജയിച്ചുവെന്നാണ്. അത്തരത്തിൽ ലക്ഷണമൊത്തതും കഴിഞ്ഞ എട്ടുവർഷത്തോളമായി പവിഴദ്വീപിലെ ഓണാഘോഷങ്ങളിൽ സുപരിചിതനുമായ ഒരു മാവേലിയുണ്ട്. അങ്കമാലി സ്വദേശിയായ തോമസ് ജോർജ്. ബഹ്റൈൻ മലായാളി പ്രവാസി മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണദ്ദേഹം. പ്രവാസികളുടെ ലക്ഷണമൊത്ത ആസ്ഥാന മാവേലിയായി ഇപ്പോഴും അദ്ദേഹം തുടരുന്നു.
രോഗങ്ങൾ പ്രയാസപ്പെടുത്തിയ കാലത്ത് പ്രവാസം അവാസാനിപ്പിച്ച് നാട്ടിൽ പോയിരുന്നു. വിശ്രമജീവിതം നാട്ടിൽ തുടരുന്നതിനിടെയാണ് നാട്ടുകാരൻ കൂടിയായ ഫ്രാൻസിസ് കൈതാരത്ത് ഓണാഘോഷത്തിന് വീണ്ടും എത്തണമെന്ന് പറഞ്ഞ് നിർബന്ധിച്ചത്. അങ്ങനെ ഓണമെത്തിയാൽ തോമസ് ബഹ്റൈനിലെത്തും. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഈ ആഴ്ച തുടക്കമാകുന്ന ഓണാഘോഷങ്ങളിൽ ഇപ്പോൾതന്നെ പലരും തോമസിനെ ബുക്ക് ചെയ്ത് കഴിഞ്ഞു. ഇനി അങ്ങോട്ട് തിരക്കുള്ള നാളുകളാണ്.
ദിവസവും അഞ്ച് പരിപാടികൾക്ക് വരെ മാവേലി വേഷം കെട്ടിയ ഓർമകളും അനുഭവങ്ങളും തോമസ് ഇപ്പോഴും ഓർക്കുന്നുണ്ട്. മാവേലിയായി വേഷം കെട്ടുമ്പോൾ എന്തെന്നില്ലാത്ത ആവേശമാണ് തോമസിന്. തുടരെ മണിക്കൂറുകളോളം ഒരു പരിഭവവുമില്ലാതെ തോമസ് മാവേലിയായി തന്നെ തുടരും.
സംഘടനാപരിപാടിക്ക് മാത്രമല്ല അമ്പലങ്ങളിലും ക്രിസ്ത്യൻ പള്ളികളിലുമെല്ലാം തോമസ് മാവേലിയാണ്. നവംബറിൽ പ്രവാസലോകത്തെ ഓണാഘോഷങ്ങൾ കഴിഞ്ഞാലുടൻ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങും. അപ്പോൾ ക്രിസ്മസ് അപ്പൂപ്പൻ വേണമല്ലോ. ഇതോടെ മാവേലി സാന്തയായി രൂപം മാറും. തോമസ് കഴിഞ്ഞ ഓണത്തിന് മകൾ രേഷ്മ തോമസിന്റെ കുടുംബത്തോടൊപ്പം ആസ്ട്രേലിയയിലായിരുന്നു. ഇത്തവണ പൂർണമായും ബഹ്റൈനിൽ തന്നെയുണ്ട്.
ബഹ്റൈനിലെ ഓണാഘോഷങ്ങൾക്ക് പതിവുപോലെ കാത്തിരിക്കുകയാണ് മലയാളികൾ. കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധ അസോസിയേഷനുകൾ, ജില്ല കൂട്ടായ്മകൾ, സാംസ്കാരിക സംഘടനകൾ എന്നുവേണ്ട, മലയാളികൾ അംഗങ്ങളായ എല്ലാ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം ഇവിടെ സംഘടിപ്പിക്കും.