ബഹ്റൈനിൽ ബലിപെരുന്നാൾ അവധി ദിനങ്ങളിൽ കടുത്ത ചൂടിന് സാധ്യത; താപനില 44 ഡിഗ്രി വരെ ഉയർന്നേക്കും
text_fieldsമനാമ: ബഹ്‌റൈനിൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതോടെ രാജ്യത്ത് കടുത്ത ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആകാശം പൂർണ്ണമായും മേഘരഹിതമായിരിക്കും. വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി ഉയരുമെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്ന താപനില, വെള്ളിയാഴ്ചയോടെ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 44 ഡിഗ്രി സെൽഷ്യസിൽ എത്തും. രാത്രികാലങ്ങളിൽ താപനില 26 ഡിഗ്രി മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.എന്നാൽ വരാനിരിക്കുന്ന വാരാന്ത്യത്തോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രവചനം.
ഈ ദിവസങ്ങളിൽ ആകാശത്ത് ഭാഗികമായി മേഘങ്ങൾ പ്രത്യക്ഷപ്പെടാനും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും സാധ്യതയുണ്ട്. പെരുന്നാൾ ദിനങ്ങളിലെ കടുത്ത ചൂട് കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.


