നാട്ടുപോരിന് ബഹ്റൈൻ പ്രവാസികളും
text_fieldsമനാമ: രാഷ്ട്രീയകേരളത്തിന്റെ ചരിത്രഗതിയിൽ നിർണായകമായേക്കാവുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഗോദയിൽ അങ്കത്തിനൊരുങ്ങി ബഹ്റൈനിലെ പ്രവാസി നേതാക്കളും. തന്ത്രങ്ങൾ മെനഞ്ഞും കളം നിറഞ്ഞും നാട്ടുപോരിന് ഒരുങ്ങിയ മുന്നണികളും പാർട്ടികളും പലയിടത്തും പ്രവാസിനേതാക്കളെ കാര്യമായി തന്നെ പരിഗണിച്ചിട്ടുണ്ട്. പ്രവാസലോകത്തെ പൊതുപ്രവർത്തനത്തിലെ അനുഭവപാഠവും ചേർത്തുപിടിക്കുന്നതിലുള്ള സഹിഷ്ണുതയും ഏറെ കൈമുതലുള്ള വ്യക്തികളെന്ന നിലക്ക് പ്രവാസിനേതാക്കളുടെ സ്ഥാനാർഥിത്വത്തിന് വലിയ പ്രസക്തിയുണ്ട്.
ബഹ്റൈനിലെ പ്രമുഖ സംഘടനകളായ ഒ.ഐ.സി.സി, പ്രതിഭ, കെ.എം.സി.സി, നവകേരള, ഐ.വൈ.സി.സി, പ്രവാസി വെൽഫെയർ എന്നിവയിൽ പ്രവർത്തിച്ചു പരിചയമുള്ള നേതാക്കളാണ് മത്സരരംഗത്തുള്ളത്. ഇപ്പോൾ മത്സരരംഗത്തുള്ളവരിൽ പലരും മുമ്പും സ്ഥാനാർഥികളായിട്ടുള്ളവരാണ്. കൂടാതെ പല പ്രവാസികളുടെ ഭാര്യമാരും കുടുംബാംഗങ്ങളുമെല്ലാം മത്സരരംഗത്തുണ്ട്. സംഘടനരംഗത്തെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വിജയിപ്പിക്കുന്നതിന് വോട്ടുകൾ നൽകാനും പ്രചാരണത്തിൽ സജീവമാകാനും ധാരാളം പ്രവാസികൾ വോട്ടെടുപ്പിന് തൊട്ട് മുമ്പ് നാട്ടിലേക്ക് തിരിക്കാനൊരുങ്ങുകയാണ്.
ബഹ്റൈൻ കെ.എം.സി.സി
ബഹ്റൈൻ കെ.എം.സി.സിയുടെ അമരക്കാരനും ജനപ്രിയനും സാമൂഹികപ്രവർത്തനരംഗത്തെ അതികായനുമായ സലാം മമ്പാട്ടുമൂലയാണ് കെ.എം.സി.സിക്ക് അഭിമാനമായി മത്സരരംഗത്തുള്ളത്. നിലവിൽ മനാമ സെൻട്രൽ മാർക്കറ്റ് കെ.എം.സി.സിയുടെ പ്രസിഡന്റാണ് സലാം. കെ.എം.സി.സി വണ്ടൂർ മണ്ഡലം പ്രസിഡന്റായി ബഹ്റൈനിൽ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ്, സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം ജില്ല ഫോറം പ്രസിഡന്റ്, മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്നി നിലയിലും പ്രവർത്തിച്ചുവരുന്നു. മലപ്പുറം വണ്ടൂർ ചോക്കാട് പഞ്ചായത്തിലെ മമ്പാട്ട് മൂല 18ാം വാർഡിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായണ് അദ്ദേഹം ജനവിധി തേടുന്നത്.
മുൻ ബഹ്റൈൻ പ്രവാസിയും സംസ്ഥാന കെ.എം.സി.സി ഭാരവാഹിയായി 1990 മുതൽ പ്രവർത്തന ഗോദയിൽ സജീവമുമായിരുന്ന സി.പി. അലി എന്ന ഏവരുടെയും പ്രിയപ്പെട്ട അലി കൊയിലാണ്ടിയാണ് മറ്റൊരു മത്സരാർഥി. കൊയിലാണ്ടി ചെങ്ങോട്ടുകാവ് 18ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് സി.പി. അലി പോരിനിറങ്ങുന്നത്. 2013ൽ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചെങ്കിലും പൊതുപ്രവർത്തന രംഗത്ത് അലി നിറസാന്നിധ്യമായിരുന്നു. ബഹ്റൈനിലെ മുൻ പ്രവാസികളായിരുന്ന കെ.എം.സി.സി നേതാക്കളുടെ 140 അംഗ കൂട്ടായ്മയിലും സി.പി. അലി അംഗമാണ്.
ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന റൗഫ് എം.എം.വിയാണ് മറ്റൊരു സ്ഥാനാർഥി. 1990കൾ മുതൽ എം.എസ്.എഫിലൂടെ സംഘടനാരംഗത്ത് വരികയും മുസ്ലിം യൂത്ത് ലീഗ് മാട്ടൂൽ പഞ്ചായത്ത് സെക്രെട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മാട്ടൂൽ സർവിസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജരാണ്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയായാണ് റൗഫ് മത്സരത്തിനിറങ്ങുന്നത്. മലപ്പുറം നിലമ്പൂർ മുനിസിപ്പാലിറ്റി 27ാം ഡിവിഷനിൽ ഇത്തവണ അങ്കത്തിനിറങ്ങുന്നത് ബഹ്റൈൻ ജിദാലി കെ.എം.സി.സിയുടെ അമരക്കാരനായ ശിഹാബ് നിലമ്പൂരാണ്. ജിദാലി കെ.എം.സി.സിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു ശിഹാബ്.
ഒ.ഐ.സി.സി ബഹ്റൈൻ
ബഹ്റൈൻ ഒ.ഐ.സി.സി മുൻ പ്രസിഡന്റും നിലവിൽ ഗ്ലോബൽ മെംബറും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ബിനു കുന്നന്താനം ഇത്തവണ മത്സര ഗോദയിലുണ്ട്. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് (തോട്ടപ്പടി) യു.ഡി.എഫ് സ്ഥാനാർഥിയായാണ് ബിനു കുന്നന്താനം മത്സരിക്കുന്നത്. നാട്ടുപോരിൽ അദ്ദേഹത്തിനിത് ആദ്യാനുഭവമല്ല. പ്രവാസത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും, യാക്കോബായ സുറിയാനി സഭ കമ്മിറ്റി മെമ്പർ എന്ന നിലയിലും അദ്ദേഹം നാട്ടിൽ മികച്ച ജനകീയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ബഹ്റൈനിലെ പൊതുപ്രവർത്തനരംഗത്ത് ഒ.ഐ.സി.സിയുടെ ജനകീയ മുഖം കൂടിയാണ് ബിനു കുന്നന്താനം.
ഒ.ഐ.സി.സി ആലപ്പുഴ ജില്ലപ്രസിഡന്റ് മോഹൻ കുമാറാണ് മറ്റൊരു സ്ഥാനാർഥി. ആലപ്പുഴ നൂറനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് മോഹനൻ ജനവിധി തേടുന്നത്. വർഷങ്ങളായി കോൺഗ്രസ് പ്രസ്ഥാനത്തിന് അധികാരം നഷ്ടപ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിൽ, പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരിക എന്ന സുപ്രധാന ദൗത്യമാണ് മോഹൻ കുമാറിനെ പാർട്ടി നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്. ദീർഘകാലത്തെ പ്രവാസ ജീവിതത്തിലൂടെ ആർജിച്ച അനുഭവസമ്പത്തും സംഘടനാപാടവവുമാണ് മോഹൻ കുമാറിന് മുതൽക്കൂട്ട്.
ബഹ്റൈൻ പ്രതിഭ
നാട്ടങ്കത്തിന് വലിയ പ്രതീക്ഷയിൽ തന്നെയാണ് ഇത്തവണ ഇടത് പക്ഷം ഒരുങ്ങുന്നത്. മികവുറ്റ ഒരുപറ്റം ജനപ്രതിനിധികളെയാണ് ഇത്തവണ അവർ ഗോദയിലിറക്കിയത്. അതിൽ ബഹ്റൈൻ പ്രതിഭക്കും അഭിമാനിക്കാൻ വകയുണ്ട്. പ്രതിഭയുടെ മുൻ രക്ഷാധികാരിയും നാല് പതിറ്റാണ്ടോളം ബഹ്റൈൻ പ്രവാസിയുമായിരുന്ന പി.ടി. നാരായണൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി മലപ്പുറം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കാലടി ഡിവിഷനിൽ രംഗത്തുണ്ട്. ബഹ്റൈനിലെ സാമൂഹിക സേവനരംഗത്തും ജനക്ഷേമപ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന പി.ടി. നാരായണൻ ഇനി നാടിന്റെ പ്രതിനിധിയായി നാട്ടുകാരുടെ പ്രിയപ്പെട്ടയാളായി അവർക്കു കൂടെയുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ബഹ്റൈൻ പ്രതിഭ പ്രവർത്തകരായിരുന്ന കെ. മോഹൻദാസ് പത്തനംതിട്ട പന്തളം നഗരസഭയിലെ 31ം ഡിവിഷനായ മുട്ടാറിലും വടകര ആയഞ്ചേരി പഞ്ചായത്തിൽ വാർഡ് ഒമ്പതിൽ വിനീത് കുമാറുമാണ് എൽ.ഡി.എഫ് സ്ഥാനാർഥികളായി ജനവിധി തേടുന്നത്. ഇരുവരും പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. പ്രതിഭയുടെ സാമൂഹിക സാംസ്കാരിക മേഖലകളിലും ഇരുവരും നടത്തിയത് അനിഷേധ്യപ്രവർത്തനങ്ങളാണ്. ഇരുവരുടെയും പൊതുപ്രവർത്തനത്തിന് എന്നും മുതൽകൂട്ടായി പ്രവാസലോകത്തെ ആ നല്ല നാളുകൾ കൂടിയുണ്ട് എന്നതാണ് സത്യം.
ബഹ്റൈൻ നവകേരള
എൽ.ഡി.എഫിലെ ഘടക കക്ഷിയായ സി.പി.ഐയുടെ ജനപ്രിയ നേതാവും നവകേരള ഹുറ, മുഹറഖ് മേഖല മുൻ സെക്രട്ടറിയും എക്സിക്യുട്ടിവ് അംഗവുമായ എം.എ. സഗീറും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ശ്രീമൂലനഗരം വെസ്റ്റ് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് സഗീർ ജനവിധി തേടുന്നത്
ഐ.വൈ.സി.സി
കോൺഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടുപേർ ഇത്തവണ നാട്ടങ്കത്തിന് കളത്തിലുണ്ട്. സൈനുദ്ദീൻ വി.വിയും നബീൽ കുണ്ടനിയും. പ്രവാസ ലോകത്തെ സംഘടനാ മികവും ജനസേവനപരിചയവും മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. തൃശൂർ വരവൂർ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിലാണ് സൈനുദ്ദീൻ മത്സരിക്കുന്നത്. മലപ്പുറം പുറത്തൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് നബീൽ കുണ്ടനി ജനവിധി തേടുന്നത്. പ്രവാസലോകത്ത് യുവജനതയെ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നു നബീലും സൈനുദ്ദീനും. ബഹ്റൈനിലെയും നാട്ടിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യങ്ങളായിരുന്നു ഇരുവരും. ഐ.വൈ.സി.സിയിലൂടെ തങ്ങൾ നേടിയെടുത്ത സംഘടനാപാടവം ഇനി നാട്ടിലെ വികസനത്തിനായി ഉപയോഗിക്കും എന്ന ഉറപ്പോടെയാണ് ഇരുവരും മത്സരിക്കുന്നത്.
പ്രവാസി വെൽഫെയർ
ബഹ്റൈനിലെ പൊതുപ്രവർത്തനരംഗത്ത് പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ജാതി മതി രാഷ്ട്രീയ ഭേദമെന്യേ പ്രവർത്തിക്കുന്ന പ്രവാസി വെൽഫയറിനും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനിക്കാനുണ്ട്. പൊന്നാനി മുനിസിപ്പാലിറ്റി 40 ാം വാർഡിൽ വെൽഫെയർ സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗമായിരുന്ന മാസിദ ഖലീലാണ്. മത്സരിക്കുന്ന ബഹ്റൈൻ പ്രവാസികളിൽ ഏക വനിതയും മാസിദയാണ്.


